

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറെ നിയമിച്ചതില്‍ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും. പശ്ചിമ ബംഗാളിലേതിന് സമാന നിയമനമാണ് കേരളത്തില്‍ ഉണ്ടായതെന്നും അന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെയും എം വി ഗോവിന്ദന്‍ വിമര്‍ശനം ഉന്നയിച്ചു.
'ഭരണം നടത്തുന്നവരുടെ ചുമതലയാണെന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. കെ സി വേണുഗോപാലിന് കേരളത്തെപ്പറ്റി പറയാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസിന് അകത്തുതന്നെ പ്രശ്‌നങ്ങള്‍ ഉണ്ട്. ശക്തമായി ന്യായീകരിക്കാനോ എതിര്‍ക്കാനോ കോണ്‍ഗ്രസ് വരുന്നില്ല. മുഖ്യമന്ത്രി മാത്രം അറിഞ്ഞുള്ള തീരുമാനമാണ്. ഇരട്ടത്താപ്പ് നയമാണ് എടുക്കുന്നത്. പതിനായിര കണക്കിന് വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ അനുവാദം നല്‍കാത്ത കമ്മീഷന്റെ ഭാഗമാണ് ഖേല്‍ക്കര്‍. ഡീല്‍ അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കണം. എല്ലാം പുറത്തുവരും', എം വി ഗോവിന്ദന്‍ പറഞ്ഞു.
വി ഡി സതീശന്റെ മംഗളൂരു യാത്ര ഉന്നയിച്ച് ടി പി രാമകൃഷ്ണനും രംഗത്തെത്തി. ബിജെപിയുടെ ഉയര്‍ന്ന നേതാക്കളുമായുള്ള കൂടിയാലോചനകള്‍ക്കായാണ് പോയതെന്ന് ആക്ഷേപമുണ്ടെന്നും യുഡിഎഫു തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് തുടക്കം മുതല്‍ പ്രശ്‌നമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശന്റെ മംഗളൂരു യാത്രയെ കുറിച്ച് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വമോ ദേശീയ നേതൃത്വം ഇതുവരെ വിശദീകരിച്ചിട്ടില്ലെന്നും ഖേല്‍ക്കറുടെ നിയമനം അങ്ങേയറ്റം ദുരൂഹത നിറഞ്ഞതാണെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തന്‍ യു ഖേല്‍ക്കറെ നിയമിച്ചതില്‍ വലിയ വിവാദമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു ഉത്തരവില്‍ ബിജെപി സീല്‍ വന്നതടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. 2003 ബാച്ചിലെ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് രത്തന്‍ യു ഖേല്‍ക്കര്‍. കണ്ണൂര്‍ കളക്ടറായും കേരള മെഡിക്കല്‍ മിഷന്‍ ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. വി ഡി സതീശനാണ് രത്തന്‍ ഖേല്‍ക്കറിന്റെ പേര് സെക്രട്ടറിയായി നിര്‍ദേശിച്ചത്.
Content Highlights: M V Govindan and T P Ramakrishnan against VD Satheesan on Ratan Khelkar's appointment