നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം: കുഞ്ഞിന്റെ ശരീരമാസകലം 91 മുറിവുകള്‍, എല്ലാം ഒരു മാസത്തിനിടെ

കുഞ്ഞിന്റെ കൈ ഒടിഞ്ഞത് വീഴ്ചയിലല്ലെന്നാണ് പൊലീസ് നിഗമനം

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം: കുഞ്ഞിന്റെ ശരീരമാസകലം 91 മുറിവുകള്‍, എല്ലാം ഒരു മാസത്തിനിടെ
dot image

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞ് അര്‍ഷിദിന്റെ ശരീരമാസകലം 91 മുറിവുകളുണ്ടെന്നാണ് കണ്ടെത്തല്‍. പൊലീസ് ഇന്‍ക്വസ്റ്റില്‍ 51 മുറിപ്പാടുകളായിരുന്നു കണ്ടെത്തിയത്. നാല്‍പ്പതിടങ്ങളില്‍ ആന്തരിക മുറിവുകളും ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ആന്റിമോര്‍ട്ടം (മരണത്തിന് മുമ്പുണ്ടായ) റിപ്പോര്‍ട്ടില്‍ ആകെ 91 മുറിവുകളാണുള്ളത്. ഒരു മാസത്തിനിടെയാണ് ഈ മുറിവുകളെല്ലാം ഉണ്ടായത്. തലക്കേറ്റ മര്‍ദ്ദനം ആന്തരിക രക്തസമ്മര്‍ദ്ദത്തിന് ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അമ്മ അഖിലയും കുഞ്ഞിനെ ഉപദ്രവിച്ചതായാണ് പൊലീസിന്റെ സംശയം.

അഖിലയുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും കുഞ്ഞിനെ അഷ്‌കര്‍ മര്‍ദ്ദിക്കുന്നത് അമ്മയ്ക്ക് അറിയാമെന്നും പൊലീസ് പറയുന്നു. കുഞ്ഞിന്റെ കൈ ഒടിഞ്ഞത് വീഴ്ചയില്ലല്ലെന്നാണ് പൊലീസ് നിഗമനം. കുഞ്ഞിന്റെ ശരീരത്തില്‍ പലയിടത്തും പഴയ മുറിവുകളും എല്ലിന് ഒടിവുകളും കണ്ടെത്തിയിരുന്നു.


ജനനേന്ദ്രിയത്തിലടക്കം പരിക്കേറ്റതായി പൊലീസ് കണ്ടെത്തിയിരുന്നു. ആന്തരിക അവയവങ്ങള്‍ക്കേറ്റ ക്ഷതവും ക്രൂരമായ ശാരീരിക മര്‍ദ്ദനവും കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചെന്നാണ് കണ്ടെത്തല്‍. കുഞ്ഞിനെ ചൈല്‍ഡ്‌ലൈനിന് സ്വന്തം നിലയില്‍ കൈമാറാന്‍ പൊലീസ് ശ്രമിച്ചിരുന്നുവെന്നും അഖില കുഞ്ഞിനെ കൈമാറാന്‍ സമ്മതിക്കാതെ പ്രശ്‌നമുണ്ടാക്കിയെന്നുമാണ് വിവരം.

അതേസമയം കുഞ്ഞിന്റെ കൊലപാതകത്തില്‍ അഷ്‌കര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

പ്രതിയുടെ മൊഴിയുടെയും കുഞ്ഞിന്റെ ശരീരത്തിലേറ്റ മുറിവുകളുടെയും അടിസ്ഥാനത്തില്‍ ദീര്‍ഘനാളായി ഇയാള്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. അഖില നൃത്തപരിപാടിക്കായി തമിഴ്നാട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. ചോറ് കഴിക്കുന്നതിനിടയില്‍ ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് കുഞ്ഞ് മരിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി അഷ്‌കര്‍ കുറ്റം സമ്മതിച്ചത്.

Content Highlights: Nedumangad murder case more wounds identified in baby's body

dot image
To advertise here,contact us
dot image