കേൽക്കറെ നിയമിച്ചതിൽ തെറ്റെന്തെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ; അപു ജോൺ ജോസഫ് സർക്കാർ ചീഫ് വിപ്പ്

കേരളത്തെ ബം​ഗാളുമായി താരതമ്യം ചെയ്യരുതെന്ന് വി ഡി സതീശൻ

കേൽക്കറെ നിയമിച്ചതിൽ തെറ്റെന്തെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ; അപു ജോൺ ജോസഫ് സർക്കാർ ചീഫ് വിപ്പ്
dot image

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം അം​ഗീകരിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗമാണ് നയപ്രഖ്യാപന പ്രസം​ഗത്തിന് അം​ഗീകാരം നൽകിയത്. കേരള കോൺ​ഗ്രസ് നേതാവും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫിനെ സർക്കാർ ചീഫ് വിപ്പായി മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. ലോകായുക്ത സ്പെഷ്യൽ അറ്റോർണിയായി ടി ആസഫലിയെയും അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ സി വിൻസെൻ്റിനെയും നിയമിക്കാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. മുഖ്യമന്ത്രി വി ഡി സതീശനാണ് മന്ത്രിസഭായോ​ഗ തീരുമാനം വിശദീകരിച്ചത്.

രത്തൻ കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെക്കുറിച്ചുള്ള വിവാദങ്ങളിലും വി ഡി സതീശൻ പ്രതികരിച്ചു. നിലവിലെ വിവാദത്തിന് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേൽക്കറിനെതിരെ എന്ത് ആരോപണമാണ് നിലവിലുള്ളതെന്ന് വി ഡി സതീശൻ ചോദിച്ചു. കേൽക്കർ മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോ​ഗസ്ഥനാണ്. പിണറായി വിജയൻ സർക്കാറാണ് കേൽക്കറിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറാക്കിയത്. സിഇഒയ്ക്കെതിരെ പരാതിയില്ല. ബം​ഗാളിലെ സാഹചര്യമല്ല കേരളത്തിൽ. കേരളത്തെ ബം​ഗാളുമായി താരതമ്യം ചെയ്യരുതെന്നും വി ഡി സതീശൻ വ്യക്തമാക്കി.

പാരിയത്തുകാവിലെ ഭൂമി ഒഴുപ്പിക്കൽ വിഷയത്തിൽ മുൻ എൽഡിഎഫ് സർക്കാർ ചെറുവിരൽ അനക്കിയില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. പതിനാല് തവണ ഒഴിപ്പിക്കലിന് വന്നെങ്കിലും ആ വിഷയം അന്വേഷിക്കാത്തവർ ഞങ്ങൾ അധികാരത്തിൽ കയറിയതിന് പിന്നാലെ പതിനഞ്ചാമത്തെ പ്രാവശ്യം വന്നപ്പോൾ ഇപ്പോൾ സമരവുമായി രം​ഗത്ത് ഇറങ്ങിയിരിക്കുകയാണെന്നും വി ഡി സതീശൻ പരിഹസിച്ചു. 'പതിനാല് തവണയും നിരുത്തരവാദിത്തപരമായ നിലപാട് സ്വീകരിച്ച കഴിഞ്ഞ സർ‌ക്കാരിൻ്റെ നിലപാടല്ല ഞങ്ങളുടേത്. മന്ത്രി റോജി എം ജോണിനെ വിട്ട് അവിടെ മീറ്റിം​ഗ് വിളിപ്പിച്ചു. കോടതി ഉത്തരവ് നടപ്പിലാക്കിയാൽ ആ എട്ട് കുടുംബങ്ങൾ വഴിയാധാരമാകില്ല. അവരോട് ഒരു പ്രൊപ്പോസൽ വെച്ചിട്ടുണ്ട്. കോടതി ഉത്തരവ് നടപ്പിലാക്കിയാൽ അവിടുത്തെ താമസക്കാർക്ക് പകരം സ്ഥലവും പകരം വീടും നൽകി പുനരധിവസിപ്പിക്കു'മെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാരിയത്തുകാവിലെ ജനങ്ങളെ തെരുവിലേയ്ക്ക് വിടില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർ‌ത്തു.

മുൻ സർക്കാർ നിയമിച്ച വഖഫ് ബോർഡാണ് മുനമ്പത്തെ പ്രശ്നം സങ്കീർണ്ണമാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വഖഫ് ബോർഡ് ഭൂമി വഖഫായി രജിസ്റ്റർ ചെയ്തെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. കഴിഞ്ഞ സർക്കാർ നിയമിച്ച വഖഫ് ബോർഡ് യുഡിഎഫ് സർക്കാരിനെ കുഴപ്പത്തിലാക്കാൻ ശ്രമിച്ചെന്നും വി ഡി സതീശൻ ആരോപിച്ചു.‌ രണ്ട് വിഭാ​ഗങ്ങളെ ശത്രുതയിലാക്കാൻ എൽഡിഎഫ് കൂട്ടുനിന്നെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുനമ്പത്ത് ആരെയും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കളക്ടർമാരെ മാറ്റാനുള്ള തീരുമാനം ഭരണപരമായി എടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കളക്ടർമാരുടെ കുറവ് വന്നു. അപ്പോൾ ആ കളക്ടർമാരെ സീനിയോറിറ്റി അനുസരിച്ച് നിയമിക്കാൻ പറഞ്ഞു. കളക്ടർ സ്ഥാനത്ത് നിന്നും മാറുന്നവർക്ക് ബാക്കിയുള്ള പലസ്ഥലത്തും കൊടുത്തു. ഉദ്യോ​ഗസ്ഥന്മാരുടെ പുനർവിന്യാസം ആയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പല വകുപ്പുകളിലും ഒന്നിൽ കൂടുതൽ സെക്രട്ടറിമാരുണ്ടെന്നും വകുപ്പുകൾ അനുസരിച്ച് ഉദ്യോ​ഗസ്ഥരെ പുനർവിന്യസിക്കുന്നത് യുക്തിസഹമാക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കേരളത്തിൽ ഐഎഎസ് ഉദ്യോ​ഗസ്ഥരുടെ ക്ഷാമമുണ്ട്. അത് സൂക്ഷ്മമായി പരിശോധിച്ച് മന്ത്രിമാരുടെ അഭിപ്രായം കൂടി പരി​ഗണിച്ച് അതത് വകുപ്പുകളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് ഉദ്യോ​ഗസ്ഥരുടെ പുനർവിന്യാസം നടത്തും. ഇപ്പോൾ നടത്തിയിരിക്കുന്നത് ഭരണപരമായ താൽക്കാലിക നടപടി മാത്രമാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.

​ഗുരുവായൂരിൽ മുഖ്യമന്ത്രി പോയപ്പോൾ ദർശനം തടസ്സപ്പെട്ടു എന്നത് തെറ്റായ വാർത്തയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. ആദ്യമായിട്ടല്ലല്ലോ ഒരു മുഖ്യമന്ത്രി ​ഗുരുവായൂർ സന്ദർശനത്തിന് പോകുന്നത്. ചരിത്രത്തിൽ ആദ്യമായി ​ഗുരുവായൂർ ക്ഷേത്രത്തിൽ മുഖ്യമന്ത്രിക്കൊപ്പം നാല് പേരെ ഉണ്ടായിരുന്നുള്ളു. അതിൽ ഒരാൾ അവിടുത്തെ അഡ്മിനിസ്ട്രേറ്ററായിരുന്നു. കൂടെ ഒരു ​ഗൺമാൻ മാത്രമാണ് ഉണ്ടായിരുന്നത്. ഞായറാഴ്ച ​ഗുരുവായൂരിൽ വിഐപി ദർശനം ഇല്ല. ആയിരം രൂപയുടെ ടിക്കറ്റ് എടുത്ത് കയറണം. ഞാൻ ആയിരം രൂപയുടെ ടിക്കറ്റെടുത്തിട്ടാണ് ദർശനം നടത്തിയത്. ഉപദൈവങ്ങളെ തൊഴുമ്പോൾ സെക്യൂരിറ്റി മറ്റുള്ളവരെ തടഞ്ഞെങ്കിലും ഞാൻ അത് പറ്റില്ലെന്ന് പറയുകയായിരുന്നു എന്നും വി ഡി സതീശൻ വ്യക്തമാക്കി.

ആലപ്പുഴയിൽ ​ഗൺമാന്മാർ കെഎസ്‌യു നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ എസ്ഐടി അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ട് വന്നിട്ട് പരിശോധിക്കാമെന്നും ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlights: Kerala Congress leader and Chief Minister VD Satheesan questions the controversy over Kelkar's appointment and announces Appu John Joseph as the new Government Chief Whip. Latest political update from Kerala Assembly.

dot image
To advertise here,contact us
dot image