മൂലം വള്ളംകളി വിവാദം; ചമ്പക്കുളത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളെ അവഹേളിക്കുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും പ്രതിഷേധക്കാർ ആരോപിച്ചു

മൂലം വള്ളംകളി വിവാദം; ചമ്പക്കുളത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
dot image

ആലപ്പുഴ: മൂലം വള്ളംകളി അവധി വിവാദത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി ഡി സതീശന്റെ കോലം കത്തിച്ചു. മൂലം ജലോത്സവം ഫാന്‍സ് ക്ലബിന്റെ നേതൃത്വത്തിലാണ് ചമ്പക്കുളത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്. മുഖ്യമന്ത്രി കുട്ടനാട് എംഎല്‍എ റെജി ചെറിയാനെ അപമാനിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളെ അവഹേളിക്കുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ചമ്പക്കുളം മൂലം വള്ളംകളി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ജി അരുണ്‍കുമാര്‍, മുന്‍ എംഎല്‍എ കെ കെ ഷാജു എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. മുഖ്യമന്ത്രിയുടേത് ധിക്കാരപൂര്‍വമായ സമീപനമാണെന്നും കുട്ടനാടന്‍ ജനതയെ മുഴുവര്‍ ഇതിലൂടെ അപമാനിച്ചെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്നാണ് മൂലം ജലോത്സവം ഫാന്‍സ് ക്ലബിന്റെ ആവശ്യം.

അതേസമയം എംഎല്‍എയുടെ ആദ്യ സബ്മിഷനില്‍ തന്നെ ഇത്തരമൊരു അനുഭവം ഉണ്ടായതില്‍ കേരള കേണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലും അതൃപ്തി പുകയുകയാണ്. ഇതിനിടെ വിവാദത്തില്‍ എംഎല്‍എ റെജി ചെറിയാന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ പറഞ്ഞതാണെന്നും സഭാ ടിവി എടുത്തു നോക്കിയപ്പോള്‍ മനസ്സിലായെന്നുമാണ് റെജി ചെറിയാന്‍ പറഞ്ഞത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കുമെന്നും അദ്ദേഹം മറുപടി പറയണമെന്നും റെജി ചെറിയാന്‍ ആവശ്യപ്പെട്ടു. എംഎല്‍എ എന്ന നിലയില്‍ അത് തന്റെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്നലെയായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രിയുടെ വിവാദ പരാമർശമുണ്ടായത്. കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രതികരണം മൈക്കിലൂടെ പുറത്താകുകയായിരുന്നു. ജൂണ്‍ 29ന് നടക്കുന്ന മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണം എന്നായിരുന്നു റെജി ചെറിയാന്റെ സബ്മിഷന്‍. വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് അവധി അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കും എന്നായിരുന്നു സതീശന്‍ മറുപടി നല്‍കിയത്. ഇതിന് ശേഷം സീറ്റില്‍ ഇരുന്നശേഷം 'ഒരു കാരണവശാലും കൊടുക്കില്ല' എന്നായിരുന്നു സതീശന്‍ പറഞ്ഞത്. ഇതാണ് മൈക്കിലൂടെ പുറത്തുവന്നത്. പിന്നാലെ വിഷയം സിപിഐഎം ഏറ്റെടുത്തു. വി ഡി സതീശനെ പരിഹസിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ അടക്കമുള്ളവര്‍ രംഗത്തെത്തി. ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യത എന്നായിരുന്നു കെ യു ജനീഷ് പറഞ്ഞത്. അംഗത്തിന്റെ ചോദ്യത്തിന് എഴുതി തയ്യാറാക്കിയ മറുപടി. ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പാണെന്നും ജനീഷ് കുമാര്‍ പരിഹസിച്ചിരുന്നു.

Content Highlights: The controversy surrounding the Moolam Vallamkali took a dramatic turn after protesters burned an effigy of the Chief Minister in Champakulam. The demonstration reflects growing public anger over the issue and has intensified political debate surrounding the conduct and decisions related to the traditional boat race.

dot image
To advertise here,contact us
dot image