7മണി വരെ തിരുവനന്തപുരത്ത്,ശേഷം തൃശൂരിലേക്ക് പോകും;മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തിയുമായി K മുരളീധരൻ

പ്രഖ്യാപനം നീണ്ടുപോകുന്നതില്‍ അസ്വസ്ഥതയുണ്ടെന്നും കെ മുരളീധരന്‍

7മണി വരെ തിരുവനന്തപുരത്ത്,ശേഷം തൃശൂരിലേക്ക് പോകും;മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തിയുമായി K മുരളീധരൻ
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചയില്‍ പ്രതികരിച്ച് നിയുക്ത എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍. ഉച്ചയ്ക്ക് ഒരു മണിക്ക് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഉണ്ട് എന്ന് കെപിസിസി പ്രസിഡന്റ് അറിയിച്ചിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു. സമയം മാറ്റി എന്ന് മാധ്യമങ്ങളിലൂടെ പറയുന്നുവെന്നും അത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

'ഞാന്‍ ഇന്ന് വൈകിട്ട് 7 മണി വരെ തിരുവനന്തപുരത്തുണ്ട്. അതിനുശേഷം 7.15ന്റെ ട്രെയിനില്‍ തൃശ്ശൂരിലേക്ക് പോകും. അതിനു മുന്‍പ് തീരുമാനം ഉണ്ടായാല്‍ ഞാന്‍ ഇവിടെ ഉണ്ടാകും. എന്ത് സംഭവിച്ചാലും ഗുരുവായൂരപ്പനെ ദര്‍ശിക്കുന്ന യാത്ര മാറ്റിവയ്ക്കില്ല. പ്രഖ്യാപനം നീണ്ടുപോകുന്നതില്‍ അസ്വസ്ഥതയുണ്ട്. ഘടകകക്ഷികള്‍ക്കും ജനങ്ങള്‍ക്കും അതില്‍ അസ്വസ്ഥത നിലനില്‍ക്കുന്നു', കെ മുരളീധരന്‍ പറഞ്ഞു. അസ്വസ്ഥത ഒഴിവാക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ താന്‍ ആളല്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ സസ്‌പെന്‍സുകള്‍ തീരുന്നില്ല. കെ സി വേണുഗോപാലിനെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വസതിയിലേക്ക് വിളിപ്പിച്ചു. നിയമസഭാ കക്ഷി യോഗത്തിന്റെ സമയം മാറ്റിയേക്കുമെന്നുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ഇതുവരെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനും അറിയിപ്പുകള്‍ വന്നിട്ടില്ല.

ദീപാ ദാസ് മുന്‍ഷി, അജയ്മാക്കന്‍, മുകുള്‍ വാസ്‌നിക് എന്നിവര്‍ നാല് മണിയോടെ പ്രത്യക വിമാനത്തില്‍ തിരുവനന്തപുരത്തെത്തും. നിലവില്‍ കെ സി വേണുഗോപാലിന്റെ പേര് യാത്രക്കാരുടെ പട്ടികയില്‍ ഇല്ല. കേരളത്തിലേക്ക് പോകുന്നതിന് മുമ്പ് ദീപാ ദാസ് മുന്‍ഷി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കാണും.

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് വി ഡി- ചെന്നിത്തല ക്യാമ്പുകളും പറയുന്നത്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് മുഖ്യമന്ത്രി ആരാണെന്ന് അറിയിക്കണമെന്നാണ് മുസ്‌ലിം ലീഗിന്റെ നിലപാട്. ഘടകകക്ഷികളുടെ നിലപാടില്‍ വെട്ടിലായിരിക്കുകയാണ് നിലവില്‍ കോണ്‍ഗ്രസ്.

Content Highlights: K Muraleedharan against delay of CM declaration

dot image
To advertise here,contact us
dot image