

കോഴിക്കോട്: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് പിന്തുണയുമായി റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍. ഓഹരി കൈമാറ്റം സര്‍ക്കാരിന്റെ മുന്നില്‍ വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ആധികാരികമായി പറഞ്ഞതാണെന്ന് അനില്‍കുമാര്‍ പറഞ്ഞു. വളരെ വ്യക്തമായി മുഖ്യമന്ത്രി നിയമസഭയില്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല. അങ്ങനെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ അറിഞ്ഞ് മാത്രമേ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. സര്‍ക്കാരിന്റെ നിലപാടാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇനി ഓരോ മന്ത്രിമാരും അതില്‍ പ്രതികരിക്കേണ്ട കാര്യമില്ല. വിഷയം ഇനി ചര്‍ച്ച ചെയ്യേണ്ടതാണ് എന്ന് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
കെപിസിസി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് മന്ത്രി ആയതുകൊണ്ട് ഒരു പുനഃസംഘടനയെക്കുറിച്ച് സ്വാഭാവികമായും ഹൈക്കമാന്‍ഡ് ആലോചിച്ചേക്കുമെന്ന് അനില്‍കുമാര്‍ പറഞ്ഞു. പുതിയ പ്രസിഡന്റ് വരാനുള്ള സാധ്യതയാണ് കൂടുതലുള്ളത്. കെപിസിസിയുടെ പ്രസിഡന്റ് പദവി പൂര്‍ണമായും തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണ്. ഹൈക്കമാന്‍ഡ് എന്ത് തീരുമാനിച്ചാലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അത് അംഗീകരിക്കും. യുഡിഎഫ് സര്‍ക്കാരില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. കോണ്‍ഗ്രസ് പാര്‍ട്ടി, യുഡിഎഫിലെ മറ്റു ഘടകകക്ഷികള്‍ അടക്കം എല്ലാവരും ഒറ്റക്കെട്ടായി ഈ സര്‍ക്കാരിന്റെ ഭാഗമാണ്. ബാക്കി എല്ലാം മാധ്യമങ്ങളുടെ പ്രചാരണമാണെന്നും മന്ത്രി പറഞ്ഞു. പിഎം ശ്രീയിലും മദ്യനയത്തിലും പാര്‍ട്ടിയും മുന്നണിയും ആലോചിച്ചേ തീരുമാനം എടുക്കൂ എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. പിഎം ശ്രീ ഉപസമിതി റിപ്പോര്‍ട്ട് വന്നതിനുശേഷം നടപടിയുമായി മുന്നോട്ട് പോകും. പിഎം ശ്രീയിലും മദ്യനയത്തിലും സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്. കെപിസിസി യോഗവും യുഡിഎഫ് യോഗവുമെല്ലാം നടക്കേണ്ട സമയത്ത് നടക്കുമെന്നും മന്ത്രി പറഞ്ഞു.
വയനാട് ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തീകരിച്ച് നല്‍കുമെന്നും മന്ത്രി പറഞ്ഞു. 177 വീടുകളില്‍ ആളുകള്‍ താമസം തുടങ്ങി. ബാക്കി വീടുകളുടെ പ്രവര്‍ത്തി ഡിസംബറിന് മുന്‍പ് പൂര്‍ത്തീകരിക്കും എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ തുടര്‍ച്ചയാണ് നടക്കുന്നത്. പരമാവധി വേഗത്തിലാക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ട്. ടൗണ്‍ഷിപ്പില്‍ ഊരാളുങ്കല്‍ തന്നെ തുടര്‍ നിര്‍മാണ പ്രവൃത്തികള്‍ ചെയ്യും. പാതിവഴിയില്‍ അവരെ മാറ്റാനാവില്ല. അവര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. അക്കാര്യത്തില്‍ മറ്റ് മാര്‍ഗങ്ങളില്ല. എത്രയും വേഗം പൂര്‍ത്തീകരിക്കുക എന്നതാണ് പ്രധാനം. ബാക്കിയുള്ളത് പൂര്‍ത്തീകരിക്കുന്നതില്‍ വീഴ്ച്ച വരുത്താന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും എ പി അനില്‍കുമാര്‍ വ്യക്തമാക്കി.
Content Highlights- Minister A. P. Anilkumar backed V. D. Satheesan, stating that the Chief Minister's assertion that the Vizhinjam share transfer issue had not come before the government should be treated as an authoritative statement.