

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലേഡ് കൊണ്ടുവന്നെന്ന പൊലീസ് വാദത്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. കള്ളവാര്‍ത്ത നല്‍കുന്ന പൊലീസ് മറുപടി പറയണമെന്ന് ശിവപ്രസാദ് ആവശ്യപ്പെടുന്നു.
പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈകൊണ്ട് അഴിക്കുന്ന ദൃശ്യം അടക്കം പങ്കുവെച്ചാണ് ശിവപ്രസാദ് ഫേസ്ബുക്കിലൂടെ പൊലീസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ചില മാധ്യമങ്ങള്‍ വ്യക്തയില്ലാതെ പ്രചരിപ്പിക്കുന്ന വീഡിയോയുടെ ക്ലാരിറ്റിയുള്ള ദൃശ്യങ്ങളാണ് താന്‍ നല്‍കുന്നതെന്നും ഇതില്‍ ഏത് എസ്എഫ്‌ഐക്കാരന്റെ കയ്യിലാണ് ബ്ലേഡ് എന്ന് ഇത് പ്രചരിപ്പിക്കുന്നവര്‍ കാണിച്ചു തരണമെന്നും ശിവപ്രസാദ് ആവശ്യപ്പെടുന്നു.
മാധ്യമങ്ങളും പൊലീസ് ക്യാമറയും സിസിടിവിയുമടക്കം ഉണ്ടായിട്ടും എസ്എഫ്‌ഐക്കാര്‍ ബ്ലേഡ് ഉപയോഗിക്കുന്നതിന്റെ മാത്രം ദൃശ്യങ്ങള്‍ പൊലീസോ മറ്റാരെങ്കിലുമോ പുറത്ത് വിടാത്തത് എന്തെന്നും ശിവപ്രസാദ് ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഇതാ മാരകായുധങ്ങളുമായി SFI ക്കാര്‍ ബാരിക്കേഡിന്റെ കയര്‍ മുറിക്കുന്ന വീഡിയോ പുറത്ത്. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ…??
(ചില മാധ്യമങ്ങള്‍ ക്ലാരിറ്റി ഇല്ലാത്ത ഈ വിഡിയോയുടെ ഭാഗങ്ങള്‍ വാര്‍ത്തക്കൊപ്പം നല്‍കുന്നുണ്ട്. തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.)
ഈ നല്‍കുന്നത് ചിലര്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ ക്ലാരിറ്റിയുള്ള വേര്‍ഷന്‍. ഇതില്‍ ഏത് SFI ക്കാരന്റെ കൈയിലാണ് ബ്ലേഡ് എന്ന് ഈ പ്രചരിപ്പിക്കുന്നവര്‍ കാണിച്ചു തരണം. കള്ളവാര്‍ത്ത സൃഷ്ടിക്കുന്ന പോലീസ് ഇതിന് മറുപടി പറയണം.
ചോദ്യം വലരെ ലളിതമാണ്. SFI യെ സ്നേഹം കൊണ്ട് കൊല്ലാന്‍ നടക്കുന്ന കേരളത്തിലെ ചില മാധ്യമങ്ങള്‍ ആ സമര സ്ഥലത്ത് ഉണ്ടായിട്ടും പോലീസ് ക്യാമറയും CCTV യും ഉണ്ടായിട്ടും SFI ക്കാര്‍ ബ്ലേഡ് ഉപയോഗിക്കുന്നതിന്റെ മാത്രം ദൃശ്യങ്ങള്‍ പോലീസോ മറ്റാരെങ്കിലുമോ പുറത്ത് വിടാത്തത് എന്തായിരിക്കും? ഉത്തരം നിസ്സാരമാണ്. അങ്ങനെ ഒരു കാര്യം SFI ക്കാര്‍ ചെയ്യാത്തത് കൊണ്ട്.
ഐഎച്ച്ആര്‍ഡി ഫീസ് വര്‍ധനയ്ക്കെതിരെ എസ്എഫ്ഐ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി പൊലീസും എസ്എഫ്‌ഐയും രംഗത്തെത്തിയിരുന്നു. മാര്‍ച്ചിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസും തങ്ങളെയാണ് ബ്ലേഡ് കൊണ്ട് പൊലീസ് ആക്രമിച്ചതെന്ന് എസ്എഫ്‌ഐയും ആരോപിച്ചിരുന്നു.
Content Highlights: M. Sivaprasad shared a video showing the removal of a barricade and challenged allegations involving SFI members. His remarks came amid an ongoing political controversy, questioning claims that SFI activists were carrying blades during the incident.