

തൃശൂര്‍: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര കൊടുത്തതിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ബസുകള്‍ക്കും സര്‍ക്കാര്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍. സ്വകാര്യ ബസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രൈവറ്റ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഡ്രൈവറെ ബസ് ഉടമ നിയമിക്കാം, കണ്ടക്ടറെ സര്‍ക്കാര്‍ വെക്കട്ടേയെന്നും തൃശൂരില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സ്വകാര്യ ബസ് ഉടമകള്‍ പ്രതികരിച്ചു.
'കെഎസ്ആര്‍ടിസിക്ക് കൊടുക്കുന്നത് പോലെ സര്‍ക്കാര്‍ ധനസഹായം സ്വകാര്യ ബസുകള്‍ക്കും നല്‍കണം. ഒരു ബസിന് നിശ്ചിത തുക സര്‍ക്കാര്‍ തരണം. കിലോമീറ്ററിന് 55 രൂപ സര്‍ക്കാര്‍ നല്‍കണം. കളക്ഷന്‍ സര്‍ക്കാരിന് നല്‍കാം. മറ്റെല്ലാ ചെലവുകളും ഉടമകള്‍ നടത്തും. അതല്ലെങ്കില്‍ സ്വകാര്യ ബസുകളും വനിതകള്‍ക്ക് സൗജന്യം നല്‍കാം. സര്‍ക്കാര്‍ പണം തന്നാല്‍ മതി. ഇതിന് രണ്ടിനും തയ്യാറല്ലെങ്കില്‍ പകുതി വിലയ്ക്ക് ഡീസല്‍ നല്‍കണം. റോഡ് ടാക്‌സ് ഒഴിവാക്കണം', സ്വകാര്യ ബസ് ഉടമകള്‍ പ്രതികരിച്ചു.
ബജറ്റിന് ശേഷം മുഖ്യമന്ത്രിയെ കാണുമെന്നും ബസുടമകള്‍ വ്യക്തമാക്കി. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ജൂലൈ മുതല്‍ സമരത്തിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുമെന്നും അവര്‍ പ്രതികരിച്ചു. ബജറ്റില്‍ തങ്ങള്‍ക്ക് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് നേരത്തെ സ്വകാര്യ ബസ് ഉടമകള്‍ പ്രതികരിച്ചിരുന്നു. കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് യാത്ര സൗജന്യമാക്കിയത് സ്വകാര്യ ബസ് മേഖലയെ കാര്യമായി ബാധിക്കുമെന്നും ആയിരക്കണക്കിന് ജീവനക്കാരുടെ തൊഴിലിന് ഭീഷണിയാകുമെന്നും അടക്കം സ്വകാര്യ ബസ് ഉടമകള്‍ നേരത്തെ പ്രതികരിച്ചിരുന്നു. വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഇന്ന് തൃശൂരില്‍ യോഗം ചേര്‍ന്നത്.
തിങ്കളാഴ്ച മുതലാണ് സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദര്‍ശിനി ആരംഭിച്ചത്. മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസില്‍ തമ്പാനൂര്‍ മുതല്‍ പെരുമാതുറ വരെയായിരുന്നു പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര.
സൗജന്യ യാത്രയ്ക്കായി സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായമുള്‍പ്പെടെ മാനദണ്ഡവുമല്ല. എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിച്ചതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി കണ്‍സെഷന്‍ ടിക്കറ്റ് ആവശ്യമില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും സൈഡിലുമായി 'പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര' എന്ന് എഴുതിയിട്ടുണ്ടാകും.
Content Highlights: Private bus owners have urged the government to extend financial assistance and support measures to the private transport sector