

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തില്‍ ഇടംപിടിക്കാതെ ഇന്ദിരാ ഗ്യാരണ്ടിയിലെ പ്രധാന വാഗ്ദാനമായ ക്ഷേമ പെന്‍ഷന്‍ വര്‍ധന. ആറ് പ്രധാന വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയില്‍ ഇന്ദിരാ ഗ്യാരണ്ടിയായി പ്രഖ്യാപിച്ചത്. ഇതില്‍ മൂന്ന് വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി.
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം, ക്ഷേമ പെന്‍ഷന്‍ 3000ആയി ഉയര്‍ത്തും, എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ 'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്', യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് അഞ്ച് ലക്ഷം രൂപ വരെ പലിശ രഹിത വായ്പ, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് എന്നിവയായിരുന്നു ഇന്ദിരാ ഗ്യാരണ്ടി പ്രഖ്യാപനം.
ഇതില്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസില്‍ സൗജന്യ യാത്രയും വയോജന ക്ഷേമ വകുപ്പും സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഉമ്മന്‍ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതിയും പ്രഖ്യാപിച്ചു. എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രഖ്യാപിച്ചത്. പ്രാരംഭ ചെലവുകള്‍ക്ക് 10 കോടി രൂപ വകയിരുത്തി. ഇന്ദിരാ ഗ്യാരണ്ടിയിലെ മുഴുവന്‍ പദ്ധതികള്‍ക്കുമായി 600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ വന്‍ കുറവുണ്ടായെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശന്‍ ബജറ്റ് അവതരിപ്പിച്ചത്. സര്‍ക്കാരിന് മേലുള്ള ബാധ്യത കിഫ്ബിയും സോഷ്യല്‍ സെക്യൂരിറ്റി കമ്പനിയുടെയും ഉള്‍പ്പെടെ 87,012 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണവും ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിക്കലും നടപ്പാക്കിയാല്‍ ഇതിലും കൂടുതല്‍ ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: The V D Satheesan government's maiden budget did not include an increase in welfare pensions, one of the major promises highlighted under the Indira Guarantee commitments.