

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകും എന്‍ പ്രശാന്തും തിരികെ സര്‍വീസിലേക്ക്. സര്‍ക്കാര്‍ ഇരുവരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പുവെച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും. രണ്ട് വര്‍ഷമായി സസ്‌പെന്‍ഷനില്‍ ആയിരുന്നു എന്‍ പ്രശാന്ത്. ബി അശോക് ഒന്നര മാസമായും. ഇവരുടെ തസ്തികകളില്‍ ഉടന്‍ തീരുമാനമുണ്ടാകും.
2024 നവംബര്‍ പതിനൊന്ന് മുതല്‍ പ്രശാന്ത് സസ്‌പെന്‍ഷനിലാണ്. ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെ വിമർശിച്ചതിൻ്റെ പേരിലും സസ്പെൻഷൻ നടപടി നേരിട്ടു. പിണറായി വിജയന്‍ രാജിവെയ്ക്കുന്നിന് തൊട്ടുമുന്‍പാണ് എന്‍ പ്രശാന്തിനെതിരെ ഒന്‍പതാം തവണ നടപടിയെടുത്തത്. എട്ടാമത്തെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു നടപടി. ലോട്ടറി വില്‍പ്പനയെക്കുറിച്ച് ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനം അനുമതിയില്ലാതെയാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആ നടപടി.
സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെയാണ് അശോകിനെ സസ്‌പെന്‍ഡ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല മാധ്യമങ്ങളിലും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന തരത്തില്‍ അശോക് സംസാരിച്ചിരുന്നു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് സമൂഹമാധ്യമങ്ങളില്‍ ഇടപെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അശോകിനെ സസ്പെൻഡ് ചെയ്തത്. ഇതിന് ശേഷവും സർക്കാരിനെതിരെ അശോക് വിമർശനം തുടർന്നിരുന്നു.
Content Highlights- The Kerala government has withdrawn the suspension imposed on B Ashok and N Prashanth