'മുതലപ്പൊഴിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ രക്തസാക്ഷിത്വം ഓർക്കണം'; വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ദീപിക മുഖപ്രസംഗം

'സര്‍ക്കാരും പ്രതിപക്ഷവും നടത്തുന്ന വാക്‌പോരിന്റെ തിരസ്‌കരണിയില്‍ കേരളത്തിൻ്റെ താല്‍പ്പര്യം ഒളിച്ചുകടത്തരുത്'

'മുതലപ്പൊഴിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ രക്തസാക്ഷിത്വം ഓർക്കണം'; വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ദീപിക മുഖപ്രസംഗം
dot image

കോട്ടയം: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തില്‍ വിമര്‍ശനവുമായി ദീപികയിൽ മുഖപ്രസംഗം. മത്സ്യത്തൊഴിലാളികളുടെ ത്യാഗത്തിന്റെ ഫലമാണ് തുറമുഖമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. കോര്‍പ്പറേറ്റ്-സര്‍ക്കാര്‍ വടംവലി എന്ന നിലയില്‍ കണ്ടുരസിക്കാനുള്ള മത്സരമല്ല ഇത്. കടലും തീരവും തീരദേശത്തെ ജനങ്ങളും ചേര്‍ന്നൊരു ആവാസവ്യവസ്ഥയുണ്ട്. തുറമുഖം ഉയരുന്നതിനിടയില്‍ ബലിയാടായ മനുഷ്യജീവിതങ്ങളും ജൈവതുലനവുമുണ്ട്. അത് മറന്നുകൊണ്ടാകരുത് നിലപാടുകളെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

സങ്കുചിത രാഷ്ട്രീയവും കോര്‍പ്പറേറ്റ് സ്വാധീനവും മാറ്റിവെച്ച് കേരളത്തിന്റെ വികസനവും തീരദേശ ജനതയുടെ നിലനില്‍പ്പും മുന്‍നിര്‍ത്തിയാകണം പരിശോധനകളും വിചിന്തനങ്ങളും. സര്‍ക്കാരും പ്രതിപക്ഷവും നടത്തുന്ന വാക്‌പോരിന്റെ തിരസ്‌കരണിയില്‍ കേരളത്തിൻ്റെ താല്‍പ്പര്യം ഒളിച്ചുകടത്തരുത്. ഇരുകൂട്ടരും ഒത്തുകളിച്ച് അദാനിക്കും സംഘത്തിനും നേട്ടമുണ്ടാക്കിക്കൊടുക്കരുത്. വളഞ്ഞ വഴിയിലൂടെ വിദേശക്കമ്പനി നീരാളിയാകുന്നത് അനുവദിക്കരുത്. തുറമുഖത്തിന്റെ കുത്തകവത്ക്കരണം കേരളത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമാണെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഡ്രഡ്ജിംഗും തുറമുഖനിര്‍മ്മാണവും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിച്ചു. മാസങ്ങളോളം അവര്‍ സമരം ചെയ്തു. അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണം മൂലം മുതലപ്പൊഴി അഴിമുഖത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ രക്താക്ഷിത്വം ഇതോടൊപ്പം ചേര്‍ത്തുവെയ്ക്കണം. എണ്‍പതോളം കുടുംബങ്ങളുടെ കണ്ണീരിന്റെ ചൂട് ഏത് അധികാരസ്ഥാനത്തെയും പൊള്ളിച്ചെന്നിരിക്കുമെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് ആരും എതിരല്ല. സ്വാഭാവിക ആഴമുള്ള തുറമുഖം എന്നത് വിഴിഞ്ഞത്തിന്റെ സവിശേഷതയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെയും അദാനി കമ്പനിയുടെയും പ്രധാന ഇടപാടുകാരായ എംഎസ്‌സി കമ്പനിക്ക് രാജ്യാന്തരതലത്തിലുള്ള പല ചീത്തപ്പേരും തീരുമാനങ്ങളെടുക്കുന്നവര്‍ക്ക് ഓര്‍മയുണ്ടാകണം. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒന്നിലധികം രാജ്യങ്ങളുടെ നിയമസംവിധാനങ്ങള്‍ എംഎസ്‌സിയുടെ കപ്പലുകളെ നിരീക്ഷിക്കുന്നതായി ബ്ലൂംബെര്‍ഗ് ബിസിനസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഗൂഢമാണെന്നും സുതാര്യമല്ലെന്നും ഇതേ റിപ്പോര്‍ട്ടിലുണ്ട്. എംഎസ്‌സി എല്‍സ 3 കപ്പല്‍ മുങ്ങിയത് നമ്മുടെ മുന്നിലുണ്ട്. കപ്പലിലെ കണ്ടെയ്‌നറുകള്‍ കടലില്‍ വീണതിനെ തുടര്‍ന്നുണ്ടായ പരിസ്ഥിതി ദുരന്തം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത് കാലങ്ങളോളം നിലനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത് സംബന്ധിച്ച പഠനങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. ആരുടെയൊക്കെയോ സഹായത്തോടെ എംഎസ്‌സി കമ്പനി ഇതെല്ലാം തരണം ചെയ്തതും ആപത് സൂചനയായിത്തന്നെ കാണണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. വികസനവും വിദേശനിക്ഷേപവും നല്ലതാണ്. എന്നാല്‍ ഭൂമിയും വിഭവങ്ങളും പാവപ്പെട്ട മനുഷ്യരുടേതാണ്, ജനങ്ങളെ വിഡ്ഢികളാക്കിയുണ്ടാക്കുന്ന നേട്ടമല്ല പ്രധാനമെന്നും മുഖപ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- Deepika's editorial stated that the sacrifice of those who lost their lives at Muthalapozhi should be remembered during discussions on the Vizhinjam Port share transfer.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us