

കൊച്ചി: കലാച്ചി നോവലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ എഴുത്തുകാരി ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര. ഫേസ്ബുക്കിലൂടെ കെ ആര്‍ മീര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹരിത സാവിത്രി ഉയര്‍ത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹമധ്യത്തില്‍ തനിക്കെതിരെ അവമതിപ്പ് സൃഷ്ടിച്ചതായി ബോധ്യപ്പെട്ടതായി കെ ആര്‍ മീര പറഞ്ഞു. നിയമനടപടിക്ക് മുന്നോടിയായി അഭിഭാഷകന്‍ മുഖേന വക്കീല്‍ നോട്ടീസ് അയയ്ക്കുകയാണെന്നുമാണ് കെ ആര്‍ മീര കുറിപ്പില്‍ പറഞ്ഞത്.
നോട്ടീസില്‍ രേഖപ്പെടുത്തിയ തീയതിക്കകം താന്‍ ആവശ്യപ്പെട്ട വിധത്തിലുള്ള നടപടികള്‍ ഹരിത സാവിത്രി കൈക്കൊള്ളാത്തപക്ഷം നീതിക്കായി കോടതിയെ സമീപിക്കുമെന്നും കെ ആര്‍ മീര പറഞ്ഞു. ലീഗല്‍ നോട്ടീസിനുള്ള ഹരിത സാവിത്രിയുടെ മറുപടി ലഭിച്ചശേഷം ബാക്കി വിവരങ്ങള്‍ അറിയിക്കാമെന്നും കെ ആര്‍ മീര കുറിപ്പില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എന്റെ പ്രിയ വായനക്കാരുടെയും എന്നെ സ്‌നേഹിക്കുന്നവരുടെയും പൊതു സമൂഹത്തിന്റെയും അറിവിലേക്ക്
എന്റെ 'കലാച്ചി' എന്ന നോവലിനെയും 'കലാച്ചി'യുടെ രചയിതാവ് എന്ന നിലയില്‍ എന്നെയും സംബന്ധിച്ച്, സമൂഹ മാധ്യമങ്ങളിലും പൊതു മണ്ഡലത്തിലും ശ്രീമതി ഹരിത സാവിത്രി ഉയര്‍ത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും പൊതുസമൂഹത്തിന്റെയും വായനക്കാരുടെയും മുമ്പില്‍ എന്നെ അപകീര്‍ത്തിപ്പെടുത്തണം എന്ന ദുരുദ്ദേശ്യത്തോടെ മാത്രമാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ശ്രീമതി ഹരിത സാവിത്രി ഉയര്‍ത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹമധ്യത്തില്‍ എന്നെപ്പറ്റി അവമതിപ്പ് സൃഷ്ടിച്ചതായും എനിക്കു ബോധ്യമുണ്ട്. ഈ സാഹചര്യത്തില്‍,
ഇതുസംബന്ധിച്ചുള്ള നിയമ നടപടികള്‍ക്ക് മുന്നോടിയായി അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണന്‍ മുഖേന ഹരിത സാവിത്രിക്ക് ഒരു ലീഗല്‍ നോട്ടീസ് അയച്ചുകഴിഞ്ഞു.
നോട്ടീസില്‍ ഞാന്‍ ആവശ്യപ്പെട്ട വിധത്തിലുള്ള നടപടികള്‍, നോട്ടീസില്‍ രേഖപ്പെടുത്തിയ തീയതിക്കകം ശ്രീമതി ഹരിത സാവിത്രി കൈക്കൊള്ളാത്തപക്ഷം നീതിക്കായി കോടതിയെ സമീപിക്കുക മാത്രമേ എനിക്ക് മാര്‍ഗമുള്ളൂ. ലീഗല്‍ നോട്ടീസിനുള്ള ഹരിത സാവിത്രിയുടെ മറുപടി ലഭിച്ചശേഷം ബാക്കി വിവരങ്ങള്‍ അറിയിക്കാം.
കെ ആര്‍ മീരയുടെ കലാച്ചിയുടെയും ഹരിത സാവിത്രിയുടെ സിന്നും തമ്മില്‍ ഉള്ളടക്കത്തില്‍ സാമ്യമുണ്ടെന്നായിരുന്നു ഉയര്‍ന്ന ആരോപണം. 2022ലായിരുന്നു ഹരിതയുടെ സിന്‍ പുറത്തിറങ്ങിയത്. മീരയുടെ കലാച്ചി പുറത്തിറങ്ങിയത് 2025ലായിരുന്നു. കാമുകനെ തേടി വിദേശത്തെ പ്രശ്നബാധിത മേഖലയില്‍ പോകുന്ന യുവതികളുടെ പോരാട്ടമായിരുന്നു രണ്ട് നോവലുകളിലെയും അടിസ്ഥാന പ്രമേയം. ഇത് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച നടന്നിരുന്നു. ഇതിനിടെ കെ ആര്‍ മീരയ്ക്കെതിരെ ഒളിയമ്പുമായി ഹരിത ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. 'ലോകമെമ്പാടുമുള്ള സാഹിത്യ മോഷ്ടാക്കളുടെ ചില നീച തന്ത്രങ്ങള്‍' എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഹരിതയുടെ കുറിപ്പ്. ചിലര്‍ മറ്റൊരു രാജ്യത്തിലേക്ക് കഥ പറിച്ചു നടുമെന്നും രാത്രിയെ പകലാക്കുകയും മഴയെ മഞ്ഞാക്കുകയും ചെയ്യുമെന്നും ഹരിത പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ഫേസ്ബുക്കിലൂടെ തന്നെ പ്രതികരണവുമായി മീരയും രംഗത്തെത്തിയിരുന്നു. 2025ലാണ് കലാച്ചി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചതെങ്കിലും 2020 നവംബര്‍ 16 മുതല്‍ ഖണ്ഡഃശ്ശ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കെ ആര്‍ മീര പറഞ്ഞിരുന്നു. ഇക്കാര്യം പലരും ബോധപൂര്‍വ്വം ഒഴിച്ചുവെയ്ക്കുകയാണ്. 2020 നവംബര്‍ 16 മുതല്‍ പ്രസിദ്ധീകരിച്ചുവന്ന ഒരു നോവല്‍, 2022ല്‍ മാത്രം പുറത്തിറങ്ങിയ കഥയില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ടതാണോ 2022ല്‍ പുറത്തിറങ്ങിയ പുസ്തകം 2020ല്‍ പ്രസിദ്ധീകരിച്ച നോവലില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ടതാണോ എന്ന് ചിന്തിക്കണമെന്നും കെ ആര്‍ മീര പറഞ്ഞിരുന്നു.
Content Highlights- Author K R Meera has issued a legal notice to Haritha Savithri over the ongoing Kalachi Cin controversy