

തിരുവനന്തപുരം: മേജർ രവിക്കെതിരെ പരാതിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നടൻ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശത്തിനെതിരെയാണ് പരാതി. ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് പരാതി നൽകിയിരിക്കുന്നത്. ഇന്നസെൻ്റിന് അന്ത്യോപചാരം അർപ്പിക്കാൻ അന്നത്തെ മുഖ്യമന്ത്രി 56 വാഹനങ്ങളുടെയും 560 പൊലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെയാണ് എത്തിയതെന്ന മേജർ രവിയുടെ പരാമർശം വസ്തുതാവിരുദ്ധമാണെന്നാണ് പരാതിയിൽ പറയുന്നത്.
പരാമർശത്തിന് പിന്നാലെ കൃത്രിമ ദൃശ്യങ്ങൾ നിർമ്മിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. വ്യാജ പോസ്റ്റുകളുടെയും യഥാർത്ഥ ദൃശ്യങ്ങളുടെയും ലിങ്കുകൾ പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. നവമാധ്യമ പ്രചാരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യമുണ്ട്. കുറ്റക്കാർക്കെതിരെ നിയമനടപടി ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മേജർ രവിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നേരത്തെ രംഗത്ത് എത്തിയിരുന്നു. ബിജെപി നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നായിരുന്നു പിണറായി വിജയൻ വ്യക്തമാക്കിയത്. യഥാർത്ഥ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിട്ടുള്ളതാണ്. അത് പരിശോധിച്ചാൽ അടിസ്ഥാന രഹിതമായ വ്യാജ നിർമ്മിതി ആർക്കും മനസ്സിലാവുമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു. മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചിരുന്നു. വസ്തുതാ വിരുദ്ധമായി പ്രചരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകിയിരുന്നു.
മുഖ്യമന്ത്രി വിഡി സതീശനെ പ്രശംസിച്ചും മുൻമുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചും മേജർ രവി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അന്തരിച്ച നടൻ സലിം കുമാറിൻ്റെ സംസ്കാര ചടങ്ങിൽ വി ഡി സതീശൻ്റെ ഇടപെടൽ ചൂണ്ടിക്കാണിച്ചായിരുന്നു മേജർ രവിയുടെ വിമർശനം. ചടങ്ങിൽ പങ്കെടുക്കാനെത്തിയ വി ഡി സതീശനെ ഷാളിടാനെത്തിയപ്പോൾ തടഞ്ഞതും ഓൺലൈൻ മാധ്യമങ്ങളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാൻ നേരിട്ട് ഇടപെട്ടതും ചൂണ്ടിക്കാണിച്ചായിരുന്നു മേജർ രവിയുടെ വിമർശനം.
"രണ്ട് മുഖ്യമന്ത്രിമാരുടെ വ്യത്യാസമാണ് നമ്മൾ കണ്ടത്. ഒന്ന് കാരണഭൂതൻ എന്ന പാട്ടും പാടിച്ച് നടക്കുന്നൊരു മുഖ്യമന്ത്രി. ഞാനാണ് വലുതെന്ന ചിന്തയിൽ. ഇപ്പുറത്ത് ഒരു വണ്ടിയും കൊണ്ടാണ് ഇന്നലെ സലിം കുമാറിൻറെ സംസ്കാര ചടങ്ങിൽ പങ്കെടുത്താൻ വന്നത്. ഇന്നസെൻറ് ചേട്ടൻ മരിച്ച സമയത്ത് പഴയ മുഖ്യമന്ത്രി 56 വണ്ടിയും 560 പൊലീസും പത്ത് ഫയർ ഫോഴ്സും കൂടിയാണ് ആ ഇടവഴിയിലൂടെ പോയത്. നാട്ടുകാർക്ക് എന്തുമാത്രം ബുദ്ധിമുട്ടുണ്ടായി. ഞാനൊരു മുഖ്യമന്ത്രി ആണെങ്കിൽ 56 വണ്ടിയും 560 പൊലീസ് സംരക്ഷണവും വേണമെങ്കിൽ ജനങ്ങൾക്ക് എന്നെ വേണ്ട എന്നതല്ലേ. എന്നെ കൊല്ലാൻ നടക്കുന്നു എന്നതല്ലേ. പിന്നെ ആ സ്ഥാനത്ത് ഇരിക്കരുത്. ഇപ്പോഴവരിരുന്ന് നിരങ്ങി കൊണ്ടിരിക്കുകയാണ്. അവർ തോറ്റെന്ന് ഇപ്പോഴെങ്കിലും അവരെ പറഞ്ഞ് മനസിലാക്കൂ എന്നായിരുന്നു മേജർ രവിയുടെ വിമർശനം.
Content Highlights: Kerala Opposition Leader Pinarayi Vijayan has strongly refuted and initiated action against BJP leader and filmmaker Major Ravi for his allegedly false claims about the massive security convoy used during Pinarayi's visit to pay last respects to late actor Innocent. Pinarayi's office called the remarks "factually incorrect" and "cheap publicity."