വിനോദിനിയുടെ ആരോപണം ആരെ കുറിച്ചാണെന്ന് അറിയില്ല, കോടിയേരിയുടെ കുടുംബം സിപിഐഎമ്മിന്റെ ഭാഗം: ടി പി രാമകൃഷ്ണന്‍

പരാതി ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു

വിനോദിനിയുടെ ആരോപണം ആരെ കുറിച്ചാണെന്ന് അറിയില്ല, കോടിയേരിയുടെ കുടുംബം സിപിഐഎമ്മിന്റെ ഭാഗം: ടി പി രാമകൃഷ്ണന്‍
dot image

കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ലക്ഷ്യം വെച്ച് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ വിമര്‍ശനത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ആരെക്കുറിച്ചാണെന്ന് അറിഞ്ഞാലേ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കൂവെന്നും തങ്ങളുടെ മുന്നില്‍ അങ്ങനെ ഒരു വിഷയം വന്നിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരാതി ഉണ്ടെങ്കില്‍ പരിശോധിക്കും. കോടിയേരിയുടെ കുടുംബം സിപിഐഎമ്മിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും സിപിഐ ഒരു പുതിയ ആവശ്യം ഉന്നയിക്കുകയാണ് ചെയ്തതെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ട വിഷയമാണിത്. സിപിഐ-സിപിഐഎം ചര്‍ച്ചയിലൂടെ ഇത് പരിഹരിക്കാന്‍ സാധിക്കും. എല്‍ഡിഎഫില്‍ ഈ വിഷയം ഉയര്‍ന്നു വന്നിട്ടുണ്ട്. സിപിഐ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിന് വേണ്ടി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ചര്‍ച്ചചെയ്ത് പരിഹരിക്കാനുള്ള ശ്രമം തുടരും. ചര്‍ച്ച ഇനിയും ഉണ്ടാകും. സൗഹാര്‍ദ്ദപരമായ അന്തരീക്ഷം തന്നെയാണ് എല്‍ഡിഎഫിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നുവെന്നതടക്കം ആരോപണങ്ങളാണ് വിമനോദിനി കോടിയേരി ഉയർത്തിയത്. തങ്ങളെ നേതാക്കള്‍ തിരിഞ്ഞുപോലും നോക്കിയില്ല. ഉന്നതപദവിയിലിരിക്കുന്ന പി ബി അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. 'പച്ചക്കുതിര' മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം

Also Read:

'പ്രവര്‍ത്തകരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സംസാരിക്കുകയും ചെയ്യണമെന്നല്ല. സ്വന്തം പോക്കറ്റിലുള്ള ഫോണെടുത്ത് ഒന്നു സംസാരിക്കാന്‍ പോലും ആര്‍ക്കും തോന്നാത്ത ഒരു കാലമായി ഇതുമാറിയോ? പ്രധാനപ്പെട്ട ഒരുകാര്യം പറയാന്‍ വേണ്ടി-ശുപാര്‍ശയ്‌ക്കൊന്നുമല്ല-പാര്‍ട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാന്‍ വിളിച്ചിട്ടും ഫോണെടുത്തില്ല. തിരിച്ചുവിളിച്ചതുമില്ല. വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല. ആഭ്യന്തര മന്ത്രിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരിയുടെ മരണം നടന്ന് നാലുവര്‍ഷത്തിനിടയില്‍ എനിക്കുണ്ടായ അനുഭവം ആണ് ചൂണ്ടിക്കാട്ടുന്നത്. കുടുംബത്തോടുള്ള സമീപനമാണ് പറയുന്നത്', അവർ പറഞ്ഞു.

ആ നേതാവ് പിണറായി വിജയന്‍ അല്ലെന്നും അദ്ദേഹം വിളിച്ചാല്‍ ഫോണ്‍ എടുക്കുകയും അപ്പോള്‍ പറ്റിയില്ലെങ്കില്‍ തിരിച്ചുവിളിക്കുകയും ചെയ്യുന്ന ആളാണെന്നും വിനോദിനി വിശദീകരിച്ചു. താന്‍ ഉദ്ദേശിച്ചത് പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ കേരളത്തിലെ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെക്കുറിച്ചാണ്. കോടിയേരിയുടെ മരണത്തിന് ശേഷം അതിന്റെ ചടങ്ങുകളെല്ലാം കഴിഞ്ഞതിനപ്പുറം അദ്ദേഹം ഒരിക്കലും തന്നെ ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല. ഇക്കാലത്തിനിടയില്‍ വല്ലപ്പോഴും താന്‍ അങ്ങോട്ട് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

'ഞാന്‍ പാര്‍ട്ടിയുടെ ആളായിത്തന്നെ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. എന്നുവെച്ച് എനിക്ക് തോന്നുന്ന ശരികളൊന്നും ചെയ്യാതെ മിണ്ടാതിരിക്കാനും കഴിയില്ല. അനാവശ്യമായ വിധേയത്വം എനിക്കില്ല', വിനോദിന് ബാലകൃഷ്ണന്‍ പറഞ്ഞു. ഈ പറയുന്ന അഭിപ്രായ സ്വാതന്ത്ര്യമൊന്നും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ ഇല്ല എന്നാണല്ലോ പൊതുധാരണയെന്ന ചോദ്യത്തോട്, 'പറയാന്‍ പറ്റുന്നതും പറയേണ്ടതുമായ കാര്യങ്ങള്‍ വ്യക്തികള്‍ക്ക് ഏതുവേദിയിലും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. രാഷ്ട്രീയപാര്‍ട്ടിയുടെ മാത്രമല്ല, ഏത് രംഗത്തും അത് സാധ്യമാവണം. ഒന്നും പറയാനാകാതെ എല്ലാം കേട്ടുകൊണ്ടിരിക്കുക എന്നത് ആജീവനാന്തം സാധ്യമാവുന്ന കാര്യമല്ല എന്നും വിനോദിനി കോടിയേരി വ്യക്തമാക്കി.

Content Highlights: LDF Convenor TP Ramakrishnan has responded to Vinodini Kodiyeri’s criticism targeting CPIM State Secretary MV Govindan

dot image
To advertise here,contact us
dot image