

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം അവസാനിച്ചു. സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ വന്‍ കുറവുണ്ടായെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശന്‍ ബജറ്റ് അവതരിപ്പിച്ചത്. സര്‍ക്കാരിന് മേലുള്ള ബാധ്യത കിഫ്ബിയും സോഷ്യല്‍ സെക്യൂരിറ്റി കമ്പനിയുടെയും ഉള്‍പ്പെടെ 87,012 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണവും ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിക്കലും നടപ്പാക്കിയാല്‍ ഇതിലും കൂടുതല്‍ ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ധവളപത്രത്തിലെ കണ്ടെത്തലുകളുടെയും പശ്ചിമേഷ്യന്‍ സംഘര്‍ഷമുണ്ടാക്കിയ സാമ്പത്തിക ആഘാതത്തിന്റെയും പശ്ചാത്തലത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയാണ് വി ഡി സതീശന്‍ ബജറ്റ് പ്രഖ്യാപിച്ചത്. ഇന്ദിരാഗ്യാരണ്ടിയിലെ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. കേരളത്തിന്റെ സ്ഥാനം ലോക മാരിടൈം ഭൂപടത്തില്‍ രേഖപ്പെടുത്താനുള്ള സമഗ്ര പദ്ധതിയായ 'മിഷന്‍ സമുദ്ര' പ്രഖ്യാപിച്ചു.
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷന്‍-ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ കൊണ്ടുവരും. എംഎസ്എംഇ സംരംഭങ്ങള്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുന്ന കേരള എംഎസ്എംഇ ഗ്രോത്ത് സ്‌കീം, വണ്‍ കേരള കരുതല്‍ മിഷന്‍, ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍, കേരള നോളജ് വാലി, വയനാട് ട്രൈബല്‍ സര്‍വകലാശാല തുടങ്ങിയവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍.
കേരള ഹെല്‍ത്ത് ആന്റ് ലൈഫ് സയന്‍സ് സിറ്റി, വയോജനങ്ങള്‍ക്ക് ആവശ്യമായ സ്ഥാപനങ്ങള്‍, സംരംഭകത്വം, വൈദഗ്ദ്ധ്യം എന്നിവ ഉള്‍പ്പെടുന്ന 'സില്‍വര്‍ ഇക്കോണമി', അന്താരാഷ്ട്ര മാതൃകയില്‍ കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവയും പ്രഖ്യാപിച്ചു. മലബാറില്‍ ലോക നിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മ്മിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.
ബ്രാന്‍ഡ് കേരളം, കേരള അര്‍ബന്‍ ഗ്രോത്ത് മിഷന്‍, ജെ സി ഡാനിയേല്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റി, എം ടി വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട് കള്‍ച്ചറല്‍ പാര്‍ക്ക്, സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ തൃശൂരില്‍ പുതിയ സംഗീത അക്കാദമി, പാചകകലാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ഡിസാസ്റ്റര്‍ റെസിലിയന്‍സ് സെന്റര്‍, പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് ഫര്‍ണിച്ചര്‍ ഹബ്ബ്, തിരുവനന്തപുരം- കോഴിക്കോട് ലൈറ്റ് മെട്രോ, ജെന്‍സി സ്റ്റാര്‍ട് അപ് തുടങ്ങിയവയാണ് മറ്റ് പദ്ധതികള്‍.

പട്ടികജാതി മേഖലയ്ക്ക് 527.68 കോടി രൂപ, പട്ടികവര്‍ഗ്ഗ മേഖലയ്ക്ക് 152.52 കോടി രൂപ, മത്സ്യബന്ധന മേഖലയ്ക്ക് 50 കോടി രൂപ വകയിരുത്തി. റബറിന്റെ താങ്ങുവില 200 രൂപയില്‍ നിന്നും 250 രൂപയായി വര്‍ദ്ധിപ്പിക്കും. വനിതകള്‍ക്കായി 'കൃഷി സഖി - വനിതാ കര്‍ഷക വികസന പരിപാടി, തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന വിഹിതം 1422.60 കോടി രൂപയായി ഉയര്‍ത്തും, ഉരുള്‍പൊട്ടലിലുണ്ടായ വിലങ്ങാടിന്റെ പുനര്‍നിര്‍മ്മിതിക്ക് 'വിലങ്ങാട് പാക്കേജ്', സ്ത്രീ തൊഴിലാളികള്‍ കൂടുതലുള്ള കശുവണ്ടി, കയര്‍, കൈത്തറി അടക്കമുള്ള പരമ്പരാഗത വ്യവസായങ്ങള്‍ക്ക് വേതന സഹായം(Income support scheme) നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്ന റോഡ് സംസ്‌കാരം വളര്‍ത്തുന്നതിന് സമഗ്രമായ ട്രാഫിക് നയം രൂപീകരിക്കും.
തോട്ടം മേഖലയില്‍ കൂടുതല്‍ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാവുന്ന വിധത്തില്‍ ആവശ്യമായ നിയമ ഭേദഗതി കൊണ്ടുവരും. അര്‍ത്തുങ്കല്‍ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പിലാക്കും.
ഇ-ഗ്രാന്റ് കുടിശ്ശിക തീര്‍പ്പാക്കുന്നതിനും സമയബന്ധിതമായി നല്‍കുന്നതിനുമുള്ള നടപടി കൈക്കൊള്ളും. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനും കേരളത്തെ ഒരു ആഗോള വിജ്ഞാന ഹബ്ബായി മാറ്റുന്നതിനുമായി ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെംബര്‍ എന്ന ഒരു പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതാണ്. നിര്‍മ്മിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്നോളജി ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളെ മുന്‍കൂട്ടി മനസിലാക്കി ഉപയോഗപ്പെടുത്താന്‍ Future Readiness Think Tank രൂപീകരിക്കും.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ വന്നു പഠിക്കാന്‍ അവസരം ഒരുക്കുന്ന ''സെമസ്റ്റര്‍ ഇന്‍ കേരള' പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തും. കേരളത്തിലെ ക്യാമ്പസുകളില്‍ 'Student diverstiy, Student mobility' എന്നിവയ്ക്ക് പരിഗണന നല്‍കും. റാഗിങ് തടയാന്‍ 'Sidharthan Student Distress App', റാഗിംഗ് തടയാനും വിദ്യാര്‍ത്ഥികളുടെ ക്ഷേമം ഉറപ്പുവരുത്താനും 'Sidharthan Anti Ragging & Student Welfare Act' നടപ്പാക്കും.
ബിരുദധാരികള്‍ക്ക് വേഗത്തില്‍ ജോലി ലഭിക്കാന്‍ സഹായിക്കുന്ന ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്സുകളും നടപ്പിലാക്കും. അക്കാദമിക് വിഷയങ്ങളില്‍ അമിത രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കാന്‍ അക്കാദമിക് കൗണ്‍സില്‍ രൂപീകരിക്കും. 2036 - ലെ ഒളിംപിക്സില്‍ മത്സരിക്കാന്‍ പ്രാപ്തിയുള്ള കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ വിഷന്‍ 2036 നടപ്പിലാക്കും.
ചികിത്സാ ചെലവ് (Out of Pocket Expenditure) കുറച്ച് കൊണ്ടു വരാന്‍ സര്‍ക്കാര്‍ ഇടപെടും. കാസര്‍ഗോഡ്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളുടെ ശോചനീയാവസ്ഥ പരിഹരിക്കും. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനക്ഷമമാക്കും. ഹരിപ്പാട് ഒരു പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലെ കുടിശ്ശിക ഘട്ടം ഘട്ടമായി തീര്‍ത്ത് പദ്ധതിയുടെ കാര്യക്ഷമത ഉറപ്പുവരുത്തും.
ആദിവാസി മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്ററുകളും തീരദേശ മേഖലയില്‍ കോസ്റ്റല്‍ കെയര്‍ യൂണിറ്റുകളും സ്ഥാപിച്ച് ചികിത്സ ഉറപ്പാക്കും. എസ്എംഎ (Spinal Muscular Atrophy) അടക്കമുള്ള അപൂര്‍വ്വ രോഗങ്ങള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
ഗിഗ്, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കും. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയ തുക കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്നും, പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്നും ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരും. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി പുതിയ ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തും.
കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കും. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാര്യക്ഷമമായി നടപ്പിലാക്കിയ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി, ശ്രുതിതരംഗം, സ്നേഹപൂര്‍വ്വം, സ്നേഹസ്പര്‍ശം, താലോലം, ക്യാന്‍സര്‍ സുരക്ഷ, സ്നേഹ സാന്ത്വനം, പകല്‍വീട്, വയോമിത്രം, ആശ്വാസകിരണം, സുകൃതം അടക്കമുള്ള പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമാക്കും.
ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള ഇന്‍സുലിന്‍ നല്‍കാനും, ബ്രിട്ടില്‍ (Brittle) ഡയബറ്റിക്കായ കുട്ടികള്‍ക്ക് ഇന്‍സുലിന്‍ പമ്പ് നല്‍കുവാനും, കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് കണ്ടിന്വസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സെന്‍സര്‍ (Continuous Glucose Monitoring Sensor) നല്‍കുവാനും നടപടി സ്വീകരിക്കും. 'പുതുതലമുറ ലഹരി വസ്തുക്കള്‍' ഉള്‍പ്പടെ എല്ലാത്തരം ലഹരി വസ്തുക്കളും തിരിച്ചറിയാനാകുന്ന വിധത്തിലുള്ള ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ എല്ലാ എക്സൈസ് ഓഫീസുകളിലും ലഭ്യമാക്കും. ഓപ്പറേഷന്‍ തൂഫാന്‍ വ്യാപിപ്പിക്കും.
സംസ്ഥാന സെക്രട്ടേറിയറ്റിനെ രാജ്യത്തെ ഏറ്റവും മികച്ചതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് സീറോ ടോളറന്‍സ് നിലപാട് സ്വീകരിക്കും. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ 'മകള്‍ക്കൊപ്പം' എന്ന പേരില്‍ ഒരു പദ്ധതി നടപ്പിലാക്കും.
ആര്‍ട്ടിസ്റ്റ് നമ്പൂതിരി ട്രസ്റ്റിന്റെ സഹായത്തോടെ കള്‍ച്ചറല്‍ സെന്റര്‍ ആന്‍ഡ് മ്യൂസിയം സ്ഥാപിക്കും. നടന്‍ സലിംകുമാറിന് എറണാകുളത്ത് സ്മാരകം നിര്‍മ്മിക്കും. ഗസല്‍ ഗായകനായിരുന്ന ഉമ്പായിയുടെ നാമധേയത്തില്‍ മ്യൂസിക് അക്കാദമി സ്ഥാപിക്കും. ശ്രീനാരായണ ഗുരുവിന് ഡല്‍ഹിയില്‍ പ്രതിമയും സാംസ്‌കാരിക കേന്ദ്രവും സ്ഥാപിക്കും. മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന് പട്ടത്ത് സ്മാരക മന്ദിരം നിര്‍മ്മിക്കും. ചാലക്കുടിയില്‍ പനമ്പള്ളി ഗോവിന്ദ മേനോന്‍ സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഉള്ളൂര്‍ സ്മാരക ലൈബ്രറി ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രത്യേക സാമ്പത്തിക സഹായം നല്‍കും.
കെയുഡബ്ല്യുജെ നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അതിരപ്പള്ളിയിലെ ഇക്കോ-ഫ്രണ്ട്ലി ഡൈനമിക് ലൈറ്റിംഗ് പദ്ധതി നടപ്പാക്കും. ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ/ഡിആര്‍ എന്നിവ മുടക്കം കൂടാതെ നല്‍കും. മെഡി സെപ് പരിഷ്‌ക്കരിക്കും. അഷ്വേഡ് പെന്‍ഷന്‍ പദ്ധതിയിലെ അവ്യക്തത പരിശോച്ച് എന്‍പിഎസ് സംവിധാനം പരിഷ്‌ക്കരിക്കും തുടങ്ങിയവയാണ് ഇന്നത്തെ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍.
Content Highlights: The V D Satheesan government's inaugural state budget presentation has concluded