'ആത്മസഹോദരൻ'; ആഭ്യന്തര മന്ത്രിയെ വസതിയിൽ സ്വീകരിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് NDA നേതാവ് തുഷാർ വെള്ളാപ്പള്ളി

മുഖ്യമന്ത്രി വി ഡി സതീശനും തുഷാറും തമ്മിലുള്ള കൂടിക്കാഴ്ച ചര്‍ച്ചയാകുന്നതിനിടെയാണ് രമേശ് ചെന്നിത്തലയുമായുള്ള സന്ദര്‍ശനത്തിന്റെ വീഡിയോയും ചിത്രങ്ങളും തുഷാര്‍ പങ്കുവെച്ചത്

'ആത്മസഹോദരൻ'; ആഭ്യന്തര മന്ത്രിയെ വസതിയിൽ സ്വീകരിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് NDA നേതാവ് തുഷാർ വെള്ളാപ്പള്ളി
dot image

ആലപ്പുഴ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സ്വന്തം വസതിയില്‍ സ്വീകരിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എന്‍ഡിഎ നേതാവും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി. കാര്‍ത്തികപ്പള്ളിയിലെ കുന്നത്തുകാട്ടിലെ വസതിയിലായിരുന്നു സ്വീകരണം. മുഖ്യമന്ത്രി വി ഡി സതീശനും തുഷാറും തമ്മിലുള്ള കൂടിക്കാഴ്ച ചര്‍ച്ചയാകുന്നതിനിടെയാണ് രമേശ് ചെന്നിത്തല സന്ദര്‍ശനത്തിന്റെ വീഡിയോയും ചിത്രങ്ങളും തുഷാര്‍ പങ്കുവെച്ചത്.

'സംസ്ഥാന ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസിന്റെ ജനപ്രിയ നേതാവുമായ ആത്മസഹോദരന്‍ രമേശ് ചെന്നിത്തലയെ സ്‌നേഹപൂര്‍വ്വം കാര്‍ത്തികപ്പള്ളി കുന്നത്തുകാട്ടില്‍ വസതിയിലേക്ക് സ്വീകരിച്ചു. ജനസേവനത്തിനും പൊതുപ്രവര്‍ത്തനത്തിനും ജീവിതം സമര്‍പ്പിച്ച അദ്ദേഹത്തിന്റെ അനുഭവസമ്പത്തും നേതൃത്വപാടവവും എന്നും ഏറെ പ്രചോദനമാണ്. സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സുന്ദര നിമിഷത്തില്‍ അദ്ദേഹത്തിന് ആരോഗ്യവും ദീര്‍ഘായുസും ഏറ്റെടുത്തിരിക്കുന്ന ചുമതലകളില്‍ കൂടുതല്‍ നേട്ടങ്ങളും കുറിക്കുവാന്‍ കഴിയട്ടെയെന്നും ഹൃദയപൂര്‍വ്വം ആശംസിക്കുന്നു', തുഷാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു തുഷാര്‍ ആലുവ ദേശത്തെ വീട്ടിലെത്തി വി ഡി സതീശനെ കണ്ടത്. സന്ദര്‍ശനത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നായിരുന്നു തുഷാര്‍ പ്രതികരിച്ചത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചതും വലിയ വിവാദമായി.

കഴിഞ്ഞ ദിവസമാണ് മന്ത്രി ബിന്ദു കൃഷ്ണ വെളളാപ്പളളി നടേശന്റെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തിയത്. വെളളാപ്പളളിയുടെ മുന്നില്‍ ബിന്ദു കൃഷ്ണ കൈകൂപ്പി നില്‍ക്കുന്നതും അദ്ദേഹം തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെളളാപ്പളളി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ വെളളാപ്പളളിയെ കൂടെ നിര്‍ത്തിയതിന് എതിരെ കൂടിയാണ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയതെന്നും ബിന്ദു കൃഷ്ണ അത് മറക്കരുതെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.

Content Highlights: Thushar Vellappally shares pictures with Home minister Ramesh Chennithala

dot image
To advertise here,contact us
dot image