ക്രൂഡിലെ ആശ്വാസം; ഇനി ഇന്ത്യ വളരും, ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ഗോള്‍ഡ്മാന്‍ സാക്ക്‌സ്

എണ്ണവില കുറയുന്നതും വിതരണ തടസ്സങ്ങള്‍ മാറുന്നതും ആഭ്യന്തര സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നാണ് പ്രതീക്ഷ

ക്രൂഡിലെ ആശ്വാസം; ഇനി ഇന്ത്യ വളരും, ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ഗോള്‍ഡ്മാന്‍ സാക്ക്‌സ്
dot image

ഇന്ത്യയുടെ 2026ലെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.8% ആയി ഉയര്‍ത്തി ഗോള്‍ഡ്മാന്‍ സാക്ക്‌സ്. മുന്‍ കണക്കുകളേക്കാള്‍ 30 ബേസിസ് പോയിന്റ് കൂടുതലാണിത്. എണ്ണവില കുറയുന്നതും വിതരണ തടസ്സങ്ങള്‍ മാറുന്നതും ആഭ്യന്തര സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നാണ് പ്രതീക്ഷ.

2027 സാമ്പത്തിക വര്‍ഷത്തേക്കുള്ള വളര്‍ച്ചാ പ്രവചനവും 40 ബേസിസ് പോയിന്റ് ഉയര്‍ത്തി 6.5% ആക്കി. റിപ്പോര്‍ട്ടനുസരിച്ച്, മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ കുറഞ്ഞതും യുഎസ്-ഇറാന്‍ കരാറിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുറഞ്ഞതും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമായി. ഇതോടെ പണപ്പെരുപ്പം കുറയുകയും സാമ്പത്തിക സ്ഥിരത മെച്ചപ്പെടുകയും ചെയ്യും.

Also Read:

2026 ആദ്യ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.8% ആയിരുന്നു. ഗോള്‍ഡ്മാന്‍ സാക്ക്‌സ് മുന്‍കൂട്ടി കണക്കാക്കിയതിനെക്കാള്‍ ഏകദേശം 50 ബേസിസ് പോയിന്റ് കൂടുതലാണിത്. നിക്ഷേപവും സേവന മേഖലയും ശക്തമായതും വളര്‍ച്ചയ്ക്ക് പിന്തുണയായി. പോര്‍ട്ട് കാര്‍ഗോ ട്രാഫിക് ഉള്‍പ്പെടെയുള്ള ഹൈ-ഫ്രീക്വന്‍സി സൂചകങ്ങള്‍ മേയില്‍ ശക്തമായ തിരിച്ചുവരവ് രേഖപ്പെടുത്തി. നിര്‍മ്മാണ മേഖലയിലും സേവന മേഖലയിലും സ്ഥിരമായ വളര്‍ച്ച തുടരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ 2026 ലെ രണ്ടും മൂന്നും പാദങ്ങളില്‍ ഉപഭോഗ വളര്‍ച്ച കുറയാമെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന ഇന്ധന വിലയുടെ പ്രതിഫലനം കുടുംബ ബജറ്റുകളില്‍ തുടര്‍ന്നേക്കും. നാലാം പാദം മുതല്‍ ഉപഭോഗം സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷ.

പണപ്പെരുപ്പം കുറയുന്നു

കുറഞ്ഞ ക്രൂഡ് ഓയില്‍ വിലയും കുറഞ്ഞ കമോഡിറ്റി ചെലവും കാരണം 2026 ലെ ഉപഭോക്തൃ വില സൂചിക പ്രവചനം 4.4% ആയി കുറച്ചു
2027ലിത് 4.9% ആയും കുറച്ചിട്ടുണ്ട്.

പണപ്പെരുപ്പം കുറയുന്നുവെങ്കിലും ആര്‍ബിഐ 2026ല്‍ 50 ബേസിസ് പോയിന്റ് പലിശ വര്‍ധന നടത്തിയേക്കാമെന്ന് ഗോള്‍ഡ്മാന്‍ സാക്ക്‌സ് വിലയിരുത്തുന്നു. എന്നാല്‍ വിലക്കുറവ് തുടരുകയാണെങ്കില്‍ ഈ തീരുമാനം നടപ്പാക്കിയേക്കില്ല.

Content Highlights: Goldman Sachs Raises India's 2026 GDP Growth Forecast to 6.8% on Lower Oil Prices and Easing Inflation

dot image
To advertise here,contact us
dot image