'ശ്വേതാ മേനോൻ നേതൃത്വത്തിൽ കുറുക്കുവഴിയിലൂടെ എത്തിയ ആൾ'; രൂക്ഷ വിമർശനവുമായി എഎംഎംഎയിലെ ഒരു വിഭാഗം അംഗങ്ങൾ

'അദാനിയുടെ പതിനഞ്ച് കോടി രൂപ അമ്മയ്ക്ക് കിട്ടാനിരിക്കുകയാണെന്ന് ബിജെപി നേതാവായ പത്മജ എസ് മേനോന്‍ പറഞ്ഞു. ശ്വേത ഇടപെട്ട് പണം കിട്ടുമെന്നാണ് അവര്‍ പറഞ്ഞത്'

'ശ്വേതാ മേനോൻ നേതൃത്വത്തിൽ കുറുക്കുവഴിയിലൂടെ എത്തിയ ആൾ'; രൂക്ഷ വിമർശനവുമായി എഎംഎംഎയിലെ ഒരു വിഭാഗം അംഗങ്ങൾ
dot image

കൊച്ചി: താരസംഘടന എഎംഎംഎയിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടിമാരുടെ വാര്‍ത്താസമ്മേളനം. നടിമാരായ ഉഷ ഹസീന, അന്‍സിബ, മാലാ പാര്‍വതി, മായാ വിശ്വനാഥ് എന്നിവരാണ് സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയത്. സ്ത്രീകള്‍ നേതൃനിരയില്‍ വരാന്‍ പോരാടിയവരാണ് തങ്ങളെന്ന് ഉഷ ഹസീന പറഞ്ഞു. തങ്ങള്‍ നാല് പേരും വ്യക്തിഹത്യയ്ക്ക് വിധേയരായി. നേതൃത്വത്തില്‍ കുറുക്കുവഴിയിലൂടെ എത്തിയ ആളാണ് ശ്വേതാ മേനോന്‍. അവരെ പക്ഷേ എല്ലാവരും അംഗീകരിച്ചു. നേതൃനിരയില്‍ അധികാരമോഹവും ഈഗോക്ലാഷുമാണെന്നും ഉഷ ഹസീന പറഞ്ഞു.

അന്‍സിബയെ തുടക്കം മുതല്‍ ഒറ്റപ്പെടുത്തിയെന്നും ഉഷ ഹസീന പറഞ്ഞു. എങ്ങനെയൊക്കെ അപമാനിക്കാമെന്ന ആലോചന നടത്തി പ്രവര്‍ത്തിച്ചു. അനൂപ് ചന്ദ്രന്‍ അന്‍സിബയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ തയ്യാറാക്കി. ഇതേപ്പറ്റി ശ്വേതയോട് പറഞ്ഞപ്പോള്‍ നന്നായിപ്പോയി എന്നാണ് പറഞ്ഞതെന്നും ഉഷ ഹസീന പറഞ്ഞു. രമേഷ് പിഷാരടിയും ശ്വേതയും തമ്മിലുള്ള സംഭാഷണം പുറത്തുവിട്ടതിലും ഉഷ പ്രതികരിച്ചു. സ്വകാര്യ സംഭാഷണം പുറത്തുവിട്ടത് ക്രൈമാണ്. ശ്വേത പറയുന്ന പല ഭാഗങ്ങളും മ്യൂട്ട് ചെയ്താണ് പുറത്തുവിട്ടതെന്നും ഉഷ പറഞ്ഞു.

മോഹന്‍ലാല്‍ പ്രസിഡന്റായ കമ്മിറ്റി അഡ്‌ഹോക് കമ്മിറ്റിയായി പ്രവര്‍ത്തിച്ചുവെന്നും ജനറല്‍ ബോഡി ചേരാനുള്ള പ്രതിസന്ധി പരിഗണിച്ചാണ് അന്ന് അങ്ങനെ തീരുമാനിച്ചതെന്നും അന്‍സിബയും പറഞ്ഞു. ആ കമ്മിറ്റി സാമ്പത്തിക ആരോപണം നേരിട്ടിരുന്നില്ല. സാമ്പത്തിക ആരോപണം നേരിടുന്നവരെ എങ്ങനെ തുടരാന്‍ അനുവദിക്കുമെന്ന് അന്‍സിബ ചോദിച്ചു.

ഇതിന് പിന്നാലെ വീണ്ടും ഉഷ ഹസീന പ്രതികരിച്ചു. ജനറല്‍ ബോഡിയില്‍ ശ്വേത വന്നപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ അവര്‍ അഭിനയിക്കുകയായിരുന്നുവെന്നും ഉഷ ഹസീന വിമര്‍ശിച്ചു. ജനറല്‍ ബോഡിയില്‍ ചോദ്യങ്ങള്‍ക്ക് മുപടി പറഞ്ഞില്ല. മറുപടിക്ക് അവസരം നല്‍കാതിരിക്കാന്‍ ശ്രമിച്ചു. ചോദ്യങ്ങളോട് ശ്വേത ക്ഷോഭിച്ചു. അത് തങ്ങളില്‍ സംശയമുണ്ടാക്കിയെന്നും ഉഷ ഹസീന പറഞ്ഞു. ബിജെപിയില്‍ നിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്നാണ് ബാബുരാജ് പറഞ്ഞത്. അംഗങ്ങളെ സ്ഥാനാര്‍ത്ഥികളായി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി. ഈ ആരോപണം തെറ്റായിരുന്നെങ്കില്‍ അവര്‍ക്ക് അവിടെ മറുപടി പറയാമായിരുന്നു. ശ്വേതയ്ക്ക് ദുരുദ്ദേശമാണ്. അന്‍സിബക്കെതിരെ അവര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഉഷ ഹസീന പറഞ്ഞു.

അദാനിയുടെ പതിനഞ്ച് കോടി രൂപ അമ്മയ്ക്ക് കിട്ടാനിരിക്കുകയാണെന്ന് ബിജെപി നേതാവായ പത്മജ എസ് മേനോന്‍ പറഞ്ഞു. ശ്വേത ഇടപെട്ട് പണം കിട്ടുമെന്നാണ് അവര്‍ പറഞ്ഞത്. കോര്‍പ്പറേറ്റുകളുടെ പതിനഞ്ച് കോടി അമ്മയ്ക്ക് വേണ്ട. അമ്മയില്‍ അംഗമല്ലാത്ത ബിജെപി നേതാവ് ഇക്കാര്യം എങ്ങനെ പറയുന്നുവെന്നും മാല പാര്‍വതി ചോദിച്ചു. നാല് പേരെ മതം മാറ്റാന്‍ അന്‍സിബ ശ്രമിച്ചു എന്ന് ശ്വേത പറഞ്ഞു. താന്‍ പുറത്ത് പറയുമെന്ന് പറഞ്ഞപ്പോള്‍ സിനിമയില്‍ നിന്ന് പുറത്താക്കുമെന്ന് ശ്വേത പറഞ്ഞു. കലാകാരന്മാര്‍ക്കിടയില്‍ ധ്രുവീകരണം നടത്തുന്നവര്‍ അല്ല ഭരിക്കേണ്ടത്. ജനറല്‍ ബോഡിയില്‍ ചോദ്യങ്ങള്‍ വന്നപ്പോള്‍ അവര്‍ ഇറങ്ങിയോടി. രാഷ്ട്രീയത്തോട് അയിത്തമില്ല. എന്നാല്‍ വര്‍ഗീയവല്‍ക്കരണം ശരിയല്ല. വര്‍ഗീയവല്‍ക്കരണ ശ്രമങ്ങളെ മുളയിലേ നുള്ളാന്‍ ശ്രമിച്ചു. പിഷാരടി എല്ലാവരെയും ഉള്‍ക്കൊള്ളുന്നയാളാണെന്നും മാലാ പാര്‍വതി പറഞ്ഞു.

ദല്ലാള്‍ നന്ദകുമാറുമായുള്ള കരാറുമായി ബന്ധപ്പെട്ട് അന്‍സിബ പ്രതികരിച്ചു. ഒരു കോടി നല്‍കുമെന്നായിരുന്നു ആദ്യം പറഞ്ഞതെന്ന് അന്‍സിബ പറഞ്ഞു. കരാറായപ്പോള്‍ 75 ലക്ഷമായി. 25 ലക്ഷം എവിടെപ്പോയി എന്ന് അറിയില്ലെന്നും അന്‍സിബ പറഞ്ഞു. താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ചിരുന്നു. എന്നിട്ടും എഫ്‌ഐആര്‍ ഇടാന്‍ പൊലീസ് തയ്യാറായില്ലെന്നും അന്‍സിബ പറഞ്ഞു. ഓപ്പറേഷന്‍ തൂഫാനൊപ്പം ഇക്കാര്യവും ആഭ്യന്തരമന്ത്രി ശ്രദ്ധിക്കണം. ആഭ്യന്തരമന്ത്രി അന്വേഷിക്കണം. ആഭ്യന്തരമന്ത്രി വിളിച്ചുപറഞ്ഞാല്‍ കേള്‍ക്കാത്ത പൊലീസ് ആണോ ഇവിടെയുള്ളത് എന്നതില്‍ അത്ഭുതമാണ്. പരാതികളില്‍ നടപടിയെടുക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും അന്‍സിബ പറഞ്ഞു. ആരോപണ വിധേയരെ സംരക്ഷിക്കാനാണോ പൊലീസ് സ്റ്റേഷനെന്നും അന്‍സിബ ചോദിച്ചു. കോടതിയില്‍ നിന്ന് മാത്രമാണ് നീതി കിട്ടുന്നതെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.

Content Highlights- A section of AMMA members has levelled strong criticism against Shweta Menon, alleging that she reached a leadership position through unfair means

dot image
To advertise here,contact us
dot image