സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥൻ ചുമതലയേറ്റു

ശേഷാദ്രിനാഥൻ്റെ നിയമനവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം കോൺ​ഗ്രസിനുള്ളിൽ തന്നെ ഉയർന്നെങ്കിലും തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുകയായിരുന്നു

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥൻ ചുമതലയേറ്റു
dot image

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ജില്ലാ ജഡ്ജി എൻ ശേഷാദ്രിനാഥൻ ചുമതലയേറ്റു. കേരളത്തിൻ്റെ എട്ടാമത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായാണ് ശേഷാദ്രിനാഥൻ ഇന്ന് ചുമതലയേറ്റെടുത്തത്. വി ഡി സതീശൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയായിരുന്നു ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാൻ ശുപാർശ ചെയ്തത്. ശേഷാദ്രിനാഥൻ്റെ നിയമനവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം കോൺ​ഗ്രസിനുള്ളിൽ തന്നെ ഉയർന്നെങ്കിലും തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുകയായിരുന്നു. ​ഗവണർ രാജേന്ദ്ര കുമാർ ആ‍ർലേക്കറും സർക്കാരിൻ്റെ ശുപാർശയ്ക്ക് അം​ഗീകാരം നൽകിയിരുന്നു.

എറണാകുളം സ്വദേശിയായ എൻ ശേഷാദ്രിനാഥൻ കോഴിക്കോട് ലോ കോളജിൽ നിന്നും നിയമ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം പത്ത് വർഷത്തോളം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. തുടർ‌ന്ന് ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ച അദ്ദേഹം നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ മുൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയായി സേവനം അനുഷ്ഠിച്ചിരുന്നു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, എറണാകുളം സിബിഐ കോടതി ജഡ്ജി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

എൻ ശേഷാദ്രിനാഥൻ്റെ നിയമനത്തിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. ശേഷാദ്രിനാഥന്റെ നിയമനം പുനഃപരിശോധിക്കണമെന്നും തീരുമാനം പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണെന്നുമായിരുന്നു പി എം നിയാസിൻ്റെ ആരോപണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിയാസ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, മുഖ്യമന്ത്രി വി ഡി സതീശൻ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ എന്നിവർക്ക് കത്ത് നൽകിയിരുന്നു. ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച മന്ത്രിസഭായോഗ തീരുമാനം അത്യധികം വേദനയോടെയാണ് അറിഞ്ഞതെന്ന് പി എം നിയാസ് പറഞ്ഞിരുന്നു. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പൂർണ്ണ ചുമതലയുള്ള ജുഡീഷ്യൽ അധികാരങ്ങളുള്ള തസ്തികയാണിത്. കൂടാതെ നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പിലെ ഡീലിമിറ്റേഷൻ കമ്മീഷനിൽ ഒരു സ്ഥിരാംഗം കൂടിയാണ് ഈ തസ്തിക. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതും പാർട്ടിയുടെയും മുന്നണിയുടെയും രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഏറെ വിലകൽപ്പിക്കുന്ന പദവിയുമാണിതെന്ന് നിയാസ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: N. Seshadrinathan has officially assumed charge as the State Election Commissioner. Read about his appointment, responsibilities, and what it means for the state's electoral administration.

dot image
To advertise here,contact us
dot image