സീനിയർ ഗവ. പ്ലീഡര്‍ അഡ്വ. M V വിപിന്‍ രാജിവെച്ചു; UDF സര്‍ക്കാർ വന്നതിന്ശേഷമുള്ള ഹൈക്കോടതിയിലെ രണ്ടാമത്തെ രാജി

എം വി വിപിന് സിപിഐഎം ബന്ധം ഉണ്ടെന്ന് ചൂണ്ടികാട്ടി ലോയേഴ്സ് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു

സീനിയർ ഗവ. പ്ലീഡര്‍ അഡ്വ. M V വിപിന്‍ രാജിവെച്ചു; UDF സര്‍ക്കാർ വന്നതിന്ശേഷമുള്ള ഹൈക്കോടതിയിലെ രണ്ടാമത്തെ രാജി
dot image

കൊച്ചി: അഡ്വക്കേറ്റ് ജനറലിന്‍റെ ഓഫീസിൽ ചുമതലയുള്ള സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. എം വി വിപിന്‍ രാജിവെച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാജി. എം വി വിപിന് സിപിഐഎം ബന്ധം ഉണ്ടെന്ന് ചൂണ്ടികാട്ടി ലോയേഴ്സ് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് രാജി.

രാജി നിയമവകുപ്പ് അംഗീകരിച്ചു. കളമശ്ശേരിയിലെ പി രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എം വി വിപിന്‍ പങ്കെടുത്തിരുന്നുവെന്ന ആക്ഷേപമാണ് ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രധാനമായും ഉയര്‍ത്തിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഹൈക്കോടതിയിലെ രണ്ടാമത്തെ രാജിയാണിത്.

അതിനിടെ സീനിയര്‍ ജി പിയായി നിയമിച്ച പി ദീപ്തിയും സ്‌പെഷ്യല്‍ ജി പിയായി നിയമിച്ച ജോണ്‍ വര്‍ഗീസും ചുമതലയേറ്റെടുത്തില്ല. പി ദീപ്തിയുടെ സിപിഐ ബന്ധം വിവാദമായിരുന്നു.

നേരത്തെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിതനായ കെ ബി പ്രദീപ് രാജിവെച്ചിരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത് വിവാദമായതോടെ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു. പ്രദീപിന്റെ രാഷ്ട്രീയ പശ്ചാത്തലം പോലും പരിശോധിക്കാതെയായിരുന്നു നിയമനം എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഹൈക്കോടതി അഭിഭാഷക നിയമനത്തില്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരെ നിയമിക്കുന്നതായി കെപിസിസി അധ്യക്ഷന് ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പരാതി നല്‍കുകയുമുണ്ടായി. ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പി കെ അബ്ദുറഹ്മാന്‍ ആണ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് അഭിഭാഷകര്‍ക്ക് പരിഗണന നല്‍കുന്നില്ലെന്നായിരുന്നു പരാതി. വ്യക്തിപരമായ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമനങ്ങളെന്നും പരാതി ഉയര്‍ന്നിരുന്നു. ലോയേഴ്‌സ് കോണ്‍ഗ്രസിലെ അംഗങ്ങളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Advocate General's Office Senior Government Pleader M V Vipin Resigned

dot image
To advertise here,contact us
dot image