

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസിലെ കലൂര്‍ പിഎംഎല്‍എ കോടതിയുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടറിന്. നിലവില്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകളും മൊഴികളും പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താന്‍ മതിയായ തെളിവുകളാണെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ ഉന്നയിക്കുന്ന വാദങ്ങളും പ്രതിരോധങ്ങളും വിചാരണ വേളയിലാണ് പരിശോധിക്കേണ്ടതെന്നും കോടതി പറഞ്ഞു.
നിലവിലേത് കുറ്റപത്രം സ്വീകരിക്കുന്നതിനു മുന്‍പുള്ള പ്രാഥമിക ഘട്ടമാണ്, മിനി വിചാരണ അല്ല. സിപിഐഎം നേതാക്കളായ കെ രാധാകൃഷ്ണന്‍ എംപി, എ സി മൊയ്തീന്‍ എംഎല്‍എ എന്നിവരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി ആവശ്യമില്ല. കുറ്റകൃത്യം ഔദ്യോഗിക പദവിയുടെ ഭാഗമായി ചെയ്തതല്ലെന്നും അതിനാല്‍ സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്നുമാണ് കോടതിയുടെ വിശദാംശങ്ങളില്‍ പറയുന്നത്.
കരുവന്നൂര്‍ കള്ളപ്പണ കേസില്‍ പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് അറിയിച്ച് പിഎംഎല്‍എ കോടതി നേതാക്കള്‍ക്ക് സമന്‍സ് അയച്ചിരുന്നു. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് കോടതി നിരീക്ഷണം. അടുത്തമാസം നാലിന് പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം. കേസില്‍ സിപിഐഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, മുന്‍ മന്ത്രി എ സി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍ എം പി എന്നിവര്‍ക്കുപുറമേ സിപിഐഎമ്മിനെയും പ്രതിചേര്‍ത്തിരുന്നു.
കേസില്‍ എ സി മൊയ്തീന്‍ 67-ാം പ്രതിയും സിപിഐഎം 68-ാം പ്രതിയും എം എം വര്‍ഗീസ് 69-ാം പ്രതിയും കെ രാധാകൃഷ്ണന്‍ 70-ാം പ്രതിയുമാണ്. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്ന് ഇ ഡി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. പാര്‍ട്ടിയുടേത് ഉള്‍പ്പടെ 128.82 കോടി രൂപയുടെ ആസ്തികള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ നേരത്തെ ഇ ഡി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ മൂന്ന് മുന്‍ സിപിഐഎം ജില്ലാ സെക്രട്ടറിമാരെയടക്കം പ്രതികളാക്കിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് മാസമാണ് രണ്ടാംഘട്ട കുറ്റ പത്രം സമര്‍പ്പിച്ചത്. ആദ്യത്തെ കുറ്റപത്രത്തില്‍ 55 പ്രതികളും രണ്ടാമത്തെ കുറ്റ പത്രത്തില്‍ 28 പ്രതികളുമാണ് ഉണ്ടായിരുന്നത്. ഇതോടെ മൊത്തം പ്രതികള്‍ 83ആയി ഉയര്‍ന്നിരുന്നു. ഇ ഡി അന്വേഷണത്തിനെതിരെ സിപിഐഎം വ്യാപക വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. ഇ ഡി രാഷ്ട്രീയ വേട്ട നടത്തുന്നുവെന്നാണ് സിപിഐഎം ആരോപിച്ചിരുന്നത്.
2012 മുതല്‍ തട്ടിപ്പ് നടന്നെന്ന കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ 2021 ജൂലൈ 21നാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്. സിപിഐഎം മുന്‍ പ്രവര്‍ത്തകനും ബാങ്ക് ജീവനക്കാരനുമായ എം വി സുരേഷാണ് പരാതി നല്‍കിയത്. പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു പരാതി. പരാതിക്ക് പിന്നാലെ പതിറ്റാണ്ടുകളായി സിപിഐഎം നിയന്ത്രണത്തിലുണ്ടായിരുന്ന ബാങ്ക് ഭരണസമിതിയെ പിരിച്ചു വിട്ടിരുന്നു.
സിപിഐഎം നേതാക്കളായ ബാങ്ക് സെക്രട്ടറി അടക്കം ആറുപേരെ പ്രതിയാക്കിയാണ് പൊലീസ് ആദ്യം കേസെടുത്തത്. ആദ്യ അന്വേഷണത്തില്‍ 219 കോടിയുടെ ക്രമക്കേടുണ്ടായെന്ന് കണ്ടെത്തിയിരുന്നു. വ്യാജരേഖകള്‍ ചമച്ചും മൂല്യം ഉയര്‍ത്തിക്കാണിച്ചും ക്രമരഹിതമായി വായ്പയനുവദിച്ചും ചിട്ടി, ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങല്‍ എന്നിവയില്‍ ക്രമക്കേട് കാണിച്ചും വിവിധ തലങ്ങളിലായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തിയത്.
യഥാര്‍ത്ഥ ഉടമസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ ഭൂമി ഈടുവെച്ച് വ്യാജ വായ്പകള്‍ അനുവദിച്ചു. ബാങ്ക് അംഗങ്ങളല്ലാത്തവര്‍ക്ക് ബിനാമി പേരുകളിലും വ്യാജരേഖകളിലും വായ്പകള്‍ നല്‍കി. ഒരേ ഈടില്‍ തന്നെ പലതവണ വായ്പകള്‍ അനുവദിക്കുകയും ചെയ്തു തുടങ്ങിയ ക്രമക്കേടുകള്‍ അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു. ക്രമക്കേട് വന്‍ തുകയായതോടെ പൊലീസ് ക്രൈംബ്രാഞ്ച് സ്‌പെഷല്‍ ടീമിനെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്ന കേസ് ഇഡി ഏറ്റെടുത്തത്.
Content Highlights: New details have emerged from the Kaloor PMLA Court in connection with the Karuvannur money laundering case