'വ്യാജ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തിട്ടുണ്ട്,എല്ലാം ഷെയർ ചെയ്യുന്ന കൂട്ടത്തിൽ പറ്റിപ്പോയി'; ജിതിൻ്റെ ശബ്ദ സന്ദേശം

വ്യാജ സ്ക്രീൻഷോട്ട് പത്ത് പേർക്കെങ്കിലും അയച്ചതിന് തെളിവുണ്ടോ എന്ന് വെല്ലുവിളിച്ച് ജിതിൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു

'വ്യാജ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തിട്ടുണ്ട്,എല്ലാം ഷെയർ ചെയ്യുന്ന കൂട്ടത്തിൽ പറ്റിപ്പോയി'; ജിതിൻ്റെ ശബ്ദ സന്ദേശം
dot image

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ശബ്ദ സന്ദേശം പുറത്ത്. വ്യാജ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തിട്ടുണ്ടെന്ന് ജിതിന്‍ സമ്മതിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. അന്വേഷണ സംഘത്തിൻ്റെ ചോദ്യം ചെയ്യലിനിടെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത കാര്യം പറഞ്ഞിരുന്നു. സാധാരണ എല്ലാം ഷെയര്‍ ചെയ്യുന്നതാണ്. അങ്ങനെ ഷെയര്‍ ചെയ്തപ്പോള്‍ പറ്റിപ്പോയതാണെന്നും ജിതിന്‍ ഭാസ്‌കര്‍ പറയുന്നു. താന്‍ കൊടുത്ത മൊഴി പുറത്തുവിടണമെന്നും ജിതിന്‍ ഭാസ്‌കര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് ജിതിന്‍ ഭാസ്‌കര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജിതിന്‍ ഭാസ്‌കറിന്റെ വാട്‌സ്ആപ്പ് ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുന്നത്.

തിങ്കളാഴ്ച ഫേസ്ബുക്കിലൂടെയായിരുന്നു ജിതിന്‍ ഭാസ്‌കറിന്റെ വെല്ലുവിളി. സ്‌ക്രീന്‍ഷോട്ട് പത്ത് പേര്‍ക്കെങ്കിലും അയച്ച് നല്‍കിയത് തെളിയിക്കാനാകുമോ എന്നായിരുന്നു വെല്ലുവിളി. തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിലൂടെയാണ് എല്‍ഡിഎഫിന് വേണ്ടി പ്രചാരണം നടത്തിയിരുന്നത്. ഇതില്‍ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെ 250 ഓളം പേരുണ്ട്. താന്‍ 200 പേര്‍ക്ക് സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തു എന്നാണല്ലോ പറയുന്നത്. എന്നാല്‍ പത്ത് പേര്‍ക്കെങ്കിലും അയച്ചതിന് തെളിവ് തരാമോ എന്നാണ് ജിതിന്‍ ചോദിച്ചത്. ഇത് കാണിക്കാന്‍ കഴിഞ്ഞാല്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ താനാണെന്ന് ഉറപ്പിച്ചോളൂ എന്നും ജിതിന്‍ പറഞ്ഞിരുന്നു. കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷമുള്ള ജിതിന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നായിരുന്നു ജിതിന്‍ ഭാസ്‌കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍ റീസെറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതിനാല്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംസ്ഥാന ഫോറന്‍സിക് വിഭാഗത്തിന് ഫോണ്‍ അയക്കണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ചാനലിന് ലഭിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള നീക്കം അറസ്റ്റിലായ ജിതിന്‍ ഭാസ്‌കറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും ജിതിന്‍ ഭാസ്‌കറോ ജിതിന്റെ സഹായിയോ ആകാം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ആരോപണവിധേയനായ ഡിവൈഎഫ്‌ഐ മുന്‍ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസില്‍ പ്രതിചേര്‍ക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ റിബേഷിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ നിലപാട് നിര്‍ണായകമായിരിക്കും.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം. വോട്ടര്‍മാര്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് നിര്‍മ്മിച്ച വ്യാജ സന്ദേശം ആദ്യം പങ്കുവെച്ചത് ഇടത് അനുകൂല സോഷ്യല്‍ മീഡിയ പേജുകളിലും ഗ്രൂപ്പുകളിലുമാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights- A voice message attributed to Jithin Bhaskar has emerged in which he states that a fake screenshot was shared unintentionally while forwarding multiple messages.

dot image
To advertise here,contact us
dot image