

കൊച്ചി: എൻസിപിയിലെ അഭിപ്രായ ഭിന്നതയിൽ എ കെ ശശീന്ദ്രനെതിരെ രൂക്ഷവിമർശനവുമായി പി സി ചാക്കോ. എലത്തൂർ സീറ്റിലെ തോൽവി ചൂണ്ടിക്കാണിച്ചാണ് പി സി ചാക്കോയുടെ വിമർശനം. ഏത് പ്രതികൂല സാഹചര്യത്തിലും എൻസിപിക്ക് ജയിക്കാവുന്ന സീറ്റ് ആയിരുന്നു എലത്തൂർ. പാർട്ടി വേണ്ട ഒറ്റയ്ക്ക് എല്ലാം നേടാം എന്ന് കരുതിയവർ പാർട്ടിയെ ഈ ഗതിയിൽ എത്തിച്ചു. സ്വാർത്ഥമായ താൽപ്പര്യങ്ങൾ പലർക്കും ഉണ്ടാകും എന്നാൽ ഇന്ന് എംഎൽഎ ഇല്ലാത്ത പാർട്ടിയായി എൻസിപി മാറിയെന്നും പി സി ചാക്കോ കുറ്റപ്പെടുത്തി.
തോമസ് കെ തോമസിനെതിരെ പി സി ചാക്കോ വിമർശനം ഉന്നയിച്ചു. തോമസ് കെ തോമസ് പ്രസിഡന്റ് ആയതിൽ പിന്നെ ഒരു ജില്ലാ യോഗം പോലും വിളിച്ചിരുന്നില്ലെന്നും പാർട്ടി മാസങ്ങളായി ദയനീയ അവസ്ഥയിലായിരുന്നുവെന്നും പി സി ചാക്കോ വിമർശനം ഉന്നയിച്ചു. ദേശീയ നേതൃത്തോട് ആവശ്യപ്പെട്ടത് പ്രകാരമാണ് പ്രസിഡന്റിനെ മാറ്റിയത്. സുരേഷ് ബാബു പ്രസിഡന്റ് ആയത് ഏറ്റവും മികച്ച തീരുമാനം. എൻസിപി തിരിച്ചു വരുമെന്നും ഈ പാർട്ടിയെ ഏഴുതി തള്ളാൻ സാധിക്കില്ലെന്നും പി സി ചാക്കോ കൂട്ടിച്ചേർത്തു.
ഞങ്ങൾക്ക് ദേശീയ പാർട്ടി ആവേണ്ട സംസ്ഥാന പാർട്ടി ആയാൽ മതിയെന്ന് കരുതുന്നവരോട് സഹതപിക്കാൻ മാത്രമേ കഴിയൂ എന്നായിരുന്നു പി സി ചാക്കോയുടെ മുനവെച്ചുള്ള വിമർശനം. കൂടെയുള്ള കുറച്ച് ആളുകൾക്ക് ഇപ്പോൾ കേരള പാർട്ടിയായി മാറണമെന്ന് ഒരു മോഹമുണ്ടെന്നും പി സി ചാക്കോ പരിഹാസിച്ചു. എല്ലാവരും വലുതാകാൻ ആഗ്രഹിക്കുന്നത് മനസ്സിലാക്കാം. ഇവിടെ ചെറുതാകാൻ ആണ് മോഹമെന്നും പി സി ചാക്കോ കൂട്ടിച്ചേർത്തു.
എൻസിപി ദേശീയ നേതൃത്വവുമായി ഉള്ള ബന്ധം വിച്ഛേദിക്കാൻ നേരത്തെ എൻസിപി നേതൃയോഗം പ്രമേയം പാസാക്കിയിരുന്നു. എ കെ ശശീന്ദ്രനും തോമസ് കെ തോമസും പങ്കെടുത്ത നേതൃയോഗത്തിലായിരുന്നു തീരുമാനം. പി സി ചാക്കോ വിഭാഗം യോഗത്തിൽ നിന്നും വിട്ടു നിന്നു. പുതിയ സംസ്ഥാന അധ്യക്ഷനായി സുരേഷ് ബാബുവിനെ നിയമിക്കാനുള്ള കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിക്കേണ്ടെന്നും യോഗം തീരുമാനിച്ചിരുന്നു. പകരം തോമസ് കെ തോമസ് അധ്യക്ഷനായി തുടരട്ടെയെന്നും പാർട്ടി സംസ്ഥാന ഘടകം സ്വതന്ത്രഘടകമായി നിലനിൽക്കട്ടെയെന്നും നേതൃയോഗത്തിൽ ധാരണയായിരുന്നു. ഘടക കക്ഷിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണിയ്ക്ക് കത്ത് നൽകാനും തീരുമാനമെടുത്തിരുന്നു. എന്‍ഡിഎയുമായുള്ള ദേശീയ നേതൃത്വത്തിൻ്റെ ബന്ധം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും എല്‍ഡിഎഫിന് അത്തരത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും തോമസ് കെ തോമസ് നേരത്തെ പ്രതികരിച്ചിരുന്നു. എന്‍ഡിഎയുമായി ഒരു ബന്ധവും എന്‍സിപി എന്ന തങ്ങളുടെ പാര്‍ട്ടിക്കുണ്ടാകില്ലെന്നും എന്‍സിപി മതേതര പാര്‍ട്ടിയാണെന്നും തോമസ് കെ തോമസ് വ്യക്തമാക്കിയിരുന്നു.
Content Highlights: PC Chacko sharply criticizes leaders who believed they could succeed without the party, accusing them of bringing the organization to its current sorry state. In a strong attack on Shashindran, Chacko highlights the dangers of individual arrogance over collective party strength in Kerala politics.