

ഗായിക എസ് ജാനകി വിടവാങ്ങിയിരിക്കുകയാണ്. മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപിടി ഗാനങ്ങൾ നൽകിയ എസ് ജാനകി എന്ന അതുല്യ ഗായികയെ മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല. നമ്മൾ ഓരോ പ്രേക്ഷകരും എത്രയോ തവണ ഏറ്റുപാടിയ ഹിറ്റ് ഗാനങ്ങൾ എസ് ജാനകിയുടേതായിരുന്നു. ഇരുപതിലധികം ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ച സംഗീത പ്രതിഭയാണ് വിടവാങ്ങിയത്.
'ദക്ഷിണേന്ത്യയുടെ വാനമ്പാടി' എന്നായിരുന്നു എസ് ജാനകിയെ വിശേഷിപ്പിച്ചിരുന്നത്. 19-ാം വയസ്സിൽ വിധിയിൻ വിളയാട്ട് (1957) എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജാനകി തന്റെ ഗായിക ജീവിതം ആരംഭിച്ചത്. അതേ വർഷം തന്നെ ആറ് വ്യത്യസ്ത ഭാഷകളിലായി എസ് ജാനകി ഗാനങ്ങൾ റെക്കോർഡ് ചെയ്യുകയും ചെയ്തു. ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ..’ എന്ന ഗാനമാണ് മലയാളത്തിൽ ജാനകി ആദ്യം പാടിയത്.

മാതൃത്വത്തിന്റെ മധുരവും കാമുകിയുടെ വശ്യതയും കുട്ടിയുടെ ലാളിത്യവും ഉൾക്കൊണ്ട് ജാനകിയമ്മ പാടിയപ്പോൾ തലമുറകൾക്കാകെ അത് ജീവരാഗമായി. ഇളയരാജയുടെ സംഗീതത്തിൽ ആ രാത്രി എന്ന സിനിമയിൽ പുറത്തുവന്ന 'കിളിയെ കിളിയെ' എന്ന ഗാനം വർഷങ്ങൾക്കിപ്പുറവും ഓർമിക്കപ്പെടുന്ന ഗാനമായി. ഇന്ന് ലോക എന്ന ചിത്രത്തിൽ ആ ഗാനം വീണ്ടും പുനരാവിഷ്കരിക്കപ്പെട്ടപ്പോൾ ഇന്നും മലയാളികൾ ജാനകിയമ്മയെ ഓർത്തു. ജോൺസൻ മാഷിന്റെ സംഗീതത്തിന്റെ 'മോഹം കൊണ്ടു ഞാൻ ദൂരെയേതോ ഈണം പൂത്ത നാൾമധു തേടിപ്പോയി' എന്ന് എസ് ജാനകി പാടിയപ്പോൾ കേട്ടിരുന്നവരും അത് ഏറ്റുപാടി. എം.എസ് ബാബുരാജിന്റെ ഈണത്തിൽ എത്രയോ മനോഹര ഗാനങ്ങൾ എസ് ജാനകിയുടെ ശബ്ദത്തിൽ പിറന്നു. ‘തളിരിട്ട കിനാക്കൾതൻ’ (മൂടുപടം), ‘അഞ്ജന കണ്ണെഴുതീ’ (തച്ചോളി ഒതേനൻ), ‘സൂര്യകാന്തീ..’ (കാട്ടുപൂവ്), ‘ഒരു കൊച്ചു സ്വപ്നത്തിൻ’ (തറവാട്ടമ്മ), ‘താമര കുമ്പിളിലല്ലോ മമഹൃദയം’ (അന്വേഷിച്ചു കണ്ടെത്തിയില്ല) തുടങ്ങിയ ഗാനങ്ങൾ മലയാളി മനസ്സിൽ നിന്ന് ഒരിക്കലും മായുകയില്ല.
‘ഉണരൂ വേഗം നീ’, ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ’, ‘ഇളം മഞ്ഞിൻ കുളിരുമായി’, ‘ഗോപികേ നിൻ വിരൽ’, ‘നാഥാ നീവരും കാലൊച്ച’, ‘ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ’ തുടങ്ങിയ ഗാനങ്ങൾ ഇന്നും ഏവരും ഏറ്റുപാടുന്നു. നാല് ദേശീയ ചലച്ചിത്ര അവാർഡുകളും 33 വ്യത്യസ്ത സംസ്ഥാന ചലച്ചിത്ര അവാർഡുകളും ജാനകി നേടിയിട്ടുണ്ട്. മൈസൂർ സർവകലാശാലയിൽ നിന്ന് ഓണററി ഡോക്ടറേറ്റ്, തമിഴ്‌നാട് സംസ്ഥാന സർക്കാരിന്റെ കലൈമാമണി അവാർഡ്, കർണാടക സർക്കാരിന്റെ രാജ്യോത്സവ പ്രശസ്തി അവാർഡ് എന്നിവ എസ് ജാനകിയെ തേടി എത്തിയിട്ടുണ്ട്.
Content Highlights: Legendary playback singer S Janaki is being remembered by music lovers after her demise. Known for her soulful voice and countless memorable songs across generations, she left an unforgettable mark on Indian cinema music.