

തിരുവനന്തപുരം: ആദ്യം അമ്മയെ നഷ്ടമായി, പിന്നാലെ അച്ഛനെയും. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ നാല് കുഞ്ഞുങ്ങളാണ് അനാഥരായത്. മണ്ണന്തല സ്വദേശികളായ ഹസീന-സുരേഷ് ദമ്പതികള്‍ക്ക് നാല് മക്കളാണ്. ഹസീനയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട സുരേഷിനെ പിന്നീട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാലാഞ്ചിറയിലെ ഇവരുടെ വീട്ടിലേക്ക് ബന്ധുക്കള്‍ വന്ന് പോകുന്നുണ്ടെങ്കിലും കുട്ടികളുടെ സംരക്ഷണച്ചുമതല സംബന്ധിച്ച് ആര്‍ക്കും വ്യക്തതയില്ല.
നാലാഞ്ചിറയില്‍ വാടക വീട്ടിലായിരുന്നു സുരേഷും ഹസീനയും നാല് കുട്ടികളും താമസിച്ചിരുന്നത്. അമൃത, ആനന്ദ്, റോഷന്‍, അനന എന്നിവരാണ് മക്കള്‍. അമൃത കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. നാലാഞ്ചിറ സെന്റ് ഗൊരേറ്റീസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആനന്ദ്. കുശവര്‍ക്കല്‍ ഗവ യുപി സ്‌കൂളിലെ ആറും നാലും ക്ലാസ് വിദ്യാര്‍ത്ഥികളാണ് റോഷനും അനനയും. എ സി മെക്കാനിക്കായ സുരേഷിന്റെ വരുമാനത്തിലായിരുന്നു കുടുംബം പുലര്‍ന്നുപോയിരുന്നത്. ബുധനാഴ്ച ഈ കുഞ്ഞുങ്ങളുടെ മുന്നിലിട്ടായിരുന്നു ഹസീനയെ സുരേഷ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലയില്‍ നടുങ്ങിയ കുഞ്ഞുങ്ങള്‍ക്ക് ആശ്വാസമായത് സമീപവാസികളും ബന്ധുക്കളും പഠിക്കുന്ന സ്‌കൂളിലെ അധ്യാപകരുമാണ്.
കഴിഞ്ഞ കുറച്ചുനാളുകളായി സുരേഷും ഹസീനയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഹസീന വീട് വിട്ട് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ച ശേഷം ചൊവ്വാഴ്ചയായിരുന്നു ഹസീന വീട്ടില്‍ തിരിച്ചെത്തിയത്. ബുധനാഴ്ച ഇരുവരും തമ്മില്‍ വഴക്കിടുകയും മക്കള്‍ നോക്കിനില്‍ക്കെ ഹസീനയെ സുരേഷ് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം കാറില്‍ വീട്ടില്‍ നിന്ന് പോയ സുരേഷ് ബാലരാമപുരം റെയില്‍വേ സ്റ്റേഷനില്‍ കാര്‍ ഉപേക്ഷിച്ച ശേഷം ട്രെയിനില്‍ തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടെ കൈയിലുണ്ടായിരുന്ന ഫോണില്‍ നിന്ന് മകള്‍ അമൃതയെ വിളിക്കുകയും ഇനി തിരിച്ചുവരില്ലെന്ന് പറയുകയും ചെയ്തു. ഇളയ കുട്ടികളെ നോക്കണമെന്നും പറഞ്ഞു. മണ്ണന്തല പൊലീസ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നു. തിരിച്ച് വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. സുരേഷിനായുള്ള അന്വേഷണം വ്യാപിപ്പിച്ചതിനിടെയായിരുന്നു ട്രെയിന്‍ തട്ടി മരിച്ചു എന്നുള്ള വിവരം പൊലീസിന് ലഭിച്ചത്.
Content Highlights- Four children were left orphaned after the deaths of both their mother and father occurred within a short span of time overnight.