

മലയാളത്തിലെ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. സംവിധായകന്റേതായി അവസാനം പുറത്തുവന്ന ദൃശ്യം 3 ഉൾപ്പെടെയുള്ള സിനിമകൾ വലിയ വിജയമാണ് നേടിയത്. ഇപ്പോഴിതാ തന്റെ സിനിമകളിൽ കൂടുതൽ ആളുകൾ കണ്ടിരുന്നെങ്കിൽ എന്നാഗ്രഹമുള്ള ചിത്രത്തെക്കുറിച്ച് മനസുതുറക്കുകയാണ് ജീത്തു ജോസഫ്. റിപ്പോർട്ടർ ഫിലിംസിന്റെ റാപിഡ് ഫയറിൽ സംസാരിക്കുകയായിരുന്നു ജീത്തു.
'കൂടുതൽ ആളുകൾ കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹമുള്ള ഒരു ജീത്തു ജോസഫ് ചിത്രം', എന്നായിരുന്നു അവതാരകയുടെ ചോദ്യം. 'വലതുവശത്തെ കള്ളൻ. ആ സിനിമയുടെ കാര്യം എനിക്ക് ഭയങ്കര സങ്കടമായിപ്പോയി. അതിന് മുൻപിറങ്ങിയ മിറാഷിനെ ആളുകൾ വിമർശിച്ചത് എനിക്ക് മനസിലാകും പക്ഷേ വലതുവശത്തെ കള്ളൻ അങ്ങനെയല്ല ഞങ്ങൾ പ്രതീക്ഷിച്ചത്. നല്ല കഥാപാത്ര സൃഷ്ടി ഒക്കെയുള്ള സിനിമ ആയിരുന്നു അത്', എന്നായിരുന്നു ജീത്തുവിന്റെ ഉത്തരം.
ബിജു മേനോനും ജോജു ജോർജും പ്രധാന വേഷത്തിൽ എത്തിയ സിനിമയ്ക്ക് തിയേറ്ററിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. സർക്കിൾ ഇൻസ്പെക്ടറായ ആന്‍റണി സേവ്യറായാണ് ചിത്രത്തിൽ ബിജു മേനോൻ എത്തിയിരിക്കുന്നത്. ഒരു ദിവസം ആന്‍റണി സേവ്യറിന് മുന്നിലെത്തുന്ന ഒരു മിസ്സിങ് കേസ് അയാളുടെ ജീവിതം തന്നെ മാറ്റി മറയ്ക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. സതീഷ് കുറുപ്പിന്‍റെ ഛായാഗ്രഹണം സിനിമയുടെ ടോട്ടൽ മൂഡിനോട് ചേർന്ന് നീങ്ങുന്നതാണ്. വിനായകിന്‍റെ എഡിറ്റിംഗും വിഷ്ണു ശ്യാമിന്‍റെ സംഗീതവും എടുത്തുപറയേണ്ടതാണ്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിച്ചിരിക്കുന്ന സിനിമയുടെ ഡിസ്ട്രീബ്യൂഷൻ ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ്.
Content Highlights: Director Jeethu Joseph was asked which of his films he wishes more people had watched. Responding to the question, the filmmaker pointed to a project that remains particularly close to his heart, expressing his desire that it had found a larger audience despite receiving appreciation from viewers and critics.