

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോടിയേരിയുടെ ഭാര്യ പരാമര്‍ശിച്ച പിബി അംഗം ആരാണെന്ന് അറിയില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. അടുത്തിടെ കോടിയേരിയുടെ വീട്ടില്‍ പോയിരുന്നുവെന്നും പാര്‍ട്ടി കോടിയേരിയുടെ കുടുംബത്തെ അവഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'ആരും തിരിഞ്ഞ് നോക്കാതെ ഇരുന്നിട്ടില്ല. നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും കുടുംബത്തെ സന്ദര്‍ശിക്കാറുണ്ട്. വിനോദിനി പറഞ്ഞതിനെ കുറിച്ച് അവരോട് തന്നെ ചോദിക്കണം', എന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. സിപിഐഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ വിനോദിനി ബാലകൃഷ്ണന്‍ ഉയര്‍ത്തിയിരുന്നു. തങ്ങളെ നേതാക്കള്‍ തിരിഞ്ഞുപോലും നോക്കിയില്ല. സംസ്ഥാനത്ത് ഉന്നതപദവിയിലിരിക്കുന്ന പി ബി അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെ ഈ പിബി അംഗം എംവി ഗോവിന്ദനാണെന്ന് അടക്കമുള്ള സൂചനകളുമുണ്ടായിരുന്നു.
അതേസമയം പി എം ശ്രീയടക്കമുള്ള വിഷയങ്ങളിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. പദ്ധതിയില്‍ പങ്കാളികളായില്ലെങ്കില്‍ കേരളത്തിന് ലഭിക്കേണ്ട ഫണ്ട് തരില്ല എന്നാണ് കേന്ദ്രം പറഞ്ഞതെന്നും അക്കാര്യം പരിശോധിച്ചപ്പോഴാണ് ഇതില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉയര്‍ന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
'ഒപ്പിടുന്നത് മുന്നണി മാറ്റിവെച്ചു. അന്ന് യുഡിഎഫ്- ലീഗ് നേതാക്കള്‍ വിമര്‍ശിച്ചു. സിപിഎം ബിജെപി കൂട്ടുകെട്ട് എന്ന് ആരോപിച്ചു. ഇറങ്ങുന്നതുവരെ പി എം ശ്രീയുമായി മുന്നോട്ടു പോയിട്ടില്ല', എം വി ഗോവിന്ദന്‍ വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തിലും അദ്ദേഹം പ്രതികരിച്ചു. അതില്‍ മറ്റൊരു തീരുമാനം എടുത്തിട്ടില്ലെന്നും ഇടതുപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് മുന്നോട്ട് പോകേണ്ടതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
മന്ത്രി സണ്ണി ജോസഫിന്റെ ബന്ധു നിയമനത്തിലും അദ്ദേഹം പ്രതികരിച്ചു. 'ബന്ധു നിയമനത്തിനെതിരെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചതാണ് യുഡിഎഫ് സര്‍ക്കാര്‍. ഇപ്പോള്‍ അവര്‍ ഒന്നും മിണ്ടുന്നില്ല. ബന്ധു കഴിവുള്ള ആളാണ് എന്നാണ് ന്യായീകരണം. തികച്ചും അവസരവാദപരമായ നിലപാടാണിത്', എം വി ഗോവിന്ദന്‍ പറഞ്ഞു.
Content Highlights: CPIM leader M V Govindan about Kodiyeri Balakrishnan's wife Vinodini Balakrishnan's allegations