കോണ്‍സ്റ്റബിളിനെ കൊണ്ട് 'വീട്ടുജോലികള്‍ ചെയ്യിച്ചു'; ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

അതേസമയം സസ്‌പെന്‍ഷനില്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചിട്ടില്ല

കോണ്‍സ്റ്റബിളിനെ കൊണ്ട് 'വീട്ടുജോലികള്‍ ചെയ്യിച്ചു'; ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
dot image

ഭുവനേശ്വര്‍: പൊലീസ് കോണ്‍സ്റ്റബിളിനെ വീട്ടുജോലികള്‍ ചെയ്യിച്ചെന്ന ആരോപണത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍. ദയാല്‍ ഗംഗ്‌വര്‍ എന്ന ഓഫീസറെയാണ് ആരോപണങ്ങളില്‍ നടന്ന അന്വേഷണത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്. അനധികൃതമായി കോണ്‍സ്റ്റബിളിനെ കൊണ്ട് ദയാല്‍ വീട്ടുപണികള്‍ ചെയ്യിച്ചിരുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പുവച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞമാസം ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട സൗമ്യ രഞ്ചന്‍ സെയിനെയാണ് ഇയാൾ ഉപദ്രവിച്ചിരുന്നതെന്നാണ് അദ്ദേഹത്തിന്‍റെ കുടുംബം ആരോപിക്കുന്നത്.

ദയാലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തങ്ങളുടെ മകന്‍ സൗമ്യ രഞ്ചന്‍ സെയിന്‍ ശാരീരികമായും മാനസികമായും കടുത്ത പീഡനങ്ങളാണ് അനുഭവിച്ചതെന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. സൗമ്യ രഞ്ചന്‍ സെയിന്‍ മെയ് 7ന് നടന്ന ആള്‍ക്കൂട്ട ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഈ കേസുമായി ഐപിഎസ് ഉദ്യോഗസ്ഥന് ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ദയാലിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണം നടത്തിയത്.

അതേസമയം സസ്‌പെന്‍ഷനില്‍ ദയാല്‍ പ്രതികരിച്ചിട്ടില്ല. 1998 ബാച്ച് ഐപിഎസ് ഓഫീസറായ ദയാലിനെ മെയ് 26ന് ആഭ്യന്തര വകുപ്പിലെ ഒഎസ്ഡി(ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി)യായി പണിഷ്‌മെന്റ് പോസ്റ്റിങ് നല്‍കിയിരുന്നു. സൗമ്യ രഞ്ചന്റെ മരണത്തിന് പിന്നാലെയായിരുന്നു ഇത്. ഔദ്യോഗിക ജോലികളുമായി ഒരു ബന്ധവുമില്ലാത്ത ജോലികള്‍ ചെയ്യിച്ചതിന് പുറമേ, മകനെ ദയാലിന്റെ സഹായിയുടെ ജിമ്മില്‍ പണം നിക്ഷേപിക്കാൻ നിര്‍ബന്ധിച്ചു. ആ തുക തിരികെ ലഭിക്കാത്തതില്‍ മകന്‍ സമ്മര്‍ദത്തിലായിരുന്നെന്നും സൗമ്യ രഞ്ചന്റെ പിതാവ് ദുഷാസന്‍ സെയിന്‍ ആരോപിക്കുന്നു.

അതേസമയം ദയാലിന്റെ വസതിയില്‍ അനുവദനീയമായതില്‍ അധികം സ്റ്റാഫുകളെ വിന്യസിച്ചിട്ടുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇത്തരം ആരോപണങ്ങള്‍ പുറത്തുകൊണ്ട് വരണമെന്ന് സൗമ്യ രഞ്ചന്റെ മാതാവ് കബിത സെയിനും പറയുന്നു.

ദയാലിന്റെ മൊഴി രേഖപ്പെടുത്തിയ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. കട്ടക്കിലെ മോജ്പൂരില്‍ വച്ചാണ് സൗമ്യ രഞ്ചന്‍ സെയിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയത്. സുഹൃത്ത് ഓം പ്രകാശ് റൗട്ടിനൊപ്പം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ രണ്ട് സ്ത്രീകള്‍ യാത്ര ചെയ്ത സ്‌കൂട്ടറുമായി കൂട്ടിയിടിച്ചു. ഈ സ്ത്രീകൾ സൗമ്യ രഞ്ചനെതിരെ പീഡന ശ്രമം ആരോപിച്ചതോടെ 50ഓളം പേര്‍ അടങ്ങുന്ന ആള്‍ക്കൂട്ടം യുവാക്കളെ ഇരുവരെയും ആക്രമിക്കുകയായിരുന്നു. റൗട്ട് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ സെയിന്റെ കുടുംബത്തിന്റെ പരാതിയില്‍ അക്രമം തടയാന്‍ കഴിഞ്ഞില്ലെന്ന കുറ്റത്തിന് നാലു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Content Highlights: An IPS officer has been suspended following allegations of using a constable as domestic help. The disciplinary action was taken after the allegations surfaced, and the matter is set to be examined through official procedures

dot image
To advertise here,contact us
dot image