

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിൽ അന്വേഷണം അനിശ്ചിതമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം എസ്‌ഐടി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി എസ്ഐടിയോട് നിർദ്ദേശിച്ചു. കുറ്റപത്രം എന്ന് നല്‍കാനാകുമെന്ന് എസ്‌ഐടി അറിയിക്കണമെന്ന കർശന നിർദ്ദേശവും ഹൈക്കോടതി നൽകി.
ശബരിമല ദ്വാരപാലക ശില്‍പങ്ങളില്‍ 2025ല്‍ സ്വര്‍ണ്ണം പൂശിയ നടപടിയിൽ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ഈ മാസം 29നകം സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ദേവസ്വം ബെഞ്ചിന്റെ നടപടി.
2025ല്‍ ദ്വാരപാലക ശില്പങ്ങള്‍ മാറ്റിയതില്‍ നിര്‍ണ്ണായക രേഖകള്‍ പിടിച്ചെടുത്തുവെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ വിശദീകരണം നൽകി. പ്രതികള്‍ തമ്മിലുള്ള ആശയ വിനിമയവും ബോര്‍ഡിന്റെ തീരുമാനവും വ്യക്തമാണെന്നും എസ്ഐടി ചൂണ്ടിക്കാണിച്ചു. ഇടപാടുകളില്‍ പ്രതികള്‍ക്കുള്ള പങ്കിന്റെ തെളിവ് ലഭിച്ചെന്നും എസ്‌ഐടി വ്യക്തമാക്കി. സ്വര്‍ണ്ണക്കവര്‍ച്ചയിലെ ക്രിമിനല്‍ ഗൂഡാലോചനയില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്നും സ്വര്‍ണ്ണക്കവര്‍ച്ചയില്‍ ഉദ്യോഗസ്ഥരുടെ പങ്കിലും വിശദമായ അന്വേഷണം വേണമെന്നും എസ്ഐടി ചൂണ്ടിക്കാണിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ദ്വാരപാലക, കട്ടിളപ്പാളി സ്വർണം മോഷ്ടിക്കുന്നതിന് രണ്ട് വർഷം മുമ്പ് ശബരിമലയിൽ ജോലി തുടങ്ങിയെന്ന് തെളിയിക്കുന്ന രേഖകൾ നേരത്തെ റിപ്പോർട്ടറിന് ലഭിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ പണിക്കായി ശബരിമലയിൽ കയറ്റിയത് 2019ൽ അല്ലെന്നും 2017ലാണെന്നും തെളിയിക്കുന്നതാണ് രേഖകൾ. 2017 ൽ മണികൾ മാറ്റി സ്ഥാപിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് അനുമതി നൽകുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവും റിപ്പോർട്ടറിന് ലഭിച്ചിരുന്നു. ശബരിമലയിൽ പുരാതനമായ രണ്ട് കൂറ്റൻ മണികളും മണിമണ്ഡപവും നാല് കമ്പവിളക്കുകളും സ്‌പോൺസർ ചെയ്യാൻ അഭിഭാഷക കമ്മീഷണർ അഡ്വ എ എസ് പി കുറുപ്പ് ഉണ്ണികൃഷ്ണൻ പോറ്റിയെ വിളിച്ചതിന്റെ തെളിവുകളും റിപ്പോർട്ടറിന് ലഭിച്ചിരുന്നു. അന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്ത് പ്രയാർ ഗോപാലകൃഷ്ണനായിരുന്നു.
അതേസമയം ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപനയിൽ വിജിലൻസ് വൻ ക്രമക്കേട് കണ്ടെത്തി. 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. നെയ്യ് പാക്ക് ചെയ്യുന്ന പ്ലാന്റിൽ സ്റ്റോക്ക് രജിസ്റ്ററും ലഡ്ജറുമില്ല. ദേവസ്വത്തിന്റെ നാല് കൗണ്ടറുകളിലൂടെയാണ് നെയ്യ് വിൽ നടക്കാറുള്ളത്. എന്നാൽ വിൽപനക്കായി ഏത് ദേവസ്വം കൗണ്ടറിലേക്കാണ് നെയ്യ് കൈമാറിയത് എന്നതിനുപോലും രേഖകളില്ല. കൂടുതൽ കണ്ടെത്തലുകൾക്കായി സംസ്ഥാന ഓഡിറ്റ് വിഭാഗം വിശദമായ ഓഡിറ്റിങ് നപടികൾ തുടങ്ങിയിട്ടുണ്ട്. അത് പൂർത്തിയാക്കിയതിന് ശേഷമായിരിക്കും കൂടുതൽ വിവരങ്ങൾ ലഭ്യമാകുക. 3.43 കോടി രൂപയാണ് വരുമാനമായി കഴിഞ്ഞ മണ്ഡലകാലത്ത് വരേണ്ടിയിരുന്നത്. പക്ഷെ അതിൽ 3.17 കോടി രൂപ മാത്രമാണ് ലഭിച്ചത്. മൂന്ന് ഉദ്യോഗസ്ഥരെയും മൂപ്പത് ജീവനക്കാരെയും ഇതിനോടകം വിജിലൻസ് പ്രതിചേർത്തിട്ടുണ്ട്.
Content Highlights: The Kerala High Court has directed the Special Investigation Team (SIT) that the investigation into the Sabarimala gold theft case cannot be prolonged indefinitely, stressing the need for a timely conclusion.