

തിരുവനന്തപുരം: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോഫിനാൻസ് കോ-ഓർഡിനേറ്ററുമായിരുന്ന കെ കെ മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളിയെ കുടുക്കി കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിക്കുന്നതിന് മുമ്പ് കെ കെ മഹേശന്‍ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിക്കയച്ച കത്തില്‍ പൊലീസിനെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. വെള്ളാപ്പള്ളി പ്രതിയായ മൈക്രോഫിനാന്‍സ് കേസില്‍ അദ്ദേഹത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി തന്നെ ബലിയാടാക്കാന്‍ ശ്രമിച്ചുവെന്നാണ് കെ കെ മഹേശന്‍ കത്തില്‍ പറയുന്നത്.
തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് വരെ നോട്ടീസ് അയച്ച് വിളിപ്പിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു. 'ടി ആര്‍ സന്തോഷ് എന്ന ഉദ്യോഗസ്ഥന്‍ വിളിച്ച് വരുത്തി എട്ട് മണി മുതല്‍ രണ്ട് മണി വരെ മൊഴിയെടുത്തു. കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ പോയിട്ടു പോലുമില്ലാത്ത സ്ഥലങ്ങളിലെ കേസില്‍ പോലും എന്റെ തലയില്‍ കുറ്റമാരോപിക്കാനുള്ള നിര്‍ബന്ധ ബുദ്ധി അവിടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് എന്റെ മേലുണ്ടായെന്ന് എനിക്ക് തോന്നുന്നു', കത്തില്‍ പറയുന്നു.
കെ കെ മഹേശ് ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞിരുന്നതായി ബന്ധുവായ എം എസ് അനിലും റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'മരിക്കുന്നതിന്റെ തലേ ദിവസം ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചെല്ലണമെന്ന് പറഞ്ഞ് വിളിച്ചു. ഒരു വട്ടം മൊഴി കൊടുത്തതാണെന്നും വീണ്ടും ചെല്ലണമെന്ന് പറയുന്നുവെന്നും അദ്ദേഹം എന്നോട് പറഞ്ഞു. മറ്റ് കാര്യങ്ങളൊന്നും പറഞ്ഞില്ല. ചോദ്യം ചെയ്യലിന് ഞാനും കൂടി പോയി. ഒരു 10.15ഓടെ അദ്ദേഹത്തെ വിളിപ്പിച്ച് നാല് മണിയോടെയാണ് പുറത്തിറങ്ങിയത്. കണ്ടാല്‍ തന്നെ അദ്ദേഹം മാനസികമായി തളര്‍ന്നിരുന്നുവെന്ന് മനസിലാകും.
തന്നെ കുടുക്കാനുള്ള എല്ലാ ശ്രമവും നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ പറയുന്ന മൊഴിയനുസരിച്ച് ഞാന്‍ ഒപ്പിട്ട് കൊടുക്കണമെന്ന് ആവശ്യപ്പെട്ടെന്നും അതിന് സമ്മതിക്കില്ലെന്ന് തീര്‍ത്ത് പറഞ്ഞെന്നും അദ്ദേഹം എന്നോട് പറഞ്ഞു', എം എസ് അനില്‍ പറഞ്ഞു.
പ്രശാന്ത് കാണി, സന്തോഷ് കുമാര്‍, ഗോപകുമാര്‍ ഇവര്‍ മൂന്ന് പേരാണ് സമ്മര്‍ദം ചെലുത്തിയതെന്ന് മഹേശ് പറഞ്ഞതായി അനില്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ഈ കേസില്‍ ഒരു ഭയവുമില്ലെന്നായിരുന്നു അദ്ദേഹം തുടക്കം മുതല്‍ പറഞ്ഞത്. താന്‍ തന്റെ ചുമതല വഹിച്ചു. പണം കൊടുത്തതില്‍ തനിക്ക് ഉത്തരവാദിത്തം ഇല്ലെന്നും മരണം വരെ ഇതാണ് മഹേശന്‍ പറഞ്ഞതെന്നും എം എസ് അനില്‍ പറഞ്ഞു. ടോമിന്‍ തച്ചങ്കരിയെ ഒറ്റയ്ക്ക് കാണണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് വിളിച്ചിരുന്നുവെന്നും പിന്നാലെയാണ് തച്ചങ്കരിക്ക് കത്തയച്ചതെന്നും അനില്‍ വ്യക്തമാക്കി. തച്ചങ്കരി പിന്നീട് വിളിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ആറുവര്‍ഷം മുന്‍പ് 2020 ജൂണ്‍ 24നാണ് എസ്എന്‍ഡിപി യോഗം കാണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസില്‍ മഹേശന്‍ ജീവനൊടുക്കിയത്. സംസ്ഥാന പിന്നാക്ക ക്ഷേമ കോര്‍പറേഷന്‍ കുറഞ്ഞ പലിശക്ക് നല്‍കുന്ന വായ്പകള്‍ എടുത്ത ശേഷം, എസ്എന്‍ഡിപി യൂണിയനുകള്‍ അത് അംഗങ്ങള്‍ക്ക് കൂടിയ നിരക്കില്‍ നല്‍കിയതാണ് മൈക്രോഫിനാന്‍സ് കേസുകള്‍ക്ക് ആധാരം. വായ്പ നല്‍കാതെ നിര്‍ധന സ്ത്രീകളുടെ പേരില്‍ വ്യാജരേഖകള്‍ കാണിച്ച് വന്‍ തുകകള്‍ തട്ടിയെടുത്തു എന്ന കേസുകളും ഇതിലുണ്ട്.
മൈക്രോഫിനാന്‍സ് പദ്ധതികളുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ ആയിരുന്ന കെ കെ മഹേശന്‍ അക്കാരണം കൊണ്ട് തന്നെ പ്രതിയായി. എന്നാല്‍ പ്രതിപ്പട്ടികയില്‍ ആദ്യസ്ഥാനത്ത് എത്തിയ വെള്ളാപ്പള്ളിയും സംഘവും ഒത്തുകളിച്ച് തന്നെ മാത്രം കുരുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആശങ്കപ്പെട്ടാണ് മഹേശന്‍ ജീവനൊടുക്കിയത്. ആറുവര്‍ഷം എത്തുമ്പോള്‍ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് ഈ കേസ് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ പുതിയ അന്വേഷണത്തിനായി പുതിയ സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നേരത്തെ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് വി എം സുധീരന്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ അത് പരിഗണിക്കപ്പെട്ടിരുന്നില്ല.
Content Highlights: Serious allegations have been raised against the police in connection with the case of former SNDP Yogam office-bearer K.K. Mahesan