'സാമ്പത്തികബുദ്ധിമുട്ടും അനാരോഗ്യവും';കുഞ്ഞിനെ തട്ടുകടയ്ക്ക് സമീപം ഉപേക്ഷിച്ച് അമ്മ,ഏറ്റെടുത്ത് ശിശുക്ഷേമസമിതി

കുഞ്ഞിനെ കണ്ടെത്തിയതിന് പിന്നാലെ യുവാവിനെ വിളിച്ച് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തായത്

'സാമ്പത്തികബുദ്ധിമുട്ടും അനാരോഗ്യവും';കുഞ്ഞിനെ തട്ടുകടയ്ക്ക് സമീപം ഉപേക്ഷിച്ച് അമ്മ,ഏറ്റെടുത്ത് ശിശുക്ഷേമസമിതി
dot image

കൊച്ചി: കൊച്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി. കൊച്ചി കുണ്ടന്നൂരില്‍ തട്ടുകടയ്ക്ക് സമീപം വഴിയരികിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അരൂര്‍-ഇടപ്പള്ളി ദേശീയപാതയില്‍ ഫോറം മാളിന് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അമ്മ ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് തന്നെയാണ് വിവരം പൊലീസില്‍ വിളിച്ച് അറിയിച്ചത്. എറണാകുളത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുംവഴി ചായകുടിക്കാന്‍ കയറിയപ്പോള്‍ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി എന്നായിരുന്നു ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്. കരച്ചില്‍ കേട്ട് പരിശോധിച്ചപ്പോള്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കാണുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. കുഞ്ഞിനെ കണ്ടെത്തിയതിന് പിന്നാലെ യുവാവിനെ വിളിച്ച് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തായത്.

തുടര്‍ന്ന് കുഞ്ഞിന്റെ അമ്മയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടും അനാരോഗ്യവും മൂലമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ യുവതി പൊലീസിനോട് പറഞ്ഞത്. സ്‌റ്റേഷന്‍ ജാമ്യത്തില്‍ ഇരുവരെയും പിന്നീട് വിട്ടയച്ചു.

കണ്ടെത്തിയ ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. പൊക്കിള്‍ക്കൊടിയില്‍ ചെറിയ അണുബാധയുണ്ടായിരുന്നു. ഇത് ചികിത്സിച്ച് ബേധമാക്കിയിട്ടുണ്ട്. പൂര്‍ണ ആരോഗ്യവാനായ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു. പത്ത് ദിവസം പ്രായമായ കുഞ്ഞിന് കിയാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

Content Highlights: The Child Welfare Committee has taken custody of a newborn found abandoned, ensuring the infant receives immediate care and protection.

dot image
To advertise here,contact us
dot image