സ്വർണ്ണംപൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുള്ള നേതാക്കൾ ഇപ്പോഴും പാർട്ടിയിലുണ്ട്; പി ജയരാജനെ ഉന്നമിട്ട് മനു തോമസ്

ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായ മനു പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പുറത്തുപോയ നേതാവാണ്

സ്വർണ്ണംപൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുള്ള നേതാക്കൾ ഇപ്പോഴും പാർട്ടിയിലുണ്ട്; പി ജയരാജനെ ഉന്നമിട്ട് മനു തോമസ്
dot image

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജനെ ഉന്നമിട്ട് മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസ്. സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളുമായി ബന്ധപ്പെടുന്ന സംസ്ഥാന ജില്ലാ ഏരിയാ ലോക്കല്‍ നേതാക്കള്‍ ഇപ്പോഴും തെറ്റുതിരുത്താതെ പാര്‍ട്ടിയില്‍ തുടരുകയാണെന്നും സ്വര്‍ണം പൊട്ടിക്കല്‍, രാഷ്ട്രീയ ഗുണ്ടാക്രിമിനല്‍ സംഘത്തിനെതിരായി തുറന്നുപറഞ്ഞതിന്റെ പേരില്‍ ഒരു സംസ്ഥാന കമ്മിറ്റി അംഗം തന്നെ തനിക്കെതിരെ പാര്‍ട്ടിക്കതീതമായി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് ഓര്‍മ്മയുണ്ടോയെന്നും മനു ചോദിക്കുന്നു. കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കലില്‍ വട്ടപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് മനു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായ മനു പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പുറത്തുപോയ നേതാവാണ്.

കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ പ്രദേശിക പ്രവര്‍ത്തകരും ഉള്‍പ്പെടെ ഉണ്ടെന്ന വാര്‍ത്ത വലിയ ഞെട്ടല്‍ ഉണ്ടാക്കുന്നില്ലെന്നും തെറ്റുകള്‍ തിരുത്തേണ്ടവര്‍ യോഗം ചേര്‍ന്നുകൊണ്ടിരിക്കുമെന്നും മനു തോമസ് പരിഹസിച്ചു. സ്വര്‍ണം പൊട്ടിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കരിപ്പൂരില്‍ അറസ്റ്റിലായ പതിമൂന്നില്‍ ഒന്‍പത് പേര്‍ കണ്ണൂര്‍ സ്വദേശികളായിരുന്നു. അതില്‍ ആറ് പേര്‍ മുഴക്കുന്ന് സ്വദേശികളാണ്. ഇക്കൂട്ടത്തിലാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും ഉള്‍പ്പെടുന്നത്.

മനു തോമസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

കരിപ്പൂര്‍ വിമാന താവള പരിസരത്ത് ഇന്നലെ അറസ്റ്റു ചെയ്യപ്പെട്ട സ്വര്‍ണ്ണം പൊട്ടിക്കല്‍
സംഘത്തില്‍
സി. പി.ഐ. എം ബ്രാഞ്ച് സെക്രട്ടറിയും
DYFI പ്രാദേശിക പ്രവര്‍ത്തകരും ഉള്‍പ്പെടെ ഉണ്ടെന്നുള്ള
വാര്‍ത്ത എന്നില്‍ വലിയ ഞെട്ടല്‍ ഒന്നും ഉണ്ടാക്കുന്നില്ല,
കാരണം ഇത്തരം സംഘങ്ങളുമായി ബന്ധപ്പെടുന്ന സംസ്ഥാന ജില്ല ഏരിയ ലോക്കല്‍ നേതാക്കള്‍ ഇപ്പോഴും തെറ്റ് തിരുത്താതെ അതില്‍ തുടരുകയാണ്
ഈ സ്വര്‍ണ്ണം പൊട്ടിക്കല്‍ ,രാഷ്ട്രീയ ഗുണ്ടാക്രിമിനല്‍ സംഘത്തിനെതിരായി തുറന്നു പറഞ്ഞു എന്നതിന്റെ പേരില്‍ മുമ്പ് ഒരു സംസ്ഥാന കമ്മറ്റി അംഗം തന്നെ എനിക്കെതിരെ പാര്‍ട്ടികതീതമായി FB പോസ്റ്റ് ഇട്ടത് ഓര്‍മ്മയുണ്ടല്ലോ. ..
കണ്ണികള്‍ ഒന്നും അറ്റുപോയിട്ടില്ല
കഴിഞ്ഞ ദിവസം പിലാത്തറ സംഭവിച്ചതിന്റെ ദുരൂഹതയും ബാക്കിയാണ്
ഭരണം മാറിയെങ്കിലും ധൈര്യമെവിടെ നിന്നാണ് ; സ്വര്‍ണ്ണ ഇറക്കുമതി തീരുവ കുറച്ചതോ… രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്‍തുണയോ..?
എന്തായലും തെറ്റുകള്‍ തിരുതേണ്ടവര്‍
യോഗം ചേര്‍ന്നുകൊണ്ടിരിക്കും. . . .

Content Highlights: Former DYFI leader Manu Thomas has made remarks targeting senior CPIM leader P Jayarajan in connection with the Karipur gold smuggling case

dot image
To advertise here,contact us
dot image