

കോഴിക്കോട്: കോഴിക്കോട് കോട്ടനാട് എസ്റ്റേറ്റിന് പൊലീസ് സംരക്ഷണം വേണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. ഭൂവുടമകളായ ആനപ്പടിയില്‍ നെല്ലിക്കല്‍ കുടുംബത്തില്‍ നിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോട്ടനാട് പ്ലാന്റേഷന്‍സ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. എസ്റ്റേറ്റിലെ മരങ്ങള്‍ മുറിക്കുന്നത് ഭൂവുടമകള്‍ തടഞ്ഞ സാഹചര്യത്തില്‍ പൊലീസ് സംരക്ഷണം തേടിയാണ് ഹര്‍ജി നല്‍കിയത്. സിവില്‍ തര്‍ക്കങ്ങളില്‍ പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്നാണ് കോടതി നിരീക്ഷണം.
ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെതാണ് നിരീക്ഷണം. ഉടമസ്ഥാവകാശവും കൈവശാവകാശവും സംബന്ധിച്ച് എസ്റ്റേറ്റ് ഉടമകളും ഭൂവുടമകളും തമ്മില്‍ സിവില്‍ കോടതിയില്‍ തര്‍ക്കം തുടരുകയാണ്. ഈ സാഹചര്യത്തില്‍ പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സിവില്‍ അവകാശം സ്ഥാപിച്ചെടുക്കാനായി റിട്ട് ഹര്‍ജി ദുരുപയോഗം ചെയ്യരുതെന്ന് വിമര്‍ശിച്ചു കൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്. തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ സിവില്‍ കോടതിയില്‍ ഉന്നയിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. പാട്ടക്കാലാവധി പൂര്‍ത്തിയായ ഭൂമി എസ്റ്റേറ്റ് ഉടമകള്‍ വിട്ടുനല്‍കിയില്ലെന്നായിരുന്നു ഭൂവുടമകളുടെ വാദം. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്ക് പകരം പാട്ടഭൂമി കരാറാക്കി നല്‍കി എസ്റ്റേറ്റ് മാനേജ്മെന്റ് തട്ടിപ്പ് നടത്തിയെന്നും ഭൂവുടമകള്‍ കോടതിയില്‍ പറഞ്ഞു.
Content Highlights: The High Court has dismissed Kottanad Estate's petition seeking police protection, observing that police protection cannot be granted in civil disputes.