

ആഗോള പ്രതിസന്ധികൾക്കിടെ നിർണായക തീരുമാനവുമായി ആർബിഐ പണനയ സമിതി. റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ 5.25 ശതമാനമായി നിലനിർത്തുവാൻ ആർബിഐ തീരുമാനിച്ചു. സമിതിയിലെ ആറ് അംഗങ്ങളും ഇതിനെ അനുകൂലിച്ചു. പശ്ചിമേഷ്യൻ യുദ്ധം, ക്രൂഡ് ഓയിൽ വിലവർദ്ധനവ് തുടങ്ങിയ ഒരുപിടി പ്രശ്നങ്ങൾ നിലനിൽക്കെയാണ് റിപ്പോ നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് ആർബിഐ തീരുമാനിച്ചത്.
ഏപ്രിലിൽ ചേർന്ന സമിതിക്ക് ശേഷം ആഗോള തലത്തിൽ നിരവധി വെല്ലുവിളികൾ ഉണ്ടായി എന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. രാജ്യത്തെ വിലക്കയറ്റം ഇപ്പോഴും ആർബിഐ നിശ്ചയിച്ച അളവിന്റെ താഴെയാണ്. എന്നാൽ യുദ്ധവും മറ്റും വരും മാസങ്ങളിൽ വിലക്കയറ്റം വർധിക്കാൻ ഇടയാക്കും എന്നാണ് വിലയിരുത്തൽ. നിലവിൽ വിലക്കയറ്റം അത്രകണ്ട് ജനങ്ങളെ ബാധിച്ചിട്ടില്ല എന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു.
ഈ സാമ്പത്തികവർഷത്തിന്റെ മൂന്നാം പാദത്തോട് കൂടി വിലക്കയറ്റം ആർബിഐ നിശ്ചയിച്ച പരിധി കടക്കും എന്നാണ് വിലയിരുത്തൽ. വിതരണമേഖലയിലെ സമ്മർദ്ദങ്ങൾ നാലാം പദത്തോടെ കുറയുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു.
രാജ്യത്തിന്റെ ജിഡിപി വളർച്ച അനുമാനത്തിലും റിസർവ് ബാങ്ക് മാറ്റം വരുത്തി. നേരത്തെ കരുതപ്പെട്ട 6.9 ശതമാനത്തിൽ നിന്നും 6.6 ശതമാനമായി വളർച്ച കുറയും എന്നാണ് വിലയിരുത്തൽ. വിലപ്പെരുപ്പ നിരക്ക് 4.6 ശതമാനത്തിൽ നിന്നും 5.1 ശതമാനമായും ആർബിഐ ഉയർത്തി.
പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് വലിയ ആശങ്കയാണ് ആർബിഐ രേഖപ്പെടുത്തിയിട്ടുള്ളത്. ആഗോള സമ്പദ്‌വ്യവസ്ഥ തന്നെ വലിയ തോതിൽ പ്രതിസന്ധി അനുഭവിക്കുകയാണ് എന്ന് ആർബിഐയുടെ കുറിപ്പിൽ പറയുന്നു. എണ്ണ, ഊർജവില വർധനവ്, വിതരണ ശൃംഖലകളിലെ പ്രശ്നങ്ങൾ എന്നിവയെല്ലാം പ്രതിസന്ധിയുടെ ആഴം കൂട്ടി എന്ന് ആർബിഐ വിലയിരുത്തുന്നുണ്ട്. എത്രകാലം ഈ പ്രശ്നം നിലനിൽക്കുമെന്നും എങ്ങനെയായിരിക്കും ഇതിന്റെ പ്രത്യാഘാതം ഉണ്ടാകുകയെന്നുമുള്ളതിൽ അനിശ്ചിതത്വം ഉണ്ടെന്നും ആർബിഐ വിലയിരുത്തി.
ഇന്ത്യയുടെ ജിഡിപി വളർച്ചയെക്കുറിച്ചും ആർബിഐ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന ഊർജ്ജ വില, വിതരണ മേഖലയിലെ നിയന്ത്രണങ്ങൾ എന്നിവ സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചുതുടങ്ങിയിട്ടുണ്ടെന്ന് ആർബിഐ പറഞ്ഞു. കൂടാതെ എൽനിനോ ഭീഷണി, മഴക്കുറവ് തുടങ്ങിയവ ഉണ്ടാക്കിയേക്കാവുന്ന പ്രതിസന്ധികളെയും ആർബിഐ വിലയിരുത്തുന്നുണ്ട്.
പ്രതിസന്ധികൾക്കിടയിലും റിപ്പോ നിരക്കിൽ മാറ്റം വരുത്താത്ത ആർബിഐ നടപടിയിൽ വലിയ ആശ്ചര്യമാണ് ബിസിനസ് ലോകം വെച്ചുപുലർത്തുന്നത്.ഡോളറിനെതിരെ കൂപ്പുകുത്തുന്ന രൂപയെ പുനരുജ്ജീവിപ്പിക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും നിരക്ക് വർധനവ് സഹായിക്കുമായിരുന്നു. പക്ഷേ ബിസിനസുകളെയും ബാങ്ക് വായ്പകളെയും അവ പ്രതികൂലമായി ബാധിക്കും. വിലക്കയറ്റം നിയന്ത്രണാതീതമാണ് എന്ന വിലയിരുത്തലാണ് നിരക്ക് വർധനയ്ക്ക് ആർബിഐയെ പ്രേരിപ്പിക്കാത്തത് എന്നാണ് കരുതപ്പെടുന്നത്.
Content Highlights: The Reserve Bank of India's Monetary Policy Committee (MPC) has decided to keep the repo rate unchanged at 5.25 percent amid ongoing global economic uncertainties. All six members of the committee unanimously supported the decision, signaling a cautious approach to balancing growth and inflation.