

മലപ്പുറം: ലൈഫ് മിഷന്‍ പദ്ധതി പൊളിച്ചെഴുതുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജി. അത്തരത്തില്‍ ഒരു ആലോചനയും നടന്നിട്ടില്ല. വിഷയത്തില്‍ വിശദമായ പഠനം നടത്തേണ്ടതുണ്ട്. മന്ത്രിസഭായോഗം ചേര്‍ന്ന ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും കെ എം ഷാജി പറഞ്ഞു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ എം ഷാജി.
'വാര്‍ത്തയില്‍ ഒരു വാസ്തവവുമില്ല. അങ്ങനെ ഒരു ആലോചന നടന്നിട്ട് പോലുമില്ല. എങ്ങനെ അത്തരത്തിൽ ഒരു വാര്‍ത്ത ഉണ്ടായി എന്നതിനെ കുറിച്ച് അറിയില്ല. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പഠിച്ച ശേഷം അഭിപ്രായം പറയും. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം തിരിച്ച് നല്‍കും. കേള്‍ക്കുമ്പോഴേക്കും ലൈഫ് പദ്ധതി പൊളിക്കുക എന്നൊക്കെ പറയുന്നത് കടന്ന വര്‍ത്തമാനമാണ്' എന്നാണ് കെ എം ഷാജി പറഞ്ഞത്.
ലൈഫ് പദ്ധതി പൊളിച്ചെഴുതാന്‍ തദ്ദേശവകുപ്പ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് കൈമാറാന്‍ നീക്കം നടത്തുന്നതായായിരുന്നു വിവരം. ഗ്രാമസഭകള്‍ വഴി പ്രൊപ്പോസല്‍ വരുന്ന രീതിയില്‍ പൊളിച്ചെഴുതുമെന്നായിരുന്നു സൂചന.
സംഭവം വിവാദമായതോടെ പ്രതികരിച്ച് മുന്‍ തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്തെങ്കിലും പുതിയ പദ്ധതി ആരംഭിക്കല്‍ അല്ല, അഞ്ച് ലക്ഷത്തോളം വീടുകള്‍ സാധ്യമാക്കിയ ഒരു പദ്ധതി അവസാനിപ്പിക്കല്‍ ആണ് യുഡിഎഫിന്റെ മുന്‍ഗണനയെന്ന് എം ബി രാജേഷ് വിമര്‍ശിച്ചിരുന്നു. ലൈഫ് വഴി വീടുകള്‍ ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന, മുന്‍ഗണനാ ക്രമത്തില്‍ അടുത്തത് തങ്ങളാണെന്നതിനാല്‍ വീടിനായി പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കണ്ണീര് വീഴ്ത്തിയാവും സര്‍ക്കാര്‍ ഭരണം തുടങ്ങുന്നത് തന്നെ. ഈ കണ്ണീരില്‍ തന്നെ യുഡിഎഫ് സര്‍ക്കാര്‍ കത്തിച്ചാമ്പലാവുമെന്നും എം ബി രാജേഷ് പറഞ്ഞിരുന്നു. ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും പ്രതികരിച്ചിരുന്നു.
Content Highlights- KM Shaji rejected reports suggesting that the Life Mission housing scheme would be dismantled or rewritten.