'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാൻ'; ഡോണൾഡ് ട്രംപിൻ്റെ നാവുപിഴ സോഷ്യൽ മീഡിയയിൽ വൈറൽ

ഇറാനുമായുള്ള സംഘർഷം രൂക്ഷമായാൽ അമേരിക്ക സൈനിക നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാൻ';  ഡോണൾഡ് ട്രംപിൻ്റെ നാവുപിഴ സോഷ്യൽ മീഡിയയിൽ വൈറൽ
dot image

അങ്കാറ: നാറ്റോ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സംഭവിച്ച നാവുപിഴ സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാകുന്നു. അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തെ കുറിച്ച് സംസാരിക്കവെ ഇറാന് പകരം ജപ്പാനെ പരാമർശിച്ചതാണ് സോഷ്യൽ മിഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നത്. 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാൻ ഞങ്ങൾക്കെതിരെ 111 മിസൈലുകൾ പ്രയോഗിച്ചു. അവർ ഞങ്ങളുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിനെ ലക്ഷ്യമിട്ടു. ഒരു മണിക്കൂറിലേറെ നീണ്ട ആക്രമണത്തിൽ പ്രയോഗിച്ച എല്ലാ മിസൈലുകളും ഞങ്ങൾ തകർത്തു' എന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇറാനെ ഉദ്ദേശിച്ചുള്ള പരാമർശത്തിൽ 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാൻ' എന്ന് പറഞ്ഞ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇറാൻ മിലിട്ടറി അപ്ഡേറ്റ്സ് എന്ന എക്സ് അക്കൗണ്ട് ട്രംപ് 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാൻ' എന്ന് പറയുന്ന ഭാ​ഗത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ഇറാനുമായുള്ള സംഘർഷം രൂക്ഷമായാൽ അമേരിക്ക സൈനിക നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. 'ഞങ്ങൾ ഇപ്പോൾ പരമാവധി ശക്തിയിൽ ആക്രമണം നടത്തുന്നില്ല. ഏറ്റവും നിർണായകമായ ലക്ഷ്യങ്ങൾ പാലങ്ങളും വൈദ്യുത നിലയങ്ങളുമാണ്. ആവശ്യമെങ്കിൽ അവയും ഞങ്ങൾ തകർക്കും. അങ്ങനെ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ സാഹചര്യം ആവശ്യപ്പെട്ടാൽ അത് ചെയ്യാൻ മടിക്കില്ല' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഇറാൻ ചർച്ചകൾ മനപ്പൂർവം വൈകിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. പേർഷ്യൻ ഉൾക്കടലിലെ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനെയും പ്രസം​ഗത്തിൽ അദ്ദേഹം പരാമർശിച്ചിരുന്നു. 'കഴിഞ്ഞ രാത്രി ഞങ്ങൾ ഖാർഗ് ദ്വീപിനെ ആക്രമിച്ചു. അതിന്റെ ഒരു ഭാഗം പ്രവർത്തനരഹിതമാക്കി. 'എണ്ണ സൗകര്യങ്ങളെ തൊടരുത്' എന്നാണ് ഞാൻ ആദ്യം പറഞ്ഞത്. കാരണം, ഒരുപക്ഷേ ഖാർഗ് ദ്വീപിന്റെ നിയന്ത്രണം ഞങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. അങ്ങനെ സംഭവിച്ചാൽ അതിനെ തടയാൻ അവർക്കൊന്നും കഴിയില്ല. സാധാരണ ഞാൻ ഇത്തരത്തിൽ സംസാരിക്കാറില്ല. പക്ഷേ അവർ അതിന് അർഹരാണ്' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.

ഇറാനുമായുള്ള കരാർ ഇനി പ്രതീക്ഷിക്കേണ്ടെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണയിലെത്താനുള്ള സാധ്യത ഇനി പ്രായോഗികമല്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ആ കരാർ അവസാനിച്ചു. അവരുമായി ചർച്ച നടത്തുന്നത് സമയനഷ്ടം മാത്രമാണ്. ഞങ്ങളുടെ മികച്ച ചർച്ചാ പ്രതിനിധികൾക്ക് വേണമെങ്കിൽ ചർച്ച തുടരാം. പക്ഷേ അതിൽ യാതൊരു പ്രതീക്ഷയും ഞാൻ കാണുന്നില്ല. ആ ആളുകളെ എനിക്ക് ഇഷ്ടമല്ല എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.

ഇതിനിടെ ബുധാനാഴ്ച ഇറാനിൽ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഹോർമുസ് കടലിടുക്കിനോട് ചേർന്നുള്ള ബുഷെഹർ, ചാബഹാർ, ബന്ദർ അബ്ബാസ്, സിറിക്, ജാസ്‌ക്, അബു മൂസ ദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ കേട്ടതായാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. തെക്കുകിഴക്കൻ നഗരമായ കോണറാക്കിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻഷഹറിലെ വിമാനത്താവള സമുച്ചയം ലക്ഷ്യമിട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലും നിർണായക പങ്ക് വഹിക്കുന്ന പ്രദേശമായ സിറികിൽ അമേരിക്ക കനത്ത ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. പ്രധാന തുറമുഖ നഗരമായ ചാബഹാറിൽ തുറമുഖത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ചില സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ ബോംബാക്രമണം നടന്നതായാണ് റിപ്പോർട്ട്. തെക്കുപടിഞ്ഞാറൻ നഗരമായ ബുഷെഹറിലും നിരവധി വ്യോമാക്രമണങ്ങൾ നടന്നതായാണ് റിപ്പോർട്ട്. ഇറാനിലെ പ്രധാന ആണവ നിലയങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന നഗരമാണിത്. എന്നാൽ ആണവ നിലയത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്.

Content Highlights: A verbal slip by Donald Trump, referring to Japan as the "Islamic Republic of Japan," has gone viral across social media, sparking widespread reactions, memes, and political discussions worldwide.

dot image
To advertise here,contact us
dot image