

തിരുവനന്തപുരം: സിപിഐഎം നേതൃത്വത്തിനെതിരെയുള്ള കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് ഇ പി ജയരാജന്‍. വിനോദിനി ബാലകൃഷ്ണന്റെ ആരോപണങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്നും താന്‍ ആരെയും അവഗണിക്കാറില്ലെന്നുമായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. 'എനിക്ക് ഒന്നും അറിയില്ല. ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്. ഞാന്‍ ആരേയും അവഗണിക്കാറില്ല. ഞാനെന്ത് പറയാനാണ്', ഇ പി ജയരാജന്‍ പറഞ്ഞു.
സിപിഐഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നുവെന്നായിരുന്നു വിനോദിനി ബാലകൃഷ്ണന്റെ വിമര്‍ശനം. തങ്ങളെ നേതാക്കള്‍ തിരിഞ്ഞുപോലും നോക്കിയില്ല. ഉന്നതപദവിയിലിരിക്കുന്ന പി ബി അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു.
'പ്രവര്‍ത്തകരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സംസാരിക്കുകയും ചെയ്യണമെന്നല്ല. സ്വന്തം പോക്കറ്റിലുള്ള ഫോണെടുത്ത് ഒന്നു സംസാരിക്കാന്‍ പോലും ആര്‍ക്കും തോന്നാത്ത ഒരു കാലമായി ഇതുമാറിയോ? പ്രധാനപ്പെട്ട ഒരുകാര്യം പറയാന്‍ വേണ്ടി-ശുപാര്‍ശയ്‌ക്കൊന്നുമല്ല-പാര്‍ട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാന്‍ വിളിച്ചിട്ടും ഫോണെടുത്തില്ല. തിരിച്ചുവിളിച്ചതുമില്ല. വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല. ആഭ്യന്തര മന്ത്രിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരിയുടെ മരണം നടന്ന് നാലുവര്‍ഷത്തിനിടയില്‍ എനിക്കുണ്ടായ അനുഭവം ആണ് ചൂണ്ടിക്കാട്ടുന്നത്. കുടുംബത്തോടുള്ള സമീപനമാണ് പറയുന്നത്', 'പച്ചക്കുതിര' മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
ആ നേതാവ് പിണറായി വിജയന്‍ അല്ലെന്നും അദ്ദേഹം വിളിച്ചാല്‍ ഫോണ്‍ എടുക്കുകയും അപ്പോള്‍ പറ്റിയില്ലെങ്കില്‍ തിരിച്ചുവിളിക്കുകയും ചെയ്യുന്ന ആളാണെന്നും വിനോദിനി വിശദീകരിച്ചു. താന്‍ ഉദ്ദേശിച്ചത് പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ കേരളത്തിലെ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെക്കുറിച്ചാണ്. കോടിയേരിയുടെ മരണത്തിന് ശേഷം അതിന്റെ ചടങ്ങുകളെല്ലാം കഴിഞ്ഞതിനപ്പുറം അദ്ദേഹം ഒരിക്കലും തന്നെ ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല. ഇല്ലാലത്തിനിടയില്‍ വല്ലപ്പോഴും താന്‍ അങ്ങോട്ട് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
Content Highlights: E P Jayarajan has responded to the criticism raised by Vinodini Balakrishnan against the CPIM leadership