

റാഞ്ചി: ജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ ഘടകകക്ഷികളെ പഴിച്ച് കോണ്‍ഗ്രസ്. ആര്‍ജെഡിയും സിപിഐഎംഎല്ലും ക്രോസ് വോട്ട് ചെയ്തുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അതേസമയം ഘടകകക്ഷികള്‍ ആരോപണം നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് തന്നെയാണ് വോട്ട് നല്‍കിയതെന്ന് സിപിഐ എംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു. എന്നാല്‍ തങ്ങളുടെ ഒരു വോട്ടും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഇന്‍ ചാര്‍ജ് കെ രാജു അവകാശപ്പെടുന്നത്. വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് നാല് വോട്ടുകളാണ് അധികമായി ലഭിച്ചത്. ഈ വോട്ടുകളെ ചൊല്ലിയാണ് തര്‍ക്കം. ആരോപണം നേരിടുന്ന ആര്‍ജെഡിക്ക് നാലും സിപിഐഎംഎല്ലിന് രണ്ടും എംഎല്‍എമാരാണ് ഉള്ളത്.
ജാർഖണ്ഡിൽ ക്രോസ് വോട്ടിങ്ങിലൂടെ എന്‍ഡിഎ പിന്തുണയുളള സ്ഥാനാര്‍ത്ഥി പരിമള്‍ നത്‌വാനിയാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. ഇന്‍ഡ്യ സഖ്യത്തില്‍ നിന്ന് നാല് വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചു. രണ്ട് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
പന്ത്രണ്ട് സംസ്ഥാനങ്ങളിലെ 26 രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും നടന്നതില്‍ ജാര്‍ഖണ്ഡിലും മിസോറാമിലുമാണ് വ്യാഴാഴ്ച മത്സരം നടന്നത്. ഇതുവരെ എന്‍ഡിഎ 19, ഇന്‍ഡ്യ സഖ്യം 6, സോറം പീപ്പിള്‍സ് മൂവ്‌മെന്റ് 1 എന്നിങ്ങനെയാണ് സീറ്റുകളുടെ നില. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ മീനാക്ഷി നടരാജന്റെ രാജ്യസഭ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശപത്രിക തള്ളിയതിന് പിന്നാലെയാണ് ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസിന് കൂടി അപ്രതീക്ഷ ആഘാതം ക്രോസ് വോട്ടിന്റെ രൂപത്തില്‍ സംഭവിച്ചത്. മധ്യപ്രദേശില്‍ മൂന്ന് രാജ്യസഭാ സീറ്റുകളും ബിജെപി നേടിയിരുന്നു.
നിയമസഭയിലെ അംഗബലത്തിലെക്കാള്‍ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി ജാര്‍ഖണ്ഡിലും മധ്യപ്രദേശിലും രാജ്യസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരോ അവരുടെ ഘടകക്ഷികളോ ക്രോസ് വോട്ട് ചെയ്യുമെന്ന നിഗമനത്തില്‍ തന്നെയായിരുന്നു ഈ നീക്കം. രാജ്യസഭ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ പാര്‍ട്ടിയുടെ പോളിങ് ഏജന്റിനെ മാത്രമാണ് അവര്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്നത് കാണിക്കുകയുള്ളു. അതേസമയം ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സഖ്യം സത്യസന്ധത പാലിക്കുന്നില്ലെന്നും ഇക്കാര്യം താന്‍ കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടി നേതാക്കളോട് സൂചിപ്പിക്കുന്നുണ്ടെന്നുമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ എന്‍ ത്രിപാഠി പ്രതികരിച്ചത്.
Content Highlights: Congress has blamed its alliance partners over the alleged setback in the Jharkhand Rajya Sabha election