

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന് സുരേഷ് ഗോപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവരെ ഇക്കാര്യം അറിയിച്ചു. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെയാണ് ആവശ്യവുമായി നേതൃത്വത്തെ സമീപിച്ചത്. മന്ത്രിയായ ശേഷം സിനിമ ചെയ്യാനാകാത്ത സാഹചര്യം ഉണ്ടെന്നും നേതൃത്വത്തെ അറിയിച്ചു. ഈ മാസം പകുതിയോടെ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകും.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും സമാന ആവശ്യം സുരേഷ് ഗോപി മുന്നോട്ടുവെച്ചിരുന്നു. തനിക്ക് സിനിമാ അഭിനയം തുടരണമെന്നാണ് ആഗ്രഹം. ഒരുപാട് സമ്പാദിക്കണം എന്നുണ്ട്. ഇപ്പോള്‍ വരുമാനം നല്ല നിലയില്‍ നിലച്ചു. പാര്‍ട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താന്‍. തന്നെയൊന്ന് കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണമെന്ന് ആഗ്രഹമുണ്ടെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
2029 ലെ ലോക്സഭ തെരഞ്ഞെടുപ്പ്, അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ എന്നിവ ലക്ഷ്യം വെച്ചുള്ള മന്ത്രിസഭാ പുനഃസംഘടനയ്ക്കാണ് ബിജെപി ഒരുങ്ങുന്നത്. കേന്ദ്ര മന്ത്രിസഭയില്‍ ഏറ്റവും അധികം ആരോപണം നേരിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ മാറ്റുമോ എന്നാണ് ആകാംക്ഷ. പ്രതിപക്ഷ പാര്‍ട്ടികളും സിജെപി അടക്കമുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും മന്ത്രിയുടെ രാജിക്കായി മുറവിളി ശക്തമാക്കുന്ന സമയം കൂടിയാണ്. 10 മുതല്‍ 12 വരെ വകുപ്പുകളില്‍ അഴിച്ചുപണിക്ക് സാധ്യതയാണ് കാണുന്നത്. റെയില്‍വേ, ധനം അടക്കം പ്രധാന വകുപ്പുകളില്‍ അഴിച്ചു പണിക്ക് സാധ്യത പറയുന്നു.
രാജ്യസഭ കാലാവധി പൂര്‍ത്തിയാക്കുന്ന ജോര്‍ജ് കുര്യന്‍ മാറിയാല്‍, പകരം സി സദാനന്ദന്‍ മാസ്റ്റര്‍, അനില്‍ ആന്റണി, കെ സുരേന്ദ്രന്‍ എന്നിവരില്‍ നിന്ന് ആരെങ്കിലും മന്ത്രിയാകും. ബിജെപി സംസ്ഥാന അധ്യക്ഷന്മാരായി നിയമിതനായ പങ്കജ് ചൗധരി, ഹര്‍ഷ് മല്‍ഹോത്ര എന്നിവര്‍ സഹമന്ത്രിസ്ഥാനം ഒഴിയും. ജൂണ്‍ 15 ന് ശേഷം പുനഃസംഘടന നടത്താനാണ് നീക്കം. കേന്ദ്ര മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്ന ഒരു നേതാവിന് തെക്കേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതല നല്‍കും. 2028 ല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയുടെ ചുമതലയാകും നല്‍കുക. ബിജെപിയില്‍ സംഘടന അഴിച്ചുപണിയും തുടരുകയാണ്. കേരളത്തിന്റെ പ്രഭാരി സ്ഥാനത്ത് നിന്ന് പ്രകാശ് ജാവദേക്കര്‍ മാറിയേക്കും.
Content Highlights: Union Minister Suresh Gopi has stated that he wishes to be relieved from the Union Cabinet