ആര്‍ത്തവ അവധിയില്‍ സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കില്‍ പുനഃപരിശോധിക്കും: എന്‍ ഷംസുദ്ദീന്‍

ആര്‍ത്തവ അവധി സംബന്ധിച്ച് യുഡിഎഫിനകത്ത് അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കി

ആര്‍ത്തവ അവധിയില്‍ സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കില്‍ പുനഃപരിശോധിക്കും: എന്‍ ഷംസുദ്ദീന്‍
dot image

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കുന്നതില്‍ സ്ത്രീ സമൂഹത്തില്‍ നിന്ന് പരാതിയുണ്ടെങ്കില്‍ പുനഃപരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. പൊതു നിര്‍ദേശമായി ഉയര്‍ന്നുവന്ന വിഷയം സര്‍ക്കാര്‍ പരിഗണിച്ചു എന്ന് മാത്രമേയുളളുവെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. ആര്‍ത്തവ സമയത്ത് കഠിനമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥിനികളും സ്ത്രീകളുമുണ്ടെന്നും അവരെ ക്ലാസുകളില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും മന്ത്രി പറഞ്ഞു. അവരെ പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ആര്‍ത്തവ അവധി സംബന്ധിച്ച് യുഡിഎഫിനകത്ത് അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നൂറുശതമാനം സ്‌കൂളുകലിലും പാഠപുസ്തകങ്ങള്‍ എത്തിച്ചെന്നും വര്‍ക്ക് നോട്ടുകള്‍ ജൂണ്‍ പത്തോടെ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. ചില സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് നല്‍കുന്നില്ല എന്ന പരാതിയിലും അദ്ദേഹം പ്രതികരിച്ചു. സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് അനുവദിക്കുന്നതില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഇലക്ട്രിക്കല്‍ പോലുളള സാങ്കേതികമായ വിഷയത്തില്‍ ഇടപെടാന്‍ കഴിയാത്തതായിരുന്നു പ്രശ്‌നം. അത് പരിഹരിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആര്‍ത്തവം സ്ത്രീകള്‍ക്ക് ദൈവികമായി ലഭിച്ച കാര്യമാണെന്നും അത് മാറ്റിനിര്‍ത്തേണ്ട ഒന്നല്ലെന്നും തൃക്കാക്കര എംഎല്‍എ ഉമാ തോമസ് പറഞ്ഞിരുന്നു. ആര്‍ത്തവ അവധി നല്‍കുമ്പോള്‍ കൗമാരക്കാര്‍ക്കിടയില്‍ വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപിക്കപ്പെടാനും സാധ്യതയുണ്ടെന്നും കുട്ടികളെ മാറ്റി നിര്‍ത്തുന്നതിന് പകരം അവര്‍ക്ക് സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും ഉമാ തോമസ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു എംഎല്‍എയുടെ പ്രതികരണം.

വിദ്യാര്‍ഥിനികള്‍ക്ക് എല്ലാ മാസവും മൂന്ന് ദിവസം ആര്‍ത്തവാവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലീഗ് നേതാവ് അഡ്വ. നൂര്‍ബിന റഷീദ് രംഗത്തെത്തിയിരുന്നു. ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നത് പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കാമെന്നാണ് നൂർബിന പറഞ്ഞത്. സ്‌കൂളുകളിലും കോളേജുകളിലും ആര്‍ത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോള്‍ ആര്‍ത്തവ ദിവസങ്ങള്‍ പരസ്യമാകാന്‍ സാധ്യതയുണ്ട്. പെണ്‍കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങള്‍ നടപ്പാക്കാവൂ എന്നാണ് നൂർബിന റഷീദ് പറഞ്ഞത്

വിദ്യാര്‍ഥിനികള്‍ക്ക് എല്ലാ മാസവും ആര്‍ത്തവാവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറുമായ ആര്‍ ശ്രീലേഖയും രംഗത്തെത്തിയിരുന്നു. ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും അതെല്ലാമാണ് സ്ത്രീകളുടെ ശക്തിയെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മാസാമാസം ക്ലാസ്സില്‍ പോകാതിരുന്നാല്‍ വീട്ടുകാരും വിദ്യാലയവും നാട്ടുകാരും എപ്പോഴാണ് ആര്‍ത്തവം എന്ന് അറിയുമെന്നും ഇതാണോ മെന്‍സ്ട്രല്‍ ഡിഗ്നിറ്റിയെന്നും നാണക്കേടല്ലേയെന്നും അവര്‍ ചോദിച്ചു.

Content Highlights:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us