കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പത്ത് പേര്‍ക്കെങ്കിലും അയച്ചതിന് തെളിവുണ്ടോ? വെല്ലുവിളിയുമായി ജിതിന്‍ ഭാസ്‌കർ

പാര്‍ട്ടി നേതൃത്വം പറഞ്ഞത് കൊണ്ടാണ് കൂടുതല്‍ പ്രതികരിക്കാത്തതെന്നും ജിതിന്‍ പറയുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പത്ത് പേര്‍ക്കെങ്കിലും അയച്ചതിന് തെളിവുണ്ടോ? വെല്ലുവിളിയുമായി ജിതിന്‍ ഭാസ്‌കർ
dot image

കണ്ണൂര്‍: ഫേസ്ബുക്കിലൂടെ വെല്ലുവിളിയുമായി കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍. പത്ത് പേര്‍ക്കെങ്കിലും സ്‌ക്രീന്‍ഷോട്ട് അയച്ച് നല്‍കിയെന്ന് തെളിയിക്കാനാകുമോ എന്നാണ് വെല്ലുവിളി. പാര്‍ട്ടി നേതൃത്വം പറഞ്ഞത് കൊണ്ടാണ് കൂടുതല്‍ പ്രതികരിക്കാത്തതെന്നും ജിതിന്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് ജിതിന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.

തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിലൂടെയാണ് എല്‍ഡിഎഫിന് വേണ്ടി പ്രചരണം നടത്തിയിരുന്നത്. ഇതില്‍ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പടെ 250ഓളം പേരുണ്ട്. താന്‍ 200 പേര്‍ക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു എന്നാണല്ലോ പറയുന്നത്. എന്നാല്‍ താന്‍ 10 പേര്‍ക്കെങ്കിലും കാഫിര്‍ സ്‌ക്രീന്‍ഷോട്ട് അയച്ചതിന് തെളിവ് തരാനാകുമോ എന്നാണ് ജിതിന്‍ ഭാസ്‌കറിന്റെ വെല്ലുവിളി. ഇത് കാണിക്കാനായാല്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ താനാണെന്ന് ഉറപ്പിച്ചോളൂ എന്നും ജിതിന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമുള്ള ജിതിന്‍ ഭാസ്‌കറിന്റെ ആദ്യ പ്രതികരണമാണ് ഇത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോള്‍ സിപിഐഎം നേതൃത്വം ജയിലിന് പുറത്ത് ജിതിന് സ്വീകരണമൊരുക്കിയത് നേരത്തെ വിവാദമായിരുന്നു.

അതിനിടെ, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം. വ്യാജപരാതി നല്‍കി കേസില്‍ പ്രതി ചേര്‍ത്തു എന്നാരോപിച്ച് കോടതിയെ സമീപിക്കാനാണ് നീക്കം. കേസില്‍ തന്നെ രണ്ട് വര്‍ഷം വേട്ടയാടിയെന്ന് മുഹമ്മദ് കാസിം ആരോപിച്ചു. എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ ആദ്യം കേസ് എടുത്തത് കാസിമിന് എതിരെ ആയിരുന്നു. എന്നാല്‍ അന്വഷണത്തില്‍ കാസിം അല്ല സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് എസ്ഐടി അന്വേഷണം വന്നപ്പോള്‍ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നാണ് ജിതിന്‍ ഭാസ്‌കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. മൊബൈല്‍ ഫോണ്‍ റീസെറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതിനാല്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംസ്ഥാന ഫോറന്‍സിക്ക് വിഭാഗത്തിന് ഫോണ്‍ അയക്കണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ചാനലിന് ലഭിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള നീക്കം അറസ്റ്റിലായ ജിതിന്‍ ഭാസ്‌കറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും ജിതിന്‍ ഭാസ്‌കറോ ജിതിന്റെ സഹായിയോ ആകാം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

Content Highlights: Jithin Bhaskar has questioned the evidence behind allegations that the 'Kafir' screenshot was shared with multiple individuals. His challenge has brought renewed attention to the ongoing investigation and the claims surrounding the case.

dot image
To advertise here,contact us
dot image