ഹെല്‍ത്തി ബജറ്റ്; ആരോഗ്യമേഖലയ്ക്ക് 2076.02 കോടി രൂപ; തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജ്

കേരളത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ആരോഗ്യചികിത്സാ ചെലവ് കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്നും ബജറ്റിൽ പ്രഖ്യാപനം

ഹെല്‍ത്തി ബജറ്റ്; ആരോഗ്യമേഖലയ്ക്ക് 2076.02 കോടി രൂപ; തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജ്
dot image

തിരുവനന്തപുരം: ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് ധനമന്ത്രി വി ഡി സതീശന്‍. പദ്ധതി വിഹിതമായി 2076.02കോടി രൂപ വകയിരുത്തി. കാസര്‍കോട്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, ജീവനക്കാര്‍, ഉപകരണങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനക്ഷമമാക്കും. ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്നും ഇതിനെല്ലാമായി 100 കോടി രൂപ വകയിരുത്തിയെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

കേരളത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ആരോഗ്യചികിത്സാ ചെലവ് കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തും. കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ ഡെസ്റ്റിനേഷന്‍ ആക്കി മാറ്റാന്‍ 'റീച്ച് കേരള' പദ്ധതി ആവിഷ്‌കരിക്കും. തെരഞ്ഞെടുത്ത മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വയംഭരണ പദവിയും അവയ്ക്ക് എയിംസ് നിലവാരത്തിലുള്ള സേവനങ്ങളും അക്കാദമിക മികവും കൈവരിക്കാന്‍ ആവശ്യമായ പിന്തുണ നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.

വിദ്യാര്‍ത്ഥികള്‍ക്കും പുതുതലമുറയ്ക്കും ആരോഗ്യപരവും ശുചിത്വപരവുമായ ജീവിത ശൈലികളെക്കുറിച്ചും പരിശീലനവും പ്രായോഗിക അറിവും നല്‍കുന്നതിനുവേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്‌കൂളില്‍ ഹെല്‍ത്ത് ബ്രിഗേഡ് രൂപീകരിക്കും.

അത്യാഹിത-ട്രോമ ചികിത്സ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ലഭ്യമാക്കുന്നതിനായി 'ഗോള്‍ഡന്‍ അവര്‍ പ്രൊജക്ട്' നടപ്പിലാക്കും. പകര്‍ച്ചവ്യാധികളെ ഫലപ്രദമായി തടയുന്നതിനും നേരിടുന്നതിനും സംവിധാനങ്ങള്‍ സൃഷ്ടിക്കും. 40 വയസ്സ് കഴിഞ്ഞവര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ആരോഗ്യപരിശോധന നടത്തുന്നതിനായി ധനസഹായം നല്‍കുന്ന പദ്ധതി ആവിഷ്‌കരിക്കും. സംസ്ഥാനത്ത് എസ്എംഎ അടക്കമുള്ള അപൂര്‍വ്വ രോഗങ്ങള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

രോഗനിര്‍ണ്ണയ ടെസ്റ്റുകള്‍ക്കായി ലാബ് സൗകര്യങ്ങള്‍ കുറവുള്ള ഗ്രാമീണ മേഖലകളില്‍ മൊബൈല്‍ ടെസ്റ്റിംഗ് ലാബ് സൗകര്യം ഏര്‍പ്പെടുത്തും. ആദ്യഘട്ടമായി 2 കോടിരൂപ വീതം ചെലവില്‍ 10 ലാബുകള്‍ സജ്ജീകരിക്കുന്നതാണെന്നും ഇതിനായി 20 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലെ കുടിശ്ശിക ഘട്ടംഘട്ടമായി തീര്‍ത്ത് പദ്ധതിയുടെ കാര്യക്ഷമത ഉറപ്പുവരുത്തുമെന്നും പ്രഖ്യാപനമുണ്ട്.

Content Highlights: The Kerala Budget has allocated ₹2,076.02 crore for the health sector and announced plans to establish a second medical college in Thiruvananthapuram to strengthen healthcare infrastructure.

dot image
To advertise here,contact us
dot image