'LIFE Mission പദ്ധതി ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടില്ല; ഏതെങ്കിലും പദ്ധതിയെ തകർക്കാൻ വേണ്ടി വന്ന സർക്കാരല്ല ഇത്'

പദ്ധതികളില്‍ ആവശ്യമായ തിരുത്തല്‍ വരുത്തിയാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുകയെന്നും കെ എം ഷാജി

'LIFE Mission പദ്ധതി ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടില്ല; ഏതെങ്കിലും പദ്ധതിയെ തകർക്കാൻ വേണ്ടി വന്ന സർക്കാരല്ല ഇത്'
dot image

മലപ്പുറം: ലൈഫ് മിഷന്‍ പദ്ധതി ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി കെ എം ഷാജി. ഗ്രാമസഭകളുടെ എടുത്ത് കളയപ്പെട്ട അധികാരം തിരിച്ചു കൊടുക്കുമെന്ന് പറഞ്ഞാല്‍ ലൈഫ് മിഷന്‍ പദ്ധതി ഇല്ലാതാക്കും എന്നല്ലെന്നും ഷാജി പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതി ഇല്ലാതാക്കും എന്ന് ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ ആ പദ്ധതിക്ക് എന്തോ കുഴപ്പം ഉണ്ടെന്ന് അവര്‍ക്ക് തന്നെ തോന്നുന്നത് കൊണ്ടാണെന്നും കെ എം ഷാജി പറഞ്ഞു.

'ലൈഫ് മിഷന്‍ ഇല്ലാതാക്കും എന്ന് പറഞ്ഞിട്ടില്ല. ഏതെങ്കിലും പദ്ധതിയെ തകര്‍ക്കാന്‍ വേണ്ടി വന്ന സര്‍ക്കാരല്ല ഇത്. ഒരു സര്‍ക്കാരിന്റെ എല്ലാ പദ്ധതിയും തകര്‍ക്കാന്‍ അടുത്ത സര്‍ക്കാര്‍ തീരുമാനിച്ചാല്‍ രാജ്യം എങ്ങനെ മുന്നോട്ട് പോകും. പദ്ധതികളില്‍ ആവശ്യമായ തിരുത്തല്‍ വരുത്തിയാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുക', കെ എം ഷാജി പറഞ്ഞു.

ഗ്രാമപഞ്ചായത്തുകളുടെ അധികാരം അവരില്‍ തിരിച്ചു എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ അജണ്ടയെന്നും സിപിഐഎം സമരങ്ങള്‍ സംഘടിപ്പിച്ചോട്ടെയെന്നും കെ എം ഷാജി പറഞ്ഞു. സമരം ചെയ്യുമോ എന്ന് നോക്കിയിട്ട് മെറിറ്റ് ഉള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ പദ്ധതികള്‍ അടിച്ചു തകര്‍ക്കാന്‍ വന്ന സര്‍ക്കാരല്ല ഇതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 'ഇത്ര വലിയ വിജയം നേടാന്‍ കാരണമായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തെ ഫലപ്രദമായി നടപ്പാക്കുകയാണ് ഞങ്ങളുടെ പദ്ധതി. മഴക്കാല പൂര്‍വ ശുചീകരണകാര്യത്തില്‍ നാളെ അടിയന്തിര ഓണ്‍ലൈന്‍ യോഗം വിളിച്ചിട്ടുണ്ട്', കെ എം ഷാജി പറഞ്ഞു.

ലൈഫ് പദ്ധതി പൊളിച്ചെഴുതാന്‍ തദ്ദേശവകുപ്പ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് കൈമാറാന്‍ നീക്കം നടത്തുന്നതായായിരുന്നു വിവരം. ഗ്രാമസഭകള്‍ വഴി പ്രൊപ്പോസല്‍ വരുന്ന രീതിയില്‍ പൊളിച്ചെഴുതുമെന്നായിരുന്നു സൂചന.

സംഭവം വിവാദമായതോടെ പ്രതികരിച്ച് മുന്‍ തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്തെങ്കിലും പുതിയ പദ്ധതി ആരംഭിക്കല്‍ അല്ല, അഞ്ച് ലക്ഷത്തോളം വീടുകള്‍ സാധ്യമാക്കിയ ഒരു പദ്ധതി അവസാനിപ്പിക്കല്‍ ആണ് യുഡിഎഫിന്റെ മുന്‍ഗണനയെന്ന് എം ബി രാജേഷ് വിമര്‍ശിച്ചിരുന്നു. ലൈഫ് വഴി വീടുകള്‍ ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന, മുന്‍ഗണനാ ക്രമത്തില്‍ അടുത്തത് തങ്ങളാണെന്നതിനാല്‍ വീടിനായി പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കണ്ണീര് വീഴ്ത്തിയാവും സര്‍ക്കാര്‍ ഭരണം തുടങ്ങുന്നത് തന്നെ. ഈ കണ്ണീരില്‍ തന്നെ യുഡിഎഫ് സര്‍ക്കാര്‍ കത്തിച്ചാമ്പലാവുമെന്നും എം ബി രാജേഷ് പറഞ്ഞിരുന്നു. ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും പ്രതികരിച്ചിരുന്നു.

Content Highlights: K M Shaji says UDF did not decided to cancel Life Mission

dot image
To advertise here,contact us
dot image