ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്നതുണ്ടേൽ കൊണ്ടുവാ, ഞങ്ങൾ തെരുവിലുണ്ടാകും; വെല്ലുവിളിച്ച് പി എം ആർഷോ

കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയാഹ്ളാദ പ്രകടനത്തിനിടെ കെഎസ്‍യു നടത്തിയ ആക്രമണത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധമാണ് എസ്എഫ്ഐ സംഘടിപ്പിച്ചത്

ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്നതുണ്ടേൽ കൊണ്ടുവാ, ഞങ്ങൾ തെരുവിലുണ്ടാകും; വെല്ലുവിളിച്ച് പി എം ആർഷോ
dot image

തിരുവനന്തപുരം: കേരള സര്‍വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഇന്നലെ തിരുവനന്തപുരം പാളയത്തുണ്ടായ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷത്തില്‍ പ്രതികരണവുമായി എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. 'ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേല്‍ കൊണ്ടുവാ. ഞങ്ങള്‍ തെരുവിലുണ്ടാകും. നമുക്ക് കാണാം', എന്ന് ആര്‍ഷോ ഫേസ്ബുക്കില്‍ കുറിച്ചു.

സംഭവത്തിൽ എ എ റഹീം എംപിയും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. 'വടശ്ശേരിയിലെ സതീശൻ സാറേ, കുട്ടികൾ “പേടിച്ചു പോയെന്ന് ” പറയാൻ പറഞ്ഞു', എന്നായിരുന്നു റഹീമിന്റെ കുറിപ്പ്.

അതേസമയം, കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയാഹ്ളാദ പ്രകടനത്തിനിടെ കെഎസ്‍യു ആക്രമണം നടത്തിയെന്നാരോപിച്ച് സംസ്ഥാന വ്യാപക പ്രതിഷേധമാണ് എസ്എഫ്ഐ സംഘടിപ്പിച്ചത്. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലും കണ്ണൂർ, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ ജില്ലാ പൊലീസ് മേധാവിമാരുടെ ഓഫീസുകളിലേക്കുമാണ് മാർച്ച് നടത്തിയത്. കോട്ടയത്തും ആലപ്പുഴയിലും നടന്ന എസ്പി ഓഫീസിലേക്കുള്ള മാർച്ചും സംഘർഷത്തിലാണ് കലാശിച്ചത്.

ഇന്നലെയാണ് പാളയത്ത് എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ സംഘര്‍ഷം ഉണ്ടായത്. ഇരുകൂട്ടരും പരസ്പരം കല്ലും കരിക്കും വലിച്ചെറിഞ്ഞു. പൊലീസ് ലാത്തി വീശിയെങ്കിലും പ്രവര്‍ത്തകര്‍ പിന്തിരിയാന്‍ തയാറായില്ല. ഇതോടെ ജലപീരങ്കി പ്രയോഗിച്ചു. വീണ്ടും സംഘര്‍ഷം കടുത്തത്തോടെ കണ്ണീര്‍വാതക പ്രയോഗവും നടത്തി. കേരള സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ വിജയത്തില്‍ എസ്എഫ്ഐ നടത്തിയ ആഹ്‌ളാദ പ്രകടനത്തിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്.

സംഭവത്തില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികള്‍ക്കെതിരെയാണ് കേസ്. ശിവപ്രസാദ്, ആദര്‍ശ്, നന്ദന്‍, സംഗീത്, ആദിത്യ ശങ്കര്‍, അനന്ദു വി എസ്, ആഷിഖ്, സന്ദീപ് ഡി എസ്, ശ്രീജിത, മനീഷ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്.

ലഹളയുണ്ടാക്കിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസ്. കണ്ടാലറിയാവുന്ന കെഎസ്യുക്കാര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ എസ്എഫ്ഐക്കാര്‍ കല്ലെറിഞ്ഞുവെന്നും എസ്എഫ്ഐയുടെ കല്ലേറില്‍ മണ്ണന്തല എസ്എച്ച്ഒയുടെ കൈക്ക് പൊട്ടല്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Content Highlights: PM Arsho reacted to the clash between SFI and KSU workers in Thiruvananthapuram following the Kerala University Senate election

dot image
To advertise here,contact us
dot image