

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് സമസ്ത എ പി വിഭാഗം മുഖപത്രം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ പൈതൃകത്തെയും മതേതര താത്പര്യങ്ങളേയും കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് പിഎംശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് സിറാജിലൂടെ നിലപാട് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് പദ്ധതിയെക്കുറിച്ച് വാചാലരാവുകയും വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണങ്ങള്‍ക്കെതിരെ ക്ഷോഭിക്കുകയും ചെയ്തവര്‍ അധികാരത്തിലേറിയപ്പോള്‍ അതേനയത്തിന് കീഴടങ്ങുന്നത് നീതികേടും സംസ്ഥാനം ഇക്കാലമത്രയും സൂക്ഷിച്ച ആദര്‍ശങ്ങളോടുള്ള പുറംതിരിഞ്ഞുനില്‍പ്പുമാണെന്നും എഡിറ്റോറിയലില്‍ വിമര്‍ശിച്ചു.
ഒരു പദ്ധതി മതവിരുദ്ധമാണെന്നാണ് തിരഞ്ഞെടുപ്പ് കാലത്ത് മുന്നണിയുടെ നിലപാടെങ്കില്‍ ഭരണത്തിലേറിയ ശേഷവും അതേനിലപാട് തുടരേണ്ടതുണ്ട്. സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞും സാങ്കേതികത്വത്തിന്റെ വാലില്‍ തൂങ്ങിയും മലക്കം മറിച്ചിലിനെ ന്യായീകരിക്കാനുള്ള യുഡിഎഫ് നീക്കം കേരളത്തിന്റെ മതേതരതാല്‍പര്യങ്ങളുടെ പണയപ്പെടുത്തലാണെന്നും കുറ്റപ്പെടുത്തുന്നു.
ജനാധിപത്യ സമൂഹത്തില്‍ മതേതര മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് കുട്ടികള്‍ വളരേണ്ടത്. അതിന് വിരുദ്ധമായി വിദ്യാലയങ്ങളെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പരീക്ഷണ ശാലകളാകാന്‍ വിട്ടുകൊടുക്കുന്നത് വരും തലമുറയോട് കാണിക്കുന്ന അപരാധമാണ്. സമഗ്രശിക്ഷാ അഭിയാന്‍ വഴിയുള്ള കേന്ദ്രവിഹിതം തടഞ്ഞുവെച്ച് സംസ്ഥാനങ്ങളെ പിഎം ശ്രീയില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുന്ന കേന്ദ്ര നിലപാട് തികച്ചും ജനാധിപത്യവിരുദ്ധവും ഫെഡറല്‍ നയങ്ങളുടെ നഗ്‌നമായ ലംഘനവുമാണ്. എന്നാല്‍ ഇതിനു മുന്നില്‍ നട്ടെല്ല് വളക്കുകയല്ല, ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് കേരളത്തിലെ മതേതര ജനാധിപത്യസര്‍ക്കാര്‍ ചെയ്യേണ്ടത്. സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് വസ്തുതയാണ്. ഇത് പരിഹരിക്കാന്‍ സംസ്ഥാനത്തിന്റെ ആത്മാഭിമാനവും വിദ്യാഭ്യാസത്തിന്റെ മതേതര സ്വഭാവവും പണയം വെക്കേണ്ടതുണ്ടോ? സാമ്പത്തിക പ്രതിസന്ധി താത്കാലികമാണെന്നും സമസ്ത ചൂണ്ടിക്കാട്ടി. ജനങ്ങളോട് നേരത്തെ ചെയ്ത വാഗ്ദാനം കണക്കിലെടുത്ത് പദ്ധതിയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള രാഷ്ട്രീയ മര്യാദ സര്‍ക്കാര്‍ കാണിക്കണം എന്നും സമസ്ത എഡിറ്റോറിയല്‍ വിമര്‍ശിച്ചു.
Content Highlights: The Samastha AP faction’s official mouthpiece has urged the government to withdraw from the PM SHRI scheme, citing concerns over its implementation and educational policies.