

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ സുഗതന്‍ രണ്ട് തവണ ജില്ലാ ഭരണകൂടം നാടുകടത്തിയ പ്രതി. 2022, 2025 വര്‍ഷങ്ങളിലാണ് ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയത്. 2022, 2025 വര്‍ഷങ്ങളില്‍ ഇയാള്‍ക്കെതിരെ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നാടുകടത്തപ്പെട്ട് തിരികെയെത്തിയ ശേഷവും ഇയാള്‍ വധശ്രമക്കേസില്‍ പ്രതിയായി. അങ്ങനെ ഒരു വധശ്രമക്കേസിലായിരുന്നു ഇയാള്‍ ഒളിവിലായിരുന്നത്. ഇക്കാര്യം പൊലീസിന്റെ റിപ്പോര്‍ട്ടിലുണ്ട്.
വധശ്രമക്കേസില്‍ കഴിഞ്ഞ ഒന്നര മാസമായി ഇയാള്‍ ഒളിവിലായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. രണ്ട് സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിലവില്‍ പതിനൊന്ന് കേസുകളുണ്ട്. ഇതില്‍ നാലെണ്ണം വധശ്രമക്കേസാണ്. ഇതിന് പുറമേ ലഹളയുണ്ടാക്കല്‍, ദേഹോപദ്രവമുണ്ടാക്കല്‍, ഭീഷണിപ്പെടുത്തല്‍ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. എല്ലാ കേസുകളിലും സുഗതനാണ് ഒന്നാം പ്രതി. ഒന്നൊഴികെയുള്ള എല്ലാ കേസുകളിലും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം സുഗതനെ ആസൂത്രിതമായി കുടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പറഞ്ഞ് പ്രതിരോധം തീര്‍ക്കുകയാണ് ബിജെപി. മേയര്‍ വി വി രാജേഷ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കാണും. വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒ വിപിനും എസ്‌ഐ അഭിജിത്തും ചേര്‍ന്നാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം. പൊലീസുകാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി കെ മുരളീധരനും രംഗത്തെത്തിയിട്ടുണ്ട്. അനാവശ്യ ടെന്‍ഷനാണ് പൊലീസ് സൃഷ്ടിച്ചതെന്നും വെടിവെയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യണമെന്നാണ് സ്ഥലം എംഎല്‍എ എന്ന നിലയില്‍ തന്റെ ആഗ്രഹം. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്താണ് വെടിയുടെ ശബ്ദം മുഴങ്ങാന്‍ തുടങ്ങിയത്. വലിയ ശബ്ദം നിര്‍ത്തേണ്ട സമയമായെന്നും കെ മുരളീധരന്‍ പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവങ്ങളുടെ തുടക്കം. വധശ്രമക്കേസില്‍ സുഗതന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ പൊലീസ് അറസ്റ്റ് നടപടിയിലേക്ക് കടക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവുമായി എത്തി സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട് വളഞ്ഞ് അതിസാഹസികമായായിരുന്നു സുഗതനെ പൊലീസ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ പൊലീസിനെതിരെ ആരോപണവുമായി സുഗതന്റെ കുടുംബം രംഗത്തെത്തിയിരുന്നു. പൊലീസ് മര്‍ദ്ദിച്ചെന്നും മുഖത്തടിച്ചെന്നും നടുവില്‍ ചവിട്ടിയെന്നുമായിരുന്നു സുഗതന്റെ ഭാര്യ അശ്വതിയുടെ ആരോപണം. കഴുത്തില്‍ കിടന്ന മാല പൊലീസ് വലിച്ച് പൊട്ടിച്ചെന്നും കുട്ടികള്‍ നോക്കിനില്‍ക്കെ വെടിയുതിര്‍ത്തെന്നും അശ്വതി പറഞ്ഞിരുന്നു. എന്നാല്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തതെന്നുമായിരുന്നു പൊലീസ് വാദം. അറസ്റ്റിനിടെ പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. ഇതേ സമയം തന്നെ പൊലീസ് മര്‍ദ്ദിച്ചെന്ന് പറഞ്ഞ് സുഗതന്റെ ഭാര്യയും ആശുപത്രിയില്‍ ചികിത്സതേടി.
പൊലീസിനെ ആക്രമിച്ചതില്‍ സുഗതനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസിലും സുഗതന്‍ തന്നെയാണ് ഒന്നാം പ്രതി. സഹോദരന്‍ സന്ദീപാണ് രണ്ടം പ്രതി. കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സുഗതന്റെ അറസ്റ്റില്‍ പ്രതികരിച്ച് വി വി രാജേഷ് നേരത്തേ രംഗത്തെത്തിയിരുന്നു. സിഐ വിപിനാണ് സംഭവത്തിന് പിന്നിലെന്നാണ് വി വി രാജേഷിന്റെ ആരോപണം. സിഐ വിപിന്‍ ക്രിമിനല്‍ മനസുള്ള വ്യക്തിയാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ് നടപടി നേരിട്ടയാളാണെന്നും വി വി രാജേഷ് പറഞ്ഞിരുന്നു. സുഗതനെ കേസില്‍ മനഃപൂര്‍വം കുടുക്കാനാണ് ശ്രമമെന്നും വി വി രാജേഷ് പറഞ്ഞിരുന്നു.
Content Highlights- Kerala BJP councillor Sugathan has been charged under KAAPA and is reported to have been deported twice previously. Police records indicate 11 cases registered against him across two stations.