

തിരുവനന്തപുരം: പൈക്ക (പഞ്ചായത്ത് യുവ ക്രീഡ ഓര്‍ ഖേല്‍ അഭിയാന്‍) പദ്ധതി ഫണ്ട് തട്ടിപ്പില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് വകുപ്പിന് ബോധ്യപ്പെട്ടെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൈക്ക കോര്‍ഡിനേറ്റര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നെന്നും ജനീഷ് പറഞ്ഞു. 2025 ജൂണ്‍ 11-ന് പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എംഎല്‍എമാരായ കെ പി നൗഷാദ് അലി, സജീവ് ജോസഫ്, കെ ജയന്ത്, വി എസ് ജോയ് എന്നിവര്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഒ ജെ ജനീഷ് ഇക്കാര്യം പറഞ്ഞത്.
കേന്ദ്ര സര്‍ക്കാരിന്റെ പഞ്ചായത്ത് യുവക്രീഡ ഓര്‍ ഖേല്‍ അഭിയാന്‍ പദ്ധതിക്കായി അനുവദിച്ച തുകയില്‍ 11.91 കോടി രൂപ തട്ടിയെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. വിവരാവകാശ അപേക്ഷയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് മറുപടി ലഭിച്ചതോടെയാണ് തട്ടിപ്പുവിവരം പുറത്തായത്. പദ്ധതി വഴി കേരളത്തിന് അനുവദിച്ച 36.37 കോടി രൂപയില്‍ 23.88 കോടി രൂപയാണ് വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ വഴി ചെലവഴിച്ചത്. 2014-ല്‍ പൈക്ക പദ്ധതി നിര്‍ത്തലാക്കിയപ്പോള്‍ 48.29 ലക്ഷം രൂപ കേന്ദ്രത്തില്‍ തിരിച്ചടച്ചു എന്നും 8.97 ലക്ഷം രൂപ പൈക്കയുടെ ബാങ്ക് അക്കൗണ്ടില്‍ ബാക്കിയുണ്ടെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കിയ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് അവശേഷിക്കുന്ന 11.91 കോടി എവിടെപ്പോയി എന്ന് കണ്ടെത്താനായിട്ടില്ല.
സംഭവത്തില്‍ മന്ത്രി ഒ ജെ ജനീഷ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കായികവകുപ്പ് സെക്രട്ടറിയെയാണ് മന്ത്രി ചുമതലപ്പെടുത്തിയത്. കോടികള്‍ കാണാതായ സംഭവത്തില്‍ പൈക്കയുടെ മുന്‍ കോര്‍ഡിനേറ്ററും നിലവിലെ കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ എം ആര്‍ രഞ്ജിത്തിന്റെ പങ്കിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചിരുന്നു. തട്ടിപ്പ് വാര്‍ത്ത പുറത്തായതിന് പിന്നാലെ രഞ്ജിത് രാജിയ്ക്ക് ഒരുങ്ങുന്നതായും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ പൈക്ക തട്ടിപ്പിലെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കരുതെന്ന് മന്ത്രി സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പദ്ധതി നടത്തിപ്പിലെ അപാകത മൂലം 2011-ല്‍ പൈക്ക കോ ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട രഞ്ജിത് 2016-ല്‍ കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതി അംഗമായാണ് തിരിച്ചെത്തിയത്.
Content Highlights: Seeking a deeper probe into the ₹12 crore PYKKA project fund scam within the Sports Council, Kerala Sports Minister OJ Janeesh has ordered an inquiry by the Finance Inspection Wing.