

ആലപ്പുഴ: ട്രെയിന്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 24 കാരന്റെ രണ്ട് കാലുകളും മുറിച്ചുമാറ്റി. കാസര്‍കോട് സ്വദേശിയായ അര്‍ഷാദിന്റെ കാലുകളാണ് മുറിച്ചുമാറ്റിയത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് അര്‍ഷാദ്. യുവാവിന് ആകെയുള്ളത് മാതാവാണ്. അറുപത്തിയാറ് വയസുണ്ട് അര്‍ഷാദിന്റെ മാതാവ് ആയിഷയ്ക്ക്. വിവരം അറിഞ്ഞ് കാസര്‍കോട് നിന്ന് മാതാവ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മുട്ടിന് തേയ്മാനം ഉള്ളതുകൊണ്ട് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ആയിഷ. മകന്റെ അവസ്ഥയില്‍ എന്ത് ചെയ്യണമെന്ന് പോലും അറിയാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഈ വയോധിക.
കാസർകോട് പെരുമ്പാല ലക്ഷംവീട് കോളനിയില്‍ വാടകയ്ക്കാണ് അര്‍ഷാദും ആയിഷയും താമസിക്കുന്നത്. വഴിയോര കച്ചവടം ചെയ്തായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. മാരാരിക്കുളം റെയില്‍വേ സ്റ്റേഷനില്‍വെച്ച് ചൊവ്വാഴ്ച രാത്രിയായിരുന്നു അര്‍ഷാദിന് അപകടം സംഭവിക്കുന്നത്. കാസര്‍കോട് നിന്ന് എറണാകുളത്തെ ആശുപത്രിയില്‍ പോകുന്നതിന് ഇറങ്ങിയതായിരുന്നു അര്‍ഷാദ്. ട്രെയിനില്‍വെച്ച് ഉറങ്ങിപ്പോയതിനാല്‍ എറണാകുളത്ത് ഇറങ്ങാന്‍ സാധിച്ചില്ല. ട്രെയിന്‍ മാരാരിക്കുളം സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചാടി ഇറങ്ങാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ അര്‍ഷാദിന്റെ കാലുകള്‍ക്ക് സാരമായി പരിക്കേറ്റു. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വലത്തേ കാല്‍ തുടയ്ക്ക് താഴെയും ഇടതുകാലിന്റെ മുട്ടിന് താഴേയ്ക്കുമാണ് മുറിച്ചുമാറ്റിയത്. ആയിഷയുടെ ഏക മകനാണ് അര്‍ഷാദ്. ഇവര്‍ക്ക് മറ്റാരും സഹായത്തിനില്ല.
ഇതിലും വലിയൊരു വിഷമം ഇനി വരാനില്ലെന്ന് ആയിഷ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മകന്റെ കാര്യമോര്‍ത്ത് ജീവിതം തന്നെ മടുത്ത അവസ്ഥയിലാണ്. ട്രെയിനില്‍ നിന്ന് വീണതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബന്ധുക്കളായിട്ട് ആരുമില്ല. ഒന്നിനും കൈയില്‍ പണമില്ല. പട്ടിണി കിടന്നിട്ടും ആരോടും യാചിച്ചിട്ടില്ല. ജീവിതം ജീവിച്ച് തീര്‍ക്കേണ്ടേ എന്നും ആയിഷ വേദനയോടെ ചോദിക്കുന്നു. ആയിഷയ്ക്കും അര്‍ഷാദിനും ഒപ്പമുണ്ടാകുമെന്ന് കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ പറഞ്ഞു. സാമ്പത്തികമായി സഹായമുണ്ടാകുമെന്നും എംഎല്‍എ പറഞ്ഞു. റിപ്പോർട്ടറിനോടായിരുന്നു എംഎൽഎയുടെ പ്രതികരണം. അതേസമയം മുറിച്ചുമാറ്റിയ അര്‍ഷാദിന്റെ കാലുകള്‍ ഖബറടക്കാനാണ് തീരുമാനം. ആലപ്പുഴ കുറവന്‍തോട് ഷറഫുള്‍ ഇസ്‌ലാം മസ്ജിദിലായിരിക്കും കാലുകള്‍ ഖബറടക്കുക.
Content Highlights- A 24-year-old man who suffered severe injuries in a train accident has undergone amputation of both legs. Reports indicate that his mother has been left struggling at the hospital while caring for him