കാടിന് നടുവില്‍ ബ്രേക്ക് ഡൗണ്‍ ആയി ഗവി പ്രിയദര്‍ശിനി ബസ്; ബസിലുണ്ടായിരുന്നത് എഴുപതോളം യാത്രക്കാര്‍

പത്തനംതിട്ട ഡിപ്പോയില്‍ നിന്നും രാവിലെ ആറരയ്ക്ക് പുറപ്പെട്ട ബസാണ് ബ്രേക്ക് ഡൗണ്‍ ആയത്

കാടിന് നടുവില്‍ ബ്രേക്ക് ഡൗണ്‍ ആയി ഗവി പ്രിയദര്‍ശിനി ബസ്; ബസിലുണ്ടായിരുന്നത് എഴുപതോളം യാത്രക്കാര്‍
dot image

പത്തനംതിട്ട: ഗവിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസ് കാടിന് നടുവില്‍ ബ്രേക്ക് ഡൗണായി. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും രാവിലെ ആറരയ്ക്ക് പുറപ്പെട്ട ബസാണ് ബ്രേക്ക് ഡൗണ്‍ ആയത്. ഗവിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ കാറ്റാടിക്കുന്നിലെത്തിയപ്പോഴായിരുന്നു തകരാറുണ്ടായത്.

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം ബസില്‍ ഉണ്ടായിരുന്ന മെക്കാനിക് ബസിന്റെ സാങ്കേതിക പ്രശ്‌നം പരിഹരിക്കുകയും യാത്ര തുടരുകയുമായിരുന്നു. എയര്‍ ലീക്ക് ആണ് ബസ് ബ്രേക്ക് ഡൗണ്‍ ആകാന്‍ കാരണമെന്നാണ് വിവരം. സംഭവസമയം എഴുപതോളം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. ബസിന്റെ സീറ്റിംഗ് കപ്പാസിറ്റി 35 ആണെന്നിരിക്കെയാണ് ഇത്. ഇന്നുമുതല്‍ ഗവി പ്രിയദര്‍ശിനി ബസില്‍ പരമാവധി യാത്രക്കാരുടെ എണ്ണം 55 ആക്കിയിട്ടുണ്ട്.

യാത്രക്കാരെ കുത്തിനിറച്ചുകൊണ്ടുള്ള ഗവിയിലേക്കുള്ള പ്രിയദര്‍ശിനി ബസിന്റെ യാത്രയില്‍ നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. അപകടകരമായ വളവുകളുള്ള വനപാത ആയതിനാല്‍ അപകടസാധ്യത ഏറെയാണ്. ഭൂരിഭാഗം ഇടങ്ങളിലും വാര്‍ത്താ വിനിമയ സൗകര്യമില്ല. മഴക്കാലം കൂടിയായതിനാല്‍ റോഡുകളും അപകടാവസ്ഥയിലാണെന്നതും ജീവനക്കാരുടെ ആശങ്ക വര്‍ധിപ്പിച്ചിരുന്നു.

പരാതിയുമായി സ്ഥിരം യാത്രക്കാരും രംഗത്തെത്തി. ബസില്‍ കാലുകുത്താന്‍ ഇടമില്ലെന്നാണ് തദ്ദേശ വാസികള്‍ പറഞ്ഞത്. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്ക് ദിനംപ്രതി രണ്ട് ട്രിപ്പുകളാണുള്ളത്. പുലര്‍ച്ചെ അഞ്ചരയ്ക്കും ശേഷം ആറരയ്ക്കുമാണ് ഗവിയിലേക്ക് സര്‍വ്വീസുള്ളത്. ട്രിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും നാട്ടുകാരടക്കം ആവശ്യപ്പെടുന്നുണ്ട്.

Content Highlights: A KSRTC Priyadarshini bus heading to Gavi broke down while travelling through a forest area.

dot image
To advertise here,contact us
dot image