

സമുദ്രോത്പന്ന കയറ്റുമതി മേഖലയില്‍ വന്‍ മുന്നേറ്റം ലക്ഷ്യമിട്ട് ഇന്ത്യ ആദ്യമായി മറൈന്‍ എക്സ്പോര്‍ട്ട് സോണുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. പ്രത്യേക സാമ്പത്തിക മേഖല (SEZ) മാതൃകയില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ മത്സ്യകൃഷി മുതല്‍ സംസ്‌കരണം, ശീതശൃംഖല, പാക്കേജിംഗ്, കയറ്റുമതി എന്നിവയെല്ലാം ഏകോപിപ്പിക്കുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തില്‍ തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളില്‍ അഞ്ച് മറൈന്‍ എക്സ്പോര്‍ട്ട് സോണുകള്‍ സ്ഥാപിക്കും. കയറ്റുമതി കേന്ദ്രീകൃത അടിസ്ഥാനസൗകര്യ വികസനത്തിനായി ഏകദേശം 1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള മദ്രാസ് എക്സ്പോര്‍ട്ട് പ്രോസസ്സിംഗ് സോണ്‍ (MEPZ) ആണ് പദ്ധതി നടപ്പാക്കുന്നത്. ഈ മാതൃക വിജയകരമായാല്‍ മറ്റ് തീരസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സമഗ്ര സമുദ്രോത്പന്ന ശൃംഖലയില്‍ ഉള്‍പ്പെടുന്നവ
ഇതിലൂടെ ഉല്‍പ്പാദനം മുതല്‍ കയറ്റുമതി വരെയുള്ള മുഴുവന്‍ മൂല്യശൃംഖലയും ഒരിടത്ത് ലഭ്യമാകുന്നതിനാല്‍ ചെലവ് കുറയുകയും അന്താരാഷ്ട്ര നിലവാരങ്ങള്‍ പാലിക്കാന്‍ എളുപ്പമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.
32,000 കോടി കയറ്റുമതി സാധ്യത
ഈ അഞ്ച് സോണുകളിലൂടെ പ്രതിവര്‍ഷം ഏകദേശം 32,000 കോടിയുടെ കയറ്റുമതി സാധ്യതയും 1.4 ലക്ഷം മുതല്‍ 1.8 ലക്ഷം വരെ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. തിരുവള്ളൂര്‍, വിളുപ്പുറം, തഞ്ചാവൂര്‍, പുതുക്കോട്ടൈ, രാമനാഥപുരം ജില്ലകളിലായി ഏകദേശം 2,500 ഏക്കര്‍ ഭൂമി ഇതിനായി കണ്ടെത്തിയിട്ടുണ്ട്.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 19.72 ലക്ഷം മെട്രിക് ടണ്‍ സമുദ്രോത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. ഇതിന്റെ മൂല്യം 8.5 ബില്യണ്‍ ഡോളര്‍ ആയിരുന്നു. കയറ്റുമതിയുടെ അളവിലും മൂല്യത്തിലും രാജ്യത്തിന്റെ എക്കാലത്തെയും മികച്ച പ്രകടനമാണിത്.
ചെറുകിട കര്‍ഷകര്‍ക്കും നേട്ടം
പുതിയ സോണുകള്‍ നിലവില്‍ വരുന്നതോടെ ചെറുകിട മത്സ്യകര്‍ഷകര്‍ക്കും ആധുനിക സംസ്‌കരണ യൂണിറ്റുകള്‍, കോള്‍ഡ് സ്റ്റോറേജ്, കയറ്റുമതി ശൃംഖല എന്നിവ കുറഞ്ഞ ചെലവില്‍ ഉപയോഗിക്കാന്‍ കഴിയും. ഇതിലൂടെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുകയും പാഴാക്കല്‍, ഗതാഗതച്ചെലവ് എന്നിവ കുറയുകയും ചെയ്യും.
കൂടാതെ അക്വാകള്‍ച്ചര്‍ സാങ്കേതികവിദ്യ, മത്സ്യതീറ്റ ഉല്‍പ്പാദനം, രോഗനിയന്ത്രണം, മൂല്യവര്‍ധിത സമുദ്രോത്പന്ന നിര്‍മ്മാണം എന്നിവയിലേക്കുള്ള സ്വകാര്യ നിക്ഷേപവും വര്‍ധിക്കുമെന്ന് വ്യവസായ വിദഗ്ധര്‍ വിലയിരുത്തുന്നു.
Content Highlights: India is set to launch its first Marine Export Zones in Tamil Nadu, aiming to build an integrated seafood export ecosystem, boost exports, attract investment, and generate up to 1.8 lakh jobs